ഗുജറാത്തില്‍ ശക്തമായ വാഗ്ദാനപ്പെരുമഴയ്ക്ക് സാധ്യതയെന്ന് രാഹുല്‍ ഗാന്ധി

0
43

ന്യൂഡല്‍ഹി: ഗുജറാത്തിലെ കാലാവസ്ഥാ പ്രവചനം നടത്തി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗുജറാത്തില്‍ ഇന്ന് ശക്തമായ വാഗ്ദാനപ്പെരുമഴയ്ക്ക് സാധ്യത എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചത്.

ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനായി കാത്തിരിക്കുമ്പോള്‍ സംസ്ഥാനത്തിന് 12,500 കോടി രൂപയുടെ പദ്ധതിപ്രഖ്യാപനം വരുന്നു എന്ന മാധ്യമവാര്‍ത്തയും ട്വീറ്റിനോടൊപ്പം രാഹുല്‍ ചേര്‍ത്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് മോദി ഇന്ന് ഗുജറാത്തിലെ ജനങ്ങള്‍ക്കായി മോഹനവാഗ്ദാനങ്ങള്‍ നല്‍കുമെന്ന് വിലയിരുത്തപ്പെടുന്ന സാഹചര്യത്തിലാണ് രാഹുലിന്റെ പരിഹാസം.

അഹമ്മദാബാദില്‍ ഇന്ന് ഏഴ് ലക്ഷത്തോളം വരുന്ന പാര്‍ട്ടിപ്രവര്‍ത്തകരെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്ത് സംസാരിക്കും. ബിജെപി അധ്യക്ഷന്‍ അമിത് ഷായും റാലിയില്‍ പങ്കെടുക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാത്തതിനാല്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്നിട്ടില്ല. അതിനാല്‍ മോദി നിരവധി പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

ഹിമാചല്‍ പ്രദേശിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടും തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഗുജറാത്തിനെ ഒഴിവാക്കിയത് മോദിയുടെ ഗുജറാത്ത് സന്ദര്‍ശനം മുന്‍നിര്‍ത്തിയാണെന്ന് രാഹുല്‍ ആരോപിച്ചിരുന്നു.