ആണവയുദ്ധം ഏതുനിമിഷവും പൊട്ടിപ്പുറപ്പെടാമെന്ന്‌ ഉത്തരകൊറിയ

0
51


ലണ്ടന്‍: അമേരിക്ക ശത്രുതാനയം അവസാനിപ്പിക്കുന്നതുവരെ ആണവായുധങ്ങള്‍ ഉപേക്ഷിക്കില്ലെന്നും വിട്ടുവീഴ്‌ചയ്‌ക്ക്‌ തയ്യാറല്ലെന്നും ഉത്തരകൊറിയ. ഏതുനിമിഷവും ആണവയുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാമെന്ന്‌ യു.എന്നിലെ ഉത്തരകൊറിയന്‍ അംബാസിഡര്‍ കിം ഇന്‍ റ്യോങ്‌ പറഞ്ഞു.

ഉത്തര കൊറിയയ്‌ക്കെതിരായ സമീപനങ്ങളും ആണവഭീഷണികളും അമേരിക്ക അവസാനിപ്പിക്കാതെ തങ്ങളുടെ ആണവായുധങ്ങളെക്കുറിച്ചും ബാലിസ്‌റ്റിക്‌ മിസൈലുകളെക്കുറിച്ചും ചര്‍ച്ച നടത്താന്‍ തയ്യാറല്ലെന്ന്‌ റ്യോങ്‌ വ്യക്തമാക്കി. ഐക്യരാഷട്ര സഭയിലെ നിരായുധീകരണ സമിതിക്കു മുമ്പാകെയാണ്‌ ഉത്തരകൊറിയ തങ്ങളുടെ നിലപാട്‌ അറിയിച്ചത്‌.

അമേരിക്കന്‍ പ്രസിഡന്റായ ഡൊണാള്‍ഡ്‌ ട്രംപും ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ്‌ ഉന്നും തമ്മിലുള്ള വാക്‌ പോര്‌ തുടരുന്നതിനിടെയാണ്‌ ഉത്തരകൊറിയ യു.എന്നില്‍ നിലപാട്‌ വ്യക്തമാക്കിയത്‌. ഭീഷണി തുടര്‍ന്നാല്‍ ഉത്തരകൊറിയയെ ഉന്മൂലനം ചെയ്യുമെന്നും കിം ജോങ്‌ ഉന്‍ ആത്മഹത്യാപരമായ നിലപാടാണ്‌ സ്വീകരിക്കുന്നതെന്നും ട്രംപ്‌ നേരത്തെ പറഞ്ഞിരുന്നു.

അതേസമയം, യുദ്ധം ഒഴിവാക്കണമെന്ന നിലപാടാണ്‌ ട്രംപ്‌ സ്വീകരിച്ചിരിക്കുന്നതെന്ന്‌ യു.എസ്‌ പ്രതിരോധ സെക്രട്ടറി റെക്‌സ്‌ ടില്ലേഴ്‌സണ്‍ വ്യക്തമാക്കി. ആദ്യ ബോംബ്‌ പതിക്കുന്നതുവരെ ചര്‍ച്ചകള്‍ തുടരുമെന്നും ടെല്ലേഴ്‌സണ്‍ അറിയിച്ചു.