ഇന്ത്യക്കാരുടെ രക്തവും വിയര്‍പ്പും കൊണ്ടാണ് താജ്മഹല്‍ നിര്‍മിച്ചത്: യോഗി ആദിത്യനാഥ്

0
64

ലഖ്‌നൗ: ഇന്ത്യക്കാരുടെ രക്തവും വിയര്‍പ്പും കൊണ്ടാണ് താജ്മഹല്‍ നിര്‍മ്മിച്ചതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആരാണ്, എന്തിനുവേണ്ടിയാണ് താജമഹല്‍ നിര്‍മ്മിച്ചത് എന്നത് പ്രസക്തമല്ല. അത് നിര്‍മ്മിക്കപ്പെട്ടത് ഇന്ത്യക്കാരായ തൊഴിലാളികളുടെ രക്തവും വിയര്‍പ്പും കൊണ്ടാണെന്ന് ആദിത്യനാഥ് പറഞ്ഞു.

ബിജെപി നേതാവ് സംഗീത് സോം താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് അപമാനമാണെന്ന് പറഞ്ഞിരുന്നു. ഈ പ്രസ്താവന വിവാദമായതിനു പിന്നാലെയാണ് ആദിത്യനാഥിന്റെ പ്രസ്താവന. താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തെ പ്രതിഫലിപ്പിക്കുന്നില്ലെന്ന് യോഗി മുന്‍പ് പറഞ്ഞതും വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. യുപി സര്‍ക്കാര്‍ പുറത്തിറക്കിയ ലഘുലേഖയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ താജ്മഹലിന്റെ പേര് ഉള്‍പ്പെടുത്താത്തതും വിവാദമായിരുന്നു.

അതേസമയം, വിവാദങ്ങള്‍ക്കിടെ യോഗി ആദിത്യനാഥ് അടുത്ത ആഴ്ച താജ്മഹല്‍ സന്ദര്‍ശിക്കും. ഒക്ടോബര്‍ 26-ന് ആദിത്യനാഥ് ആഗ്രയിലെത്തും. താജ്മഹലും ആഗ്ര കോട്ടയും അദ്ദേഹം സന്ദര്‍ശിക്കും. ആഗ്രയിലെ വിനോദസഞ്ചാരപദ്ധതികള്‍ അവലോകനം ചെയ്യുന്നതിനാണ് അദിത്യനാഥ് സന്ദര്‍ശനം നടത്തുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു.