തെരഞ്ഞെടുപ്പിനൊരുങ്ങി സിദ്ധരാമയ്യ; ആദ്യ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു

0
58

ബെംഗളുരു: കര്‍ണാടകയില്‍ ആസന്നമായ നിയമസഭ തെരഞ്ഞെടുപ്പിന് ഒരുക്കമാണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി സിദ്ധരാമയ്യ. കോണ്‍ഗ്രസിന്റെ ആദ്യ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചാണ് തെരഞ്ഞെടുപ്പിന് തങ്ങള്‍ എല്ലാ രീതിയിലും സജ്ജരാണെന്ന് സിദ്ധരാമയ്യ പ്രഖ്യാപിച്ചത്. ആദ്യ സ്ഥാനാര്‍ത്ഥിയായി കെആര്‍ നഗര്‍ മണ്ഡലത്തിലെ രവിശങ്കറിനെ കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

അതേസമയം പരാജയഭീതിയില്‍ ബിജെപിയിലെ പല മുതിര്‍ന്ന നേതാക്കളും സുരക്ഷിത മണ്ഡലം തേടുകയാണ്. കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബിജെപി മുതിര്‍ന്ന നേതാവുമായ യെദ്യൂരപ്പ സ്ഥിരം മണ്ഡലമായ ശിക്കാരിപൂര്‍ മണ്ഡലം വിട്ട് സുരക്ഷിത മണ്ഡലം തേടുകയാണ്. എന്നാല്‍ യെദ്യൂരപ്പക്കെതിരെ കോലാറില്‍ നിന്ന് സ്വതന്ത്രനായി ജയിച്ച വര്‍ത്തൂര്‍ പ്രകാശിനെ രംഗത്തിറക്കാന്‍ സിദ്ധരാമയ്യ കരുക്കള്‍ നീക്കിക്കഴിഞ്ഞു.

യെദ്യൂരപ്പ കര്‍ണാടകത്തില്‍ എവിടെ മത്സരരിക്കുകയാണെങ്കിലും താന്‍ എതിരെ മത്സരിക്കുമെന്ന് പ്രകാശ് പ്രക്യാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആയിട്ടായിരിക്കും താന്‍ മത്സരിക്കുക എന്നും മുഖ്യമന്ത്രിയുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയെന്നും പ്രകാശ് വെളിപ്പെടുത്തി. കുറുമ്പ സമുദായത്തിലെ ജനസ്വാധീനമുള്ള നേതാവായ പ്രകാശ് എതിരാളിയായെത്തിയാല്‍ യെദ്യൂരപ്പയുടെ നില പരുങ്ങലിലാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.