രാഷ്ട്രീയനയം: സിപിഎം കേന്ദ്രകമ്മിറ്റിയില്‍ വോട്ടെടുപ്പ് നടക്കും

0
72


ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായി യോജിക്കുന്ന രാഷ്ട്രീയനയത്തിന്റെ കാര്യത്തില്‍ സിപിഎം കേന്ദ്രകമ്മിറ്റിയില്‍ വോട്ടെടുപ്പ് നടക്കും .പ്രകാശ് കാരാട്ട് വിഭാഗം പൂര്‍ണ്ണമായും വിയോജിപ്പ്‌ രേഖപ്പെടുത്തുന്നതിനാലാണ് വോട്ടെടുപ്പ് അനിവാര്യമാക്കുന്നത്.

എന്നാല്‍ സഹകരണം പൂര്‍ണമായും തള്ളരുതെന്നാണ് ബംഗാള്‍ നേതാക്കളുടെ ആവശ്യം. ശനിയാഴ്ച തുടങ്ങിയ കേന്ദ്രകമ്മിറ്റിയില്‍ സംസാരിച്ച അംഗങ്ങളില്‍ പകുതിയിലധികം പേരും പ്രകാശ് കാരാട്ടിന്റെ നിലപാടിനെയാണ് പിന്തുണച്ചത് എന്നാണ് സൂചന.

കേരളത്തില്‍ നിന്ന് കേന്ദ്ര കമ്മിറ്റിയില്‍ സംസാരിച്ചവരില്‍ വിഎസ് അച്യുതാനന്ദനും, തോമസ് ഐസക്കും ഒഴികെയുള്ളവര്‍ കാരാട്ടിന്റെ നിലപാടിനെയാണ് പിന്തുണച്ചത്. കോണ്‍ഗ്രസ് സഖ്യത്തില്‍ നിലപാട് മാറ്റം വേണ്ടെന്നാണ് കേരളഘടകത്തിന്റെ നിലപാട്. ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് പാര്‍ട്ടി കോണ്‍ഗ്രസാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

കേന്ദ്ര കമ്മിറ്റി നിലപാട് വ്യക്തമാക്കാനിരിക്കെയാണ് കോടിയേരിയുടെ പ്രതികരണം. ഫാസിസത്തിന്നെതിരെ കോണ്‍ഗ്രസുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതില്‍ തെറ്റില്ലെന്നാണ് സീതാറാം യെച്ചൂരിയുടെ നിലപാടിനെ പിന്തുണച്ച് വിഎസ് ഇന്നലെ പറഞ്ഞത്.

സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് യെച്ചൂരിയുടെ അഭിപ്രായത്തെ അനുകൂലിച്ച് വി.എസ് നിലപാട് വ്യക്തമാക്കിയത്. പാര്‍ട്ടിയുടെ രൂപീകരണം മുതലുള്ള അംഗമെന്ന നിലയില്‍ തന്നെയാണ് തന്റെ ഈ അഭിപ്രായമെന്നും വിഎസ് ഇന്നലെ കേന്ദ്രകമ്മറ്റിയില്‍ സംസാരിക്കുന്നതിന്നിടെ പറഞ്ഞിരുന്നു.