സോളാര്‍ റിപ്പോര്‍ട്ട്; ഉമ്മന്‍ചാണ്ടിക്കും നല്‍കാനാകില്ലെന്ന് പിണറായി

0
58

തിരുവനന്തപുരം: സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇപ്പോള്‍ പരസ്യപ്പെടുത്താനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റിപ്പോര്‍ട്ട് പരസ്യമാക്കുന്നത് നിയവിരുദ്ധമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്കണമെന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി പിണറായിവിജയന് കത്തയച്ചിരുന്നു. ദേശീയ വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തിലാണ് റിപ്പോര്‍ട്ട് ഇപ്പോള്‍ നല്‍കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്.

വിവരാവകാശ നിയമപ്രകാരം റിപ്പോര്‍ട്ട് നല്കാനാവില്ലെന്ന് നിയമമന്ത്രി അറിയിച്ചതിനെത്തുടര്‍ന്നായിരുന്നു ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിക്ക് കത്തെഴുതിയത്. എന്നാല്‍, റിപ്പോര്‍ട്ട് ഉമ്മന്‍ ചാണ്ടിക്ക് നല്കില്ലെന്നും സമയമാവുമ്പോള്‍ അത് നിയമസഭയില്‍ മേശപ്പുറത്ത് വയ്ക്കുമെന്നുമാണ് മുഖ്യമന്ത്രി പറയുന്നത്. ആറുമാസത്തിനകം സഭയില്‍ വയ്ക്കണമെന്നാണ് ചട്ടം. അതിന്‍പ്രകാരം മാത്രമേ പ്രവര്‍ത്തിക്കാനാവൂ. അല്ലാത്ത പക്ഷം നടപടി നിയമവിരുദ്ധമാകും എന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.

സോളാര്‍ റിപ്പോര്‍ട്ടിന്റെ പേരിലുള്ള നടപടി രാഷ്ട്രീയപ്രേരിതമല്ല. അന്വേഷണക്കമ്മീഷനെ നിയമിച്ചത് എല്‍ഡിഎഫ് സര്‍ക്കാരല്ല. അന്വേഷണറിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാരിന് രണ്ട് തരത്തില്‍ നടപടി സ്വീകരിക്കാം. റിപ്പോര്‍ട്ട് മാത്രമായി സഭയുടെ മേശപ്പുറത്ത് വയ്ക്കുകയോ അതിന്മേല്‍ സ്വീകരിച്ച നടപടി എന്താണെന്ന് കൂടി വിശദമാക്കിയ റിപ്പോര്‍ട്ടാക്കി മേശപ്പുറത്ത് വയ്ക്കുകയോ ചെയ്യാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടി കൂടി വ്യക്തമാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ടാവും ആറുമാസത്തിനകം നിയമസഭയില്‍ വയ്ക്കുകയെന്നും മുഖ്യമന്ത്രി അഭിമുഖത്തില്‍ വ്യക്തമാക്കി.
ഇതോടെ സോളാര്‍ റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകള്‍ക്കെതിരെ റിപ്പോര്‍ട്ട് ആധാരമാക്കി നിയമനടപടികള്‍ സ്വീകരിക്കാനുള്ള പ്രതിപക്ഷ നീക്കത്തിന് തിരിച്ചടിയായെന്ന് വിലയിരുത്തപ്പെടുന്നു.