ന്യൂഡല്‍ഹി; അണ്ടര്‍ 17 ലോകകപ്പിലെ ആദ്യ പ്രീക്വാര്‍ട്ടറില്‍ തകര്‍പ്പന്‍ വിജയവുമായി ജര്‍മ്മനി. കൊളംബിയയെ നാലുഗോളുകള്‍ക്ക് മുട്ടുകുത്തിച്ചാണ് ക്വാര്‍ട്ടറിലേക്കുള്ള ജര്‍മനിയുടെ പ്രവേശനം. യാന്‍ ഫീറ്റ് ആര്‍പ്പ് , യാന്‍ ബെസിക് , ജോണ്‍ യെബോ എന്നിവരാണ് ജര്‍മനിക്ക് വേണ്ടി വല ചലിപ്പിച്ചത്.
കൊളംബിയന്‍ പ്രതിരോധത്തിന്റെ പാളിച്ചകള്‍ മുതലെടുത്താണ് ജര്‍മനി വിജയം കൈപ്പിടിയിലൊതുക്കിയത്. മത്സരത്തിന്റെ ഏഴാം മിനിറ്റില്‍തന്നെ ജര്‍മനി ആദ്യ ലീഡെടുത്തു. ജര്‍മന്‍ മുന്നേറ്റം തടഞ്ഞ കൊളംബിയന്‍ ഗോളി കെവിന് മിയറിനു പന്ത് കൈക്കുള്ളിലാക്കാന്‍ കഴിയാത്തതാണു കൊളംബിയക്കു വിനയായത്. ഗോളിയുടെ കൈയില്‍നിന്നും വിട്ടുപോയ പന്ത് തട്ടിയെടുത്ത ജര്‍മന്‍ ക്യാപ്റ്റന്‍ യാന്‍ ഫീറ്റ് ആര്‍പ്പിന്റെ വകയായിരുന്നു ആദ്യ ഗോള്‍.
പിന്നാലെ കൊളംബിയ നടത്തിയ രണ്ട് മുന്നേറ്റങ്ങള്‍ ലക്ഷ്യം കണ്ടില്ല. ആദ്യ പകുതിയില്‍ ജര്‍മന്‍ താരങ്ങള്‍ നടത്തിയ ഗോള്‍ ശ്രമങ്ങള്‍ കൊളംബിയന്‍ ഗോളിയുടെ മികവുകൊണ്ടും നഷ്ടമായി. 39ാം മിനിറ്റില്‍ യാന്‍ ബെസിക് തകര്‍പ്പന്‍ ഹെഡറിലൂടെ ജര്‍മനിയുടെ രണ്ടാം ഗോള്‍ നേടി. കോര്‍ണറിലൂടെ ഷാര്വെദി സെറ്റിന് ഉയര്‍ത്തി നല്കിയ പന്തിനെ ബെസിക് പോസ്റ്റിലേക്കു ഹെഡ് ചെയ്യുകയായിരുന്നു.
ജര്‍മന്‍ ക്യാപ്റ്റന്‍ നല്കിയ പാസില്‍ മൂന്നാം ഗോള്‍ പിറന്നു. ജോണ്‍ യെബോയായിരുന്നു ഷോട്ട് വലയ്ക്കുള്ളിലാക്കിയത്. 65-ാം മിനിറ്റില്‍ ജര്‍മനി വീണ്ടും ഗോള്‍ നേടി. ക്യാപ്റ്റന്‍ യാന്‍ ഫീറ്റ് ആര്‍പിന്റെ വലംകാല് ഷോട്ട് ജര്‍മനിയുടെ ലീഡ് നാലായി ഉയര്‍ത്തി.
ഈ ജയത്തോടെ ക്വാര്‍ട്ടറില്‍ കടന്ന ജര്‍മനിയുടെ അടുത്ത എതിരാളികള്‍ ബ്രസീലോ ഹോണ്ടുറാസോ ആയിരിക്കും.