ഹര്‍ത്താല്‍ തുടങ്ങി; തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടിസി ബസിന് നേരെ കല്ലേറ്

0
49

തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കും വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഇന്ധനവിലയിലും പാചകവാതകവിലയിലും പ്രതിഷേധിച്ച്‌ സംസ്ഥാനത്ത് യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു.ഹര്‍ത്താല്‍ തീര്‍ത്തും സമാധാനപരമായിരിക്കും എന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിരുന്നു.

തിരുവനന്തപുരത്ത് ആദ്യ മണിക്കൂറില്‍ തന്നെ ബസിന് നേരെ കല്ലേറുണ്ടായി. തിരുവനന്തപുരം പൂവച്ചലിലാണ് കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായത്. ബസിന്‍റെ ചില്ലുകള്‍ തകര്‍ന്നു.

മിക്കയിടങ്ങളിലും ഹര്‍ത്താലിന്റെ പതിവ് പ്രതീതിയില്‍ നിന്നും വ്യത്യസ്തമായി കടകള്‍ തുറക്കുകയും സ്വകാര്യ വാഹനങ്ങളും ഓട്ടോറിക്ഷകളും ടാക്സികളും നിരത്തിലിറങ്ങി. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

അക്രമം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

ഹര്‍ത്താലിനെ നേരിടാന്‍ ശക്തമായ സുരക്ഷയുമായി പോലീസും രംഗത്തുണ്ട്. കടകള്‍ നിര്‍ബ്ബന്ധിപ്പിച്ച്‌ അടച്ചിടാതെയും വാഹനങ്ങളില്‍ നിന്നും ജനങ്ങളെ ഇറക്കി വിടാതെയും തികച്ചും സമാധാനപരമായും ജനജീവിതത്തെ സ്തംഭിപ്പിക്കാതെയുമുള്ള ഹര്‍ത്താലായിരിക്കും ഇതെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.