ഇന്ത്യക്കാര്‍ക്ക് പ്രിയം ഏകാധിപത്യവും പട്ടാള ഭരണവുമെന്ന് സര്‍വേ റിപ്പോര്‍ട്ട്

0
54

വാഷിംങ്ടന്‍: ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയ്ക്ക് ഏകാധിപത്യത്തോടും പട്ടാള ഭരണത്തോടും പ്രിയം. രാജ്യാന്തര പ്രശസ്തമായ പ്യു റിസര്‍ച്ച് സെന്റര്‍ നടത്തിയ ആഗോള സര്‍വേയിലാണു അസാധാരണമായ വെളിപ്പെടുത്തല്‍. ഇന്ത്യക്കാരായ 55 ശതമാനം പേരും ഏകാധിപത്യത്തെയും പട്ടാള ഭരണത്തെയും പിന്തുണയ്ക്കുന്നെന്നാണ് സര്‍വേ പറയുന്നത്. ഇവരില്‍ 27 ശതമാനം പേരും ശക്തനായ നേതാവ് വേണമെന്ന ആവശ്യക്കാരാണെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍, എട്ടു ഭാഷകളിലായി 2,464 പേരെ മുഖാമുഖം കണ്ടാണു ശാസ്ത്രീയമായി സര്‍വേ തയാറാക്കിയത്. ഫെബ്രുവരി 21നും മാര്‍ച്ച് പത്തിനും ഇടയിലായിരുന്നു ആളുകളെ നേരില്‍ കണ്ടത്. ഏഷ്യയിലെ സര്‍വേയില്‍ ഇന്ത്യക്കാരെ കൂടാതെ ഇന്തൊനേഷ്യക്കാരും (52), ഫിലിപ്പിനോകളും (50) ആഫ്രിക്കന്‍ മേഖലയില്‍ ദക്ഷിണാഫ്രിക്കയും (53) ഏകാധിപത്യ, പട്ടാള ഭരണങ്ങളെ പിന്തുണയ്ക്കുന്നു. അതേസമയം, യൂറോപ്യന്‍ രാജ്യങ്ങളില്‍ 10 ശതമാനം പേര്‍ മാത്രമാണ് പട്ടാള, ഏകാധിപത്യ ഭരണം ആഗ്രഹിക്കുന്നത്.

അതേസമയം, പട്ടാള ഭരണത്തെയും ഏകാധിപത്യ ഭരണത്തെയും ഇന്ത്യയിലെ മുതിര്‍ന്നവര്‍ പിന്തുണച്ചില്ലെന്നതു ശ്രദ്ധേയമാണ്. മറ്റുള്ള രാജ്യങ്ങളിലെ മുതിര്‍ന്നവരും സമാന അഭിപ്രായക്കാരാണ്. പട്ടാളത്തിനു മുകളില്‍ ജനാധിപത്യ ഭരണമാണു വേണ്ടതെന്നാണു മുതിര്‍ന്നവരുടെ അഭിപ്രായം. പട്ടാളമോ നേതാക്കളോ ജനാധിപത്യത്തെ മറികടന്നപ്പോഴുണ്ടായ പ്രയാസങ്ങളിലൂടെ കടന്നുപോയതാണ് ഇവരുടെ അഭിപ്രായ വ്യത്യാസത്തിനു കാരണമെന്നും സര്‍വേ റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.

റഷ്യയില്‍ 48 ശതമാനം ആളുകള്‍ ശക്തനായ നേതാവിന്റെ ഭരണം ആഗ്രഹിക്കുന്നു. ആഗോളമായി 26 ശതമാനം പേരാണ് ഇതേ ആവശ്യം ഉന്നയിച്ചിട്ടുള്ളത്. ഏഷ്യ പസിഫിക് മേഖലയില്‍ വിയറ്റ്‌നാം (67), ഇന്ത്യ (65), ഫിലിപ്പീന്‍ (62) തുടങ്ങിയവര്‍ സാങ്കേതികവിദ്യ വിദഗ്ധരുടെ ഭരണത്തെ (ടെക്‌നോക്രസി) പിന്തുണയ്ക്കുന്നവരാണ്. 38 രാജ്യങ്ങളിലെ 41,953 വ്യക്തികളെ ഉള്‍പ്പെടുത്തി നടത്തിയ സര്‍വേ റിപ്പോര്‍ട്ടാണു പ്യൂ റിസര്‍ച്ച് സെന്റര്‍ പ്രസിദ്ധീകരിച്ചത്.