തള്ളന്താനത്തിന് വിരുന്നൊരുക്കുകയും അമിട്ട് ഷാജിക്ക് വഴിയൊരുക്കുകയും ചെയ്യുന്നവരുടെ പിന്തുണ വേണ്ടെന്ന് ബല്‍റാം

0
77

തിരുവനന്തപുരം: കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന സി.പി.എം പോളിറ്റ് ബ്യൂറോ തീരുമാനത്തിനെതിരെ പരിഹാസവുമായി വി ടി ബല്‍റാമിന്റെ പോസ്റ്റ് . ദേശീയതലത്തില്‍ മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസുമായി അടവു നയത്തില്‍ അധിഷ്ഠിതമായ സഹകരണം വേണമെന്ന സി.പി.എം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരിയുടെയും ബംഗാള്‍ ഘടകത്തിന്റെയും ആവശ്യം കേന്ദ്രകമ്മറ്റി തള്ളിയിരുന്നു. ഇതാണ് ബല്‍റാമിന്റെ വിമര്‍ശനത്തിന് ആധാരമായത്

ഓ.. വല്ല്യ കാര്യായിപ്പോയി എന്നു തുടങ്ങുന്ന വിമര്‍ശനത്തില്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന് വിരുന്നു നല്കിയതും അമിത് ഷായ്ക്ക് ജാഥനടത്താന്‍ സൗകര്യം ഒരുക്കിക്കൊടുത്തതും ആര്‍ എസ് എസിനെ പിന്തുണയ്ക്കുന്നതു കൊണ്ടാണെന്നു കുറ്റപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെയുള്ള സഖാക്കളുടെ പിന്തുണ കൊണ്ടല്ല ഇന്ത്യയിലെ മതനിരപേക്ഷ പ്രസ്ഥാനം രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ മുന്നോട്ടുപോകാന്‍ ഉദ്ദേശിച്ചിരിക്കുന്നതെന്നും ബല്‍റാം പറയുന്നു.

‘കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ഏത് ചെകുത്താനുമായും കൂട്ടുകൂടും’ എന്ന ഇഎംഎസിന്റെ മുദ്രാവാക്യം തന്നെയാണ് സിപിഎം ഇപ്പോഴും നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്നും ബല്‍റാം കുറിക്കുന്നു

പോസ്റ്റിന്റെ പൂര്‍ണരൂപം

ഓ.. വല്ല്യ കാര്യായിപ്പോയി.

അല്ലെങ്കിലും തള്ളന്താനങ്ങള്‍ക്ക് വിരുന്ന് നല്‍കിയും അമിട്ട് ഷാജിമാര്‍ക്ക് വഴിയൊരുക്കിയും നടക്കുന്ന സംഘാക്കളുടെ പിന്തുണയാലല്ല ഇന്ത്യയിലെ മതനിരപേക്ഷ പ്രസ്ഥാനം രാഹുല്‍ ഗാന്ധിയുടെ നേതൃത്ത്വത്തില്‍ മുന്നോട്ടുപോകാന്‍ ഉദ്ദേശിച്ചിരിക്കുന്നത്. ‘കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ഏത് ചെകുത്താനുമായും കൂട്ടുകൂടും’ എന്ന ഇഎംഎസിന്റെ മുദ്രാവാക്യം എത്രയോ തവണ പ്രാവര്‍ത്തികമാക്കിയവര്‍ ഇനിയും ചെകുത്താന്മാരെത്തന്നെ തലയിലേറ്റി നടന്നാല്‍ മതി. ഇടക്കിടക്ക് ആളെ പറ്റിക്കാന്‍ ഇന്ദ്രനും ചന്ദ്രനും ബ്രണ്ണന്‍ കോളേജുമൊക്കെപ്പറഞ്ഞുള്ള പഞ്ച് ഡയലോഗ് അടിച്ചാല്‍ മതി. ഇപ്പോഴുള്ളപോലെ കുറേ അന്തംകമ്മികള്‍ കൂടെ നിന്നോളും.