സിപിഎം തീരുമാനം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കും

0
544

കെ.ശ്രീജിത്ത്‌

കോണ്‍ഗ്രസുമായി ഒരു തരത്തിലുള്ള സഖ്യവും വേണ്ടെന്ന് ഒടുവില്‍ സി.പി.എം കേന്ദ്രകമ്മിറ്റി തീരുമാനിച്ചിരിക്കുന്നു. ഈ നയം തന്നെ തുടരാന്‍ അടുത്ത പാര്‍ട്ടി കോണ്‍ഗ്രസിലും തീരുമാനിക്കപ്പെടുകയാണെങ്കില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഒന്നായി ഈ തീരുമാനം മാറാനാണ് സാധ്യത.

ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനെ ഒറ്റയ്ക്ക് ഫലപ്രദമായി പ്രതിരോധിക്കുക എന്നത് ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം സമീപകാല ഭാവിയിലൊന്നും സ്വപ്‌നം കാണാന്‍ പോലും കഴിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മാത്രമല്ല കോണ്‍ഗ്രസിതര മതേതര കക്ഷികളുമായി ചേര്‍ന്ന് ദേശീയതലത്തില്‍ സഖ്യമുണ്ടാക്കി ആര്‍എസ്എസ്-ബിജെപി ശക്തികളെ നേരിടാമെന്ന സി.പി.എമ്മിന്റെ ഉള്ളിലിരിപ്പ് എത്രത്തോളം പ്രായോഗികമാകും എന്നതും കണ്ടുതന്നെ അറിയണം. പ്രത്യേകിച്ചും മുറയ്ക്ക് നിലപാടുകള്‍ മാറ്റിക്കൊണ്ടിരിക്കുന്ന ജനതാ പരിവാറിലെ പാര്‍ട്ടികളെയും മറ്റ് പ്രാദേശിക പാര്‍ട്ടികളെയും എത്രത്തോളം വിശ്വസിക്കാന്‍ കഴിയും എന്ന് പ്രവചിക്കാന്‍ പോലും പറ്റാത്ത സാഹചര്യത്തില്‍. ഇത്തരത്തിലുള്ള ഭൂരിപക്ഷം കക്ഷികളുടെയും നിലപാടുകളെ നിര്‍ണയിക്കുന്നത് പണവും അധികാരവുമാണെന്നത് പകല്‍ പോലെ വ്യക്തമാണ്.

കോണ്‍ഗ്രസ് ഒരു ബൂര്‍ഷ്വാ പാര്‍ട്ടിയാണെന്ന ഇടതുപക്ഷ നിലപാട് അണികള്‍ അംഗീകരിക്കുന്ന ഒന്നുതന്നെയാണ്. അതുപോലെ ചരിത്രത്തിലില്ലാത്ത വിധം ആ പാര്‍ട്ടിയുടെ അവസ്ഥ ദയനീയമാണെന്നതും വസ്തുതയാണ്. എന്നാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ മതേതര രാഷ്ട്രീയ പാര്‍ട്ടി ഇന്നും കോണ്‍ഗ്രസ് തന്നെയാണെന്ന യാഥാര്‍ത്ഥ്യത്തെ തമസ്‌കരിക്കുന്നത് വര്‍ഗീയശക്തികള്‍ക്കെതിരെ ഒറ്റക്കെട്ടായി പൊതുവായ നിലപാട് സ്വീകരിക്കണമെന്ന് ആഗ്രഹിക്കുന്ന നല്ലൊരു വിഭാഗം ഇടതുപക്ഷ അനുഭാവികളെ നിരാശരാക്കുന്നുണ്ട്. പ്രത്യേകിച്ചും ദേശീയതലത്തില്‍ ഇടതുപക്ഷത്തിന്റെ ശക്തി അറിയാവുന്നവരെ സംബന്ധിച്ചെങ്കിലും ഇന്ന് സിപിഎം കേന്ദ്രകമ്മിറ്റി എടുത്ത നിലപാട് ആശങ്കയിലാഴ്ത്തുന്നുണ്ട്. ഒരു ബൂര്‍ഷ്വാ പാര്‍ട്ടിയുടെ നിലപാടുകളോട് വിയോജിച്ചുകൊണ്ടുതന്നെ ഒന്നിച്ചുനിന്ന് പൊതുശത്രുവിനെ നേരിടാമെന്ന് വിശ്വസിക്കുന്ന നല്ലൊരു വിഭാഗം ഇടതുപക്ഷ അനുഭാവികള്‍ രാജ്യത്തുണ്ട്. കോണ്‍ഗ്രസിനെ മാത്രമല്ല രാജ്യത്തെ അസംതൃപ്തരായ കര്‍ഷകര്‍, ദളിത് കൂട്ടായ്മകള്‍ തുടങ്ങി ബിജെപിയെ ശക്തമായി പ്രതിരോധിക്കുന്ന വിഭാഗങ്ങളെയെല്ലാം ഒരു കുടക്കീഴില്‍ കൊണ്ടുവന്ന് ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിന് ശക്തി പകരുകയായിരുന്നു സിപിഎം ഈ ഘട്ടത്തില്‍ ചെയ്യേണ്ടതെന്ന് അഭിപ്രായപ്പെടുന്ന രാഷ്ട്രീയ നിരീക്ഷകരുടെ എണ്ണവും കുറവല്ല.

കോണ്‍ഗ്രസുമായി ഒരു തരത്തിലുള്ള സഖ്യവും വേണ്ടെന്ന് ഒടുവില്‍ സി.പി.എം കേന്ദ്രകമ്മിറ്റി തീരുമാനിച്ചിരിക്കുന്നു. ഈ നയം തന്നെ തുടരാന്‍ അടുത്ത പാര്‍ട്ടി കോണ്‍ഗ്രസിലും തീരുമാനിക്കപ്പെടുകയാണെങ്കില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഒന്നായി ഈ തീരുമാനം മാറാനാണ് സാധ്യത.

കേവലം ആശയപരമായ വിയോജിപ്പുകളല്ലാതെ ഏതെങ്കിലും തരത്തിലുള്ള വിഭാഗീയത സിപിഎമ്മിന്റെ ഇപ്പോഴത്തെ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ടെങ്കില്‍ അത് ആ പാര്‍ട്ടിയുടെ ഭാവിയില്‍ ആശങ്കയുള്ള ആരെയും നിരാശപ്പെടുത്തുന്നുണ്ട്. മാധ്യമ റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ അത്തരത്തിലൊരു വിഭാഗീയത കേന്ദ്രകമ്മിറ്റി ചര്‍ച്ചകളിലുണ്ടായി എന്നുവേണം അനുമാനിക്കാന്‍. അത് കേവലം രണ്ട് സംസ്ഥാനങ്ങളിലേയ്ക്കായി ഒതുങ്ങിയ പാര്‍ട്ടിയെ കൂടുതല്‍ ക്ഷീണിപ്പിക്കും. പശ്ചിമബംഗാളില്‍ അടുത്തകാലത്തൊന്നും ഒരു തിരിച്ചുവരവ് സിപിഎം പോലും പ്രതീക്ഷിക്കുന്നില്ല. പിന്നെയുള്ളത്‌
കേരളവും ത്രിപുരയുമാണ്. ത്രിപുര താരതമ്യേന ചെറിയൊരു സംസ്ഥാനമാണ്. അപ്പോള്‍ പിന്നെ കേരളമാണ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ പ്രതീക്ഷകളുടെ തുരുത്ത്. അതുകൊണ്ടുതന്നെ ഇവിടുത്തെ
നേതാക്കളുടെ കോണ്‍ഗ്രസ് വിരുദ്ധ നിലപാട് ഇപ്പോഴത്തെ തീരുമാനത്തെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ആണ് ഇവിടുത്തെ തങ്ങളുടെ മുഖ്യ എതിരാളികളെന്നതാണ് ഈ നേതാക്കളെ ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി ഒന്നിക്കാനുള്ള നീക്കങ്ങളെ പ്രതിരോധിക്കാന്‍ ഇടയാക്കിയ ചേതോവികാരം.

2004ല്‍ യുപിഎ സര്‍ക്കാരിനെ പുറത്തുനിന്ന് പിന്തുണച്ചുകൊണ്ട് ദേശീയതലത്തില്‍ തങ്ങള്‍ക്ക് എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്ന് കാണിച്ചുകൊടുത്തവരാണ് ഇടതുപക്ഷം. എന്നാല്‍ പിന്നീട് അവര്‍ അതില്‍ നിന്ന് പിന്നോക്കം പോയത് രണ്ടാം യുപിഎ സര്‍ക്കാരിന്റെ പ്രകടനത്തില്‍ കാര്യമായി നിഴലിക്കുകയും ചെയ്തിരുന്നു. കൊടും അഴിമതികളാണ് ആ മന്ത്രിസഭയുടെ നിറം കെടുത്തിയത്. ഇടതുപക്ഷത്തിന്റെ പിന്തുണയോടെയുള്ള സര്‍ക്കാരായിരുന്നു അതെങ്കില്‍ അങ്ങിനെയൊന്നും സംഭവിക്കില്ലായിരുന്നുവെന്ന് ഇപ്പോഴും വിശ്വസിക്കുന്ന പാര്‍ട്ടി അണികളുണ്ട്. രണ്ടാം യുപിഎ സര്‍ക്കാരിന്റെ അഴിമതി സഹിക്കാന്‍ കഴിയാതെ, മറ്റ് മാര്‍ഗങ്ങളില്ലാതെയാണ് ജനം ബിജെപിയെ തിരഞ്ഞെടുത്തതെന്നും ഇവര്‍ വിശ്വസിക്കുന്നുണ്ട്. ആ സാഹചര്യത്തില്‍ ഇപ്പോഴത്തെ സിപിഎം കേന്ദ്രകമ്മിറ്റി തീരുമാനം ബിജെപി വിരുദ്ധ രാഷ്ട്രീയത്തിന്റെ ശക്തി കുറയ്ക്കുമെന്നും ബിജെപിയ്ക്ക്‌ കാര്യങ്ങള്‍ എളുപ്പമാകുമെന്നും സിപിഎം അണികള്‍ കരുതിയാല്‍ അവരെ കുറ്റം പറയാന്‍ കഴിയില്ല.