ന്യൂഡല്‍ഹി: ഡല്‍ഹി സെക്രട്ടറിയേറ്റിലെ 90 ശതമാനം ഐഎഎസ് ഉദ്യോഗസ്ഥരും പണിയെടുക്കുന്നില്ലെന്ന രൂക്ഷ വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. ഡല്‍ഹിയുടെ വികസനം സെക്രട്ടറിയേറ്റില്‍ തടസപ്പെട്ടിരിക്കുകയാണെന്നും കേജരിവാള്‍ കുറ്റപ്പെടുത്തി. ഉൗര്‍ജ വകുപ്പ് സംഘടിപ്പിച്ച ഒരു ചടങ്ങില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
90 ശതമാനം ഐഎഎസ് ഉദ്യോഗസ്ഥരും പണിയെടുക്കുന്നില്ലന്നും അവര്‍ ഫയലുകള്‍ പിടിച്ചുവയ്ക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ന്യൂഡല്‍ഹി മുനിസിപ്പല്‍ കോര്പറേഷന് ചെയര്‍മാനെന്ന നിലയില്‍ കരാര്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്താനുള്ള തന്റെ നീക്കത്തെ എതിര്‍ക്കുന്ന ഉദ്യോഗസ്ഥരുടെ നടപടി ചൂണ്ടിക്കാട്ടിയാണ് ഇക്കാര്യം പറഞ്ഞത്.
കരാര്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്താനുള്ള ശ്രമത്തെ എതിര്‍ക്കുന്ന ഉദ്യോഗസ്ഥര്‍ ഉയര്‍ത്തുന്ന വാദം, സ്ഥിരപ്പെടുത്തിയാല്‍ കരാര്‍ തൊഴിലാളികള്‍ പണിയെടുക്കില്ല എന്നാണ്. അങ്ങനെയെങ്കില്‍ 90 ശതമാനം ഐഎഎസ് ഉദ്യോഗസ്ഥരും പണിയെടുക്കുന്നില്ല എന്നാണു താന്‍ മനസിലാക്കുന്നതെന്നും കേജരിവാള്‍ പറഞ്ഞു.