സിപിഎമ്മിനിഷ്ടം മോദി ഭരണം തുടരുന്നതെന്ന് എകെ ആന്റണി

0
42

ന്യൂഡല്‍ഹി: മോദി ഭരണം തുടരുന്നതാണ് സിപിഎം ഇഷ്ടപ്പെടുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ. ആന്റണി. സിപിഎം കേന്ദ്ര കമ്മിറ്റി തീരുമാനം തെളിയിക്കുന്നത് അതാണെന്നും അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസുമായി സഹകരണം ആകാമെന്ന സീതാറാം യെച്ചൂരിയുടെ നിലപാട് സിപിഎം കേന്ദ്രകമ്മിറ്റി തള്ളിയതിനെക്കുറിച്ചായിരുന്നു ആന്റണിയുടെ പ്രതികരണം.

ഇത്തരത്തില്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്നത് തടയുന്നതിന് സിപിഎം കേന്ദ്രകമ്മിറ്റിയെക്കൊണ്ട് തീരുമാനം എടുപ്പിച്ചതിന് പിന്നില്‍ കേരളത്തില്‍ നിന്നുള്ള നേതാക്കളാണാണെന്നും ആന്റണി പറഞ്ഞു.

കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണത്തേക്കാള്‍ സിപിഎം ഇഷ്ടപ്പെടുന്നത് മോദി ഭരണത്തേയാണ്. കേരളത്തില്‍ കോണ്‍ഗ്രസ് എംപിമാരെ കുറയ്ക്കാന്‍ സിപിഎമ്മിനും ബിജെപിക്കും ഒരേമനസാണെന്നും അദ്ദേഹം പറഞ്ഞു.

പരസ്യമായി ആക്രമിക്കുകയും രഹസ്യമായി പരസ്പരം സഹായിക്കുകയും ചെയ്യുന്ന നിലപാടാണ് സിപിഎമ്മും ബിജെപിയും സ്വീകരിക്കുന്നതെന്നും ആന്റണി പറഞ്ഞു.