കൊച്ചി: ചാലക്കുടിയില്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരനായ രാജീവിന്റെ കൊലപാതക കേസുമായി ബന്ധപ്പെട്ട് അഭിഭാഷകന് സി.പി.ഉദയഭാനുവിന്റെ ഓഫീസിലും വീട്ടിലും പൊലീസ് റെയഡ്. അദ്ദേഹത്തിന്റെ കൊച്ചിയിലെ ഓഫീസിലും തൃപ്പൂണിത്തുറയിലെ വീട്ടിലുമാണ് റെയ്ഡ് നടക്കുന്നത്. ചാലക്കുടിയില്‍ നിന്നുള്ള പൊലീസ് സംഘമാണ് റെയ്ഡ് നടത്തുന്നത്.
കൊല്ലപ്പെട്ട രാജീവും കേസിലെ മുഖ്യപ്രതി ചക്കര ജോണിയും ഉള്‍പ്പെട്ട റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുടെ രേഖ കണ്ടെടുക്കുന്നതിനായാണ് പരിശോധനയെന്നാണ് വിവരം. കേസില്‍ ഏഴാം പ്രതിയാണ് ഉദയഭാനു. ഹൈക്കോടതി ഇന്നലെ ഉദയഭാനുവിനെ അറസ്റ്റ് ചെയ്യുന്നത് വിലക്കുകയും നോട്ടീസ് നല്കി ചോദ്യം ചെയ്യാന്‍ തടസമില്ലെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
നേരത്തെ കേസിലെ ഒന്നു മുതല്‍ ആറുവരെയുള്ള പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. കേസന്വേഷത്തില്‍ ലഭിച്ച എല്ലാ വിവരങ്ങളും പൊലീസ് മുദ്രവെച്ച കവറിലാക്കി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
കഴിഞ്ഞ സെപ്തംബര്‍ 29-നാണ് ചാലക്കുടി പരിയാരം തവളപ്പാറയിലെ ഒഴിഞ്ഞ കെട്ടിടത്തില്‍ രാജീവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാജീവിന്റെ കൊലപാതകവുമായി ബന്ധെപ്പെട്ട് നടന്ന എല്ലാ ഗൂഢാലോചനകളിലും ഉദയഭാനുവിന് പങ്കുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കൂടാതെ ഉദയഭാനുവില്‍ നിന്ന് തനിക്ക് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി കൊല്ലപ്പെട്ട രാജീവ് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നതായി അദ്ദേഹത്തിന്റെ സുഹൃത്തുക്കളും വെളിപ്പെടുത്തിയിരുന്നു.