കണ്ണന്താനം, താങ്കള്‍ ജീവിക്കുന്നത് ഇന്ത്യയിലല്ലേ?

0
103

കെ.ശ്രീജിത്ത്

അല്‍ഫോണ്‍സ് കണ്ണന്താനത്തിന് കേന്ദ്രമന്ത്രിയായതിന്റെ ഹാങ് ഓവര്‍ ഇനിയും തീര്‍ന്നിട്ടില്ലെന്ന് തോന്നുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന് നരേന്ദ്ര മോദിയെ വാഴ്ത്തി മതിവരാത്തത്.

കണ്ണന്താനം, മോദിയുടെ സ്വപ്‌നങ്ങളെക്കുറിച്ച് വാതോരാതെ സംസാരിക്കാന്‍ താങ്കള്‍ക്ക് തീര്‍ച്ചയായും അവകാശമുണ്ട്. പക്ഷെ ഇതിലേറെ സ്വപ്‌നങ്ങളുണ്ടായിരുന്ന ഒരു കുഞ്ഞുമനുഷ്യനുണ്ടായിരുന്നു ഇന്ത്യയില്‍. അദ്ദേഹത്തിന്റെ പേര് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്നായിരുന്നു. വിഭാഗീയതയില്ലാത്ത, മതത്തിന്റെയും ജാതിയുടെയും പേരില്‍ കലഹിക്കാത്ത, പരസ്പരം വെട്ടിമുറിക്കാത്ത ജനതയെയാണ് അദ്ദേഹം ഇന്ത്യയിലൂടെ സ്വപ്‌നം കണ്ടത്. അദ്ദേഹത്തെ സംബന്ധിച്ച് ഇന്ത്യ വേലികള്‍ കൊണ്ട് അതിരുകളിട്ട ഒരു രാജ്യമായിരുന്നില്ല, പകരം ഒരു ആശയമായിരുന്നു. ഇന്ത്യയുടെ വൈവിധ്യത്തെക്കുറിച്ചാണ് അദ്ദേഹം വാതോരാതെ സംസാരിച്ചിരുന്നത്. അത് ബഹുസ്വരതയെക്കുറിച്ചായിരുന്നു. അല്ലാതെ അസഹിഷ്ണുതയും ഏകസ്വരതയും ഏകാധിപത്യവുമായിരുന്നില്ല. വിവിധ ജാതി-മത വിഭാഗങ്ങള്‍ ഏകോദര സാഹോദര്യത്തോടെ ജീവിക്കുന്ന, ദളിതുകളുടെ ഉന്നമനം സാധ്യമാകുന്ന ഒരു ആശയമായിരുന്നു അദ്ദേഹത്തെ സംബന്ധിച്ച് ഇന്ത്യ. ദളിതുകളെ മരത്തില്‍ കെട്ടിയിട്ട് ചാട്ടവാര്‍ കൊണ്ട് അടിക്കുന്ന, ഇഷ്ടപ്പെട്ട ഭക്ഷണം കഴിച്ചതിന് മനുഷ്യരെ തല്ലിക്കൊല്ലുന്ന ഒരു രാജ്യമായിരുന്നില്ല അദ്ദേഹത്തിന്റെ സ്വപ്നം. നിര്‍ഭാഗ്യവശാല്‍ മോദിയുടെ ഇന്ത്യ അതാണ്. തീര്‍ച്ചയായും ആ മോദിയുടെ സ്വപ്‌നങ്ങളെക്കുറിച്ച് അങ്ങേയ്ക്ക് വാതോരാതെ സംസാരിക്കാം. തടസമില്ല.

സ്വന്തം കുഞ്ഞ് മരിച്ചാല്‍ മൃതദേഹം കൊണ്ടുപോകാന്‍ പണമില്ലാത്തതിനാല്‍ ആംബുലന്‍സ് ലഭിക്കാതെ കിലോമീറ്ററുകളോളം അത് പായയില്‍ കെട്ടിപൊതിഞ്ഞ്‌ തലച്ചുമടായി കൊണ്ടുപോകേണ്ടിവരുന്ന, ആസ്പത്രികളില്‍ ഓക്‌സിജന്‍ കിട്ടാതെ കുരുന്നുകളെ മരണത്തിന് വലിച്ചെറിഞ്ഞുകൊടുക്കുന്ന, എന്ത് തെമ്മാടിത്തരവും കാണിക്കാന്‍ ലൈസന്‍സുള്ള യോഗിമാരുടെയും സ്വാമിമാരുടെയും ഇന്ത്യയാണ് മോദിയുടെ ഇന്ത്യ. ഈ രാജ്യത്ത് ഹിന്ദുക്കള്‍ മാത്രം, അതില്‍ത്തന്നെ സവര്‍ണര്‍ മാത്രം ജീവിച്ചാല്‍ മതിയെന്നും ബാക്കിയുള്ളവരെ ഒരു ബസ് ഏര്‍പ്പാടാക്കി പാകിസ്താനിലേയ്ക്ക് പറഞ്ഞയയ്ക്കാമെന്നും കരുതുന്ന ഒരു ഭരണകൂടത്തിന് നേതൃത്വം നല്‍കുന്ന മനുഷ്യന്റെ സ്വപ്‌നങ്ങളെ ഇനിയും പ്രകീര്‍ത്തിക്കാന്‍ കണ്ണന്താനം, താങ്കള്‍ക്ക് അവകാശമുണ്ട്.

നേരത്തെ പറഞ്ഞ കുഞ്ഞുമനുഷ്യനെ വധിച്ച നാഥുറാം ഗോഡ്‌സെയുടെ പ്രതിമകള്‍ മുക്കിലും മൂലയിലും നിര്‍മിച്ച് അതില്‍ പൂജ നടത്തുമെന്ന് പ്രഖ്യാപിച്ച, ഗാന്ധിയല്ല ഗോഡ്‌സെയാണ് പ്രധാനമെന്ന് പറഞ്ഞുനടക്കുന്ന ഒരു സംഘത്തിന്റെ നേതാവാണ് കണ്ണന്താനം താങ്കളുടെ സ്വപ്‌ന മനുഷ്യന്‍. തീര്‍ച്ചയായും താങ്കള്‍ക്ക് അദ്ദേഹത്തെ ആരാധിക്കാനും പൂജിക്കാനുമുള്ള എല്ലാ അവകാശവും ‘നാനാത്വത്തില്‍ ഏകത്വം’ എന്ന ആശയത്തില്‍ വിശ്വസിക്കുന്ന ഈ രാജ്യത്തുണ്ട്.

പെട്രോളിന്റെയും പാചക വാതകത്തിന്റെയും വില ഇപ്പോള്‍ കുറയ്ക്കുമെന്ന് വ്യാജവാഗ്ദാനം നല്‍കി അധികാരത്തിലേറി നാള്‍ക്കുനാള്‍ എണ്ണവില ഉയര്‍ത്താന്‍ കോര്‍പ്പറേറ്റ് മുതലാളിമാര്‍ക്ക് നിര്‍ലോഭം പിന്തുണ നല്‍കിയ ഭരണകര്‍ത്താവാണ് മോദി. എണ്ണവില കൂടിയാല്‍ ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ സകല സാധനങ്ങള്‍ക്കും വില കൂടുമെന്ന് അറിയാത്ത നേതാവല്ല കണ്ണന്താനം താങ്കള്‍. എന്നിട്ടും ലോകത്ത് ഏറ്റവും കുറവ് വില വര്‍ദ്ധനവുള്ള രാജ്യമാണ് ഇന്ത്യയെന്ന് പറഞ്ഞ് ഇതിനെയെല്ലാം ന്യായീകരിക്കാന്‍ അങ്ങേയ്ക്ക് മന:സാക്ഷിക്കുത്ത് തോന്നാത്തത് മോദിയോടുള്ള ആരാധന കൊണ്ടായിരിക്കും. തീര്‍ച്ചയായും അതിനും താങ്കള്‍ക്ക് അവകാശമുണ്ട്.

കള്ളപ്പണം തടയാനെന്ന പേരില്‍ നോട്ട് നിരോധനം ഏകപക്ഷീയമായി നടപ്പിലാക്കി രാജ്യത്തെ സാമ്പത്തികമാന്ദ്യത്തിന്റെ പടുകുഴിയില്‍ തള്ളിയിട്ട, നോട്ട് നിരോധനം നടപ്പിലാക്കിയാല്‍ സാമ്പത്തികവ്യവസ്ഥ തകര്‍ന്ന് തരിപ്പണമാകുമെന്നുപറഞ്ഞ സകലരെയും വായില്‍തോന്നുന്ന ചീത്തയെല്ലാം വിളിച്ചുപറഞ്ഞ നേതാക്കളുടെ നേതാവാണ് നരേന്ദ്ര മോദി. ഇതാണ് അദ്ദേഹത്തിന്റെ സ്വപ്‌നങ്ങളെങ്കില്‍ തീര്‍ച്ചയായും അങ്ങ് അദ്ദേഹത്തെ ആരാധിക്കുക തന്നെ വേണം. അതിനുള്ള അവകാശം ബഹുസ്വരതയുടേയും സഹിഷ്ണുതയുടെയും നാടായ ഇന്ത്യ താങ്കള്‍ക്ക് തരുന്നുണ്ട് കണ്ണന്താനം.

ചാക്കുകണക്കിന് പണമിറക്കി പത്തും പതിനഞ്ചും കോടി രൂപ ഓരോ ജനപ്രതിനിധിക്കും നല്‍കി അധികാരം പിടിച്ചെടുക്കുന്ന, അതിലൂടെ ഉന്നതമായ ധാര്‍മിക മൂല്യങ്ങള്‍ ചോര്‍ന്നുപോകാതെ സൂക്ഷിക്കുന്ന അനവധി നേതാക്കളുടെ നേതാവായ മോദിയെ പൂവിട്ട് പൂജിക്കാന്‍ എല്ലാ സ്വാതന്ത്ര്യവും ഈ മഹാരാജ്യത്തിന്റെ ഭരണഘടന അങ്ങേയ്ക്ക് നല്‍കുന്നുണ്ട് കണ്ണന്താനം. അതേപോലെ ചാക്കുകണക്കിന് പണം കോഴ വാങ്ങി ജനസേവനം നടത്തുന്ന ‘പൊതു’പ്രവര്‍ത്തകരുടെ കണ്ണിലുണ്ണിയായ നേതാവിനെ അങ്ങേയ്ക്ക് യഥേഷ്ടം ആരാധിക്കാം, പൂജിക്കാം. അതിനൊന്നും യാതൊരു തടസവുമില്ല കണ്ണന്താനം.

ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ധാബോല്‍ക്കര്‍, എസ്.എസ്.കല്‍ബുര്‍ഗി, ഗൗരി ലങ്കേഷ് തുടങ്ങി എതിരഭിപ്രായം പറയുന്നവരെയും സംഘപരിവാര്‍ അജണ്ടകളെ വിമര്‍ശിക്കുന്നവരെയും കൊന്നുതള്ളാന്‍ ധാരാളം സാധ്യത നല്‍കുന്ന രാജ്യമാണ് മോദിയുടെ ഇന്ത്യ. ഗോരക്ഷയുടെ പേരില്‍ ദളിതരെയും മുസ്ലിങ്ങളെയും ഇല്ലാതാക്കാന്‍ ധാരാളം സാധ്യത നല്‍കുന്ന രാജ്യവും ഇതേ മോദിയുടെ ഇന്ത്യ തന്നെയാണ്. അപ്പോള്‍ തീര്‍ച്ചയായും അങ്ങേയ്ക്ക് മോദിയുടെ സ്വപ്‌നങ്ങളെക്കുറിച്ച് വാതോരാതെ സംസാരിക്കാന്‍ അവകാശമുണ്ട് കണ്ണന്താനം.

എന്തിന് ഇങ്ങ് തെക്ക് ഈ എന്റെയും നിങ്ങളുടെയും നാടായ കേരളത്തില്‍ ഓണാഘോഷം മഹാബലിയുടേതല്ല, മറിച്ച് വാമനന്റേതാണെന്നും അത് വാമനജയന്തിയാണെന്നും വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്ന മഹാമനീഷികളുടെ ഒരേയൊരു നേതാവാണ് അങ്ങയുടെ സ്വപ്‌നാടകന്‍. തീര്‍ച്ചയായും അദ്ദേഹത്തിന്റെ സ്വപ്‌നങ്ങള്‍ക്ക് കരുത്തുപകരാനുള്ള ഭരണഘടനാപരമായ അവകാശവും മനുഷ്യാവകാശവും നിര്‍ലോഭം ഈ മഹാരാജ്യം അങ്ങേയ്ക്ക് നല്‍കുന്നുണ്ട് കണ്ണന്താനം.