കേരളത്തിലെ സിപിഎം പ്രവര്‍ത്തകരുടെ കണ്ണ് ചൂഴ്ന്നെടുക്കുമെന്നു സരോജ് പാണ്ഡെ

0
119

ന്യൂഡല്‍ഹി: കേരളത്തിലെ സിപിഎം പ്രവര്‍ത്തകരുടെ വീടുകളില്‍ കയറി അവരുടെ കണ്ണ് ചൂഴ്ന്നെടുക്കുമെന്നു ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ ലോക്‌സഭാ അംഗവുമായ സരോജ് പാണ്ഡെ.

സിപിഎം അക്രമം തുടരുകയാണെങ്കില്‍ ജനരക്ഷായാത്രയ്ക്ക് ശേഷം ബിജെപി പ്രവര്‍ത്തകര്‍ സിപിഎം പ്രവര്‍ത്തകരുടെ വീടുകളില്‍ കയറുമെന്നും അവരുടെ കണ്ണ് ചൂഴ്ന്നെടുക്കുമെന്നുമാണ് സരോജ് പാണ്ഡെ പറഞ്ഞത്. സരോജ് പാണ്ഡെയുടെ ഞെട്ടിക്കുന്ന പ്രസ്താവനയോട് സിപിഎമ്മോ, ബിജെപിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

കേരളവും മമത ഭരിക്കുന്ന ബംഗാളും നിര്‍ബന്ധമായും ജനാധിപത്യ രീതികള്‍ പിന്തുടരണമെന്നും സരോജ് പാണ്ഡെ ആവശ്യപ്പെട്ടു. കേന്ദ്രം ഭരിക്കുന്നത് ബിജെപി സര്‍ക്കാര്‍ ആണെന്ന് മറക്കരുതെന്നും ജനാധിപത്യലംഘനം തുടര്‍ന്നാല്‍ സര്‍ക്കാരുകളെ പിരിച്ചുവിടുമെന്നും സരോജ് പാണ്ഡെ ഭീഷണി മുഴക്കി.

കേരളത്തിലെ സിപിഎം അതിക്രമങ്ങള്‍ക്കെതിരെ കുമ്മനം രാജശേഖരന്‍ നയിക്കുന്ന യാത്ര ഉദ്ഘാടനം ചെയ്ടത് അമിത് ഷാ ആണെന്നും പ്രത്യേക ഉദ്ദേശ്യത്തോടെയാണ് അമിത് ഷാ യാത്ര ഉദ്ഘാടനം ചെയ്യാന്‍ എത്തിയതും യാത്രയ്ക്കൊപ്പം നടന്നതെന്നും സരോജ് പാണ്ഡെ പറഞ്ഞു.

യാത്രയ്ക്ക് ശേഷം സിപിഎം അക്രമം തുടരുകയാണെങ്കില്‍ ബിജെപി പ്രവര്‍ത്തകര്‍ സിപിഎം പ്രവര്‍ത്തകരുടെ വീടുകളില്‍ കയറി അവരുടെ കണ്ണുകള്‍ ചൂഴ്ന്നെടുക്കുമെന്നും പാണ്ഡെ ആവര്‍ത്തിച്ചു പറഞ്ഞു.

ബിജെപി ജനാധിപത്യത്തില്‍ വിശ്വസിക്കുന്നു. പക്ഷെ കേരളത്തില്‍ സിപിഎം ജനാധിപത്യം കശാപ്പ് ചെയ്യുന്നു. ഇത് തുടരുകയാണെങ്കില്‍ കേരള സര്‍ക്കാരിനെ പിരിച്ചു വിടാന്‍ കേന്ദ്രം മടിക്കുകയില്ലെന്നും സരോജ് പാണ്ഡെ പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയാണ് ബിജെപി. 11 കോടി അണികള്‍ ഉള്ള പാര്‍ട്ടിയാണിത്‌. ഈ പാര്‍ട്ടിയുടെ മുന്നൂറില്‍ അധികം പ്രവര്‍ത്തകര്‍ കേരളത്തില്‍ കൊല്ലപ്പെട്ടിരിക്കുന്നു. 20 വയസിനും 25 വയസിനും ഇടയില്‍ ഉള്ളവരാണിവര്‍. പക്ഷെ അക്രമം തുടര്‍ന്നാല്‍ കേരള സര്‍ക്കാരിനെ പിരിച്ചു വിടാന്‍ കേന്ദ്ര സര്‍ക്കാര്‍ മടിക്കുകയില്ല-സരോജ് പാണ്ഡെ പറഞ്ഞു.