കോണ്‍ഗ്രസുമായി യോജിക്കേണ്ടെന്ന് കേന്ദ്രകമ്മിറ്റി; വോട്ടെടുപ്പില്ലാതെ യെച്ചൂരിയെ തള്ളി

0
171

ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായി യോജിക്കേണ്ടെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയില്‍ തീരുമാനം. വോട്ടെടുപ്പില്ലാതെ ഐകകണ്‌ഠേനയാണ് തീരുമാനം. പ്രകാശ് കാരാട്ട് പക്ഷത്തിനു പൂര്‍ണ വിജയം നല്‍കുന്ന തീരുമാനമാണിത്.

ബിജെപിക്കെതിരായി രൂപവത്ക്കരിക്കാന്‍ സിപിഎം ഉദ്ദേശിക്കുന്ന അഖിലേന്ത്യാ സഖ്യത്തില്‍
കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്തേണ്ടതില്ലാ എന്നാണ് കേന്ദ്രകമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. കോണ്‍ഗ്രസുമായി സംസ്ഥാനങ്ങളിലും കൂട്ടുകെട്ട് ഉണ്ടാകില്ല.

സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയുടെയും ബംഗാള്‍ ഘടകത്തിന്റെയും പൊളിറ്റിക്കല്‍ ലൈന്‍ ആണ് കേന്ദ്രകമ്മിറ്റി തള്ളിക്കളഞ്ഞത്. സിപിഎമ്മിന്റെ ഉള്‍പ്പാര്‍ട്ടി ചര്‍ച്ചകളില്‍ വന്‍ വിവാദത്തിനു ഈ സംഭവം വഴിവെച്ചേക്കും.

അടുത്ത സിസിയില്‍ ഈ ആവശ്യം വീണ്ടും ഉന്നയിക്കാനാണ് യെച്ചൂരിയുടെയും ബംഗാള്‍ ഘടകത്തിന്റെയും തീരുമാനം. സിപിഎം ജനറല്‍ സെക്രട്ടറിയുടെ പൊളിറ്റിക്കല്‍ ലൈന്‍ സിപിഎം കേന്ദ്രകമ്മറ്റി വോട്ടെടുപ്പ് പോലുമില്ലാതെ തള്ളിക്കളഞ്ഞിരിക്കുകയാണ്‌.

കോണ്‍ഗ്രസുമായി കൈകോര്‍ക്കേണ്ട കാര്യത്തില്‍ പ്രകാശ് കാരാട്ട് പക്ഷം ശക്തമായ എതിര്‍പ്പ് ഉയര്‍ത്തിയതിനാല്‍ സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ ഈ പ്രശ്നം വോട്ടെടുപ്പിലേക്ക് നീങ്ങും എന്ന സൂചനകള്‍ രാവിലെ ശക്തമായിരുന്നു.

എന്നാല്‍ സിപിഎം കേന്ദ്രകമ്മറ്റിയില്‍ ഭൂരിപക്ഷവും ഈ ലൈനിനു എതിരായതിനാല്‍ വോട്ടെടുപ്പ് പോലും വേണ്ടെന്നു സിസി തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ സഹകരണം പൂര്‍ണമായും തള്ളരുതെന്നാണ് ബംഗാള്‍ നേതാക്കള്‍ ആവശ്യപ്പെട്ടത്. ശനിയാഴ്ച തുടങ്ങിയ കേന്ദ്രകമ്മിറ്റിയില്‍ സംസാരിച്ച അംഗങ്ങളില്‍ പകുതിയിലധികം പേരും പ്രകാശ് കാരാട്ടിന്റെ നിലപാടിനെയാണ് പിന്തുണച്ചത്.

കേരളത്തില്‍ നിന്ന് കേന്ദ്ര കമ്മിറ്റിയില്‍ സംസാരിച്ചവരില്‍ വിഎസ് അച്യുതാനന്ദനും തോമസ് ഐസക്കും ഒഴികെയുള്ളവര്‍ കാരാട്ടിന്റെ നിലപാടിനെയാണ് പിന്തുണച്ചത്. കോണ്‍ഗ്രസ് സഖ്യത്തില്‍ നിലപാട് മാറ്റം വേണ്ടെന്നാണ് കേരളഘടകത്തിന്റെ നിലപാട്. ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് പാര്‍ട്ടി കോണ്‍ഗ്രസാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു.