ജിഷ്ണു കേസില്‍ ഉദയഭാനുവിനെ പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് പൊലീസ്

0
49

തിരുവനന്തപുരം: നെഹ്റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണം സംബന്ധിച്ച കേസില്‍ സ്പെഷല്‍ പ്രേസിക്യൂട്ടര്‍ സ്ഥാനത്ത്നിന്ന് അഡ്വക്കറ്റ് സിപി ഉദയഭാനുവിനെ മാറ്റണമെന്ന് പോലീസ്. ചാലക്കുടിയിലെ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവ് വധക്കേസില്‍ ഉദയഭാനു പ്രതിയായതിനെ തുടര്‍ന്നാണ് നടപടി. ഉദയഭാനുവിനെ ഈ കേസില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് പോലീസ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി.

ജിഷ്ണുവിന്റെ വീട്ടുകാരുടെ നിരന്തര ആവശ്യത്തെ തുടര്‍ന്നാണ് ഉദയഭാനുവിനെ കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറാക്കിയത്. ചാലക്കുടി രാജീവ് വധക്കേസില്‍ ഉദയഭാനുവിനെതിരെ പോലീസ് കൊലക്കുറ്റം ചുമത്തിയിരുന്നു. പ്രതിപ്പട്ടികയില്‍ ഉദയഭാനു ഏഴാം പ്രതിയാണ്. ഹൈക്കോടതിയുടെ അനുമതി വാങ്ങി അഭിഭാഷകനെ ചോദ്യം ചെയ്യാമെന്നും ഹൈക്കോടതി അറിയിച്ചതിനാലാണ് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് പോലീസ് സര്‍ക്കാരിനോട് നിര്‍ദേശിച്ചത്.

ജനുവരി ആറിനാണ് പാമ്പാടി നെഹ്റു കോളജ് വിദ്യാര്‍ത്ഥിയും കോഴിക്കോട് നാദാപുരം സ്വദേശിയുമായ ജിഷ്ണു പ്രണോയിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മാനേജ്‌മെന്റിന്റെ പീഡനങ്ങളെ തുടര്‍ന്നാണ് ജിഷ്ണു ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം. സംഭവ ദിവസം അധ്യാപകര്‍ ജിഷ്ണുവിനെ മര്‍ദ്ദിച്ചിരുന്നെന്നും ആരോപമുണ്ട്. എന്നാല്‍ കോപ്പിയടി പിടികൂടിയതിനെ തുടര്‍ന്നാണ് ജിഷ്ണു ആത്മഹത്യ ചെയ്തതെന്നാണ് മാനേജ്‌മെന്റിന്റെ വിശദീകരണം.