ജനങ്ങളുടെ ശക്തി സര്‍ക്കാരിന് മറുപടി നല്‍കുമെന്ന് യശ്വന്ത് സിന്‍ഹ

0
39

മുംബൈ: സാമ്പത്തിക നയങ്ങളുടെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് മുതിര്‍ന്ന ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ. ജനങ്ങളുടെ ശക്തി സര്‍ക്കാരിന് മറുപടി നല്‍കുമെന്നാണ് യശ്വന്ത് സിന്‍ഹ പറഞ്ഞത്. വിദര്‍ഭയിലെ അകോളയില്‍ കര്‍ഷകരുടെ എന്‍ജിഒ ആയ ഷെത്കാരി ജഗാര്‍ മഞ്ച് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിഎസ്ടി നടപ്പാക്കിയതിലെ തിടുക്കം, നോട്ട് അസാധുവാക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ പരാമര്‍ശിക്കവേയാണ് ജനങ്ങള്‍ ഇതിനെല്ലാം മറുപടി നല്‍കുമെന്ന തരത്തില്‍ സിന്‍ഹ പരാമര്‍ശം നടത്തിയത്.

സോഷ്യലിസ്റ്റ് നേതാവ് പ്രകാശ് നാരായണ്‍ നയിച്ച ലോക് ശക്തി പ്രക്ഷോഭം പരോക്ഷമായി പരാമര്‍ശിച്ചായിരുന്നു സിന്‍ഹയുടെ വിമര്‍ശം. ഇവിടെനിന്ന് ജനമുന്നേറ്റം ആരംഭിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നാമിപ്പോള്‍ സാമ്പത്തിക മാന്ദ്യത്തെ അഭിമുഖീകരിക്കുകയാണ്. എല്ലാം കണക്കുകളാണ്. അതിനെ എങ്ങനെ വേണമെങ്കിലും കണക്കുകള്‍ ഉപയോഗിച്ച് നമുക്ക് വ്യാഖ്യാനിക്കാം- അദ്ദേഹം പറഞ്ഞു.

നമ്മുടെ പ്രധാനമന്ത്രി അടുത്തിടെ മണിക്കൂറുകള്‍ നീണ്ട പ്രസംഗത്തിലൂടെ കണക്കുകള്‍ നിരത്തി ഇന്ത്യയുടെ പുരോഗതിയെക്കുറിച്ച് വിശദീകരിച്ചു. നിരവധി കാറുകളും ബൈക്കുകളും വിറ്റുപോയി എന്ന് പറഞ്ഞാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.ഇതൊക്കെ വിറ്റതിന്റെ കണക്കുകളായിരുന്നു. പക്ഷെ ഉദ്പാദനത്തിന്റെ കണക്കുകള്‍ ഉണ്ടായിരുന്നോയെന്നും ഇതിനര്‍ഥം രാജ്യം പുരോഗമിക്കുന്നുവെന്നാണോ എന്നും അദ്ദേഹം ചോദിച്ചു. പരാജയപ്പെട്ട നയത്തെപ്പറ്റി എന്തിന് സംസാരിക്കണം. അതുകൊണ്ട് നോട്ട് അസാധുവാക്കലിനെക്കുറിച്ച് താന്‍ സംസാരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

തന്റെ നാടായ ജാര്‍ഖണ്ഡില്‍ കര്‍ഷക ആത്മഹത്യകള്‍ ഇല്ലാതിരുന്നു.എന്നാല്‍ രാജ്യത്തെല്ലായിടത്തുമെന്നതുപോലെ അവിടെയും ഇപ്പോള്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു. ഇതിന്റെ കാരണം തനിക്കറിയില്ലെന്നും സിന്‍ഹ കൂട്ടിച്ചേര്‍ത്തു.