കൊച്ചി: ഇന്ധനവിലയില്‍ സംസ്ഥാനനികുതി കുറയ്ക്കുന്നത് പ്രായോഗികമല്ലെന്ന് ധനമന്ത്രി തോമസ് ഐസക് ആവര്‍ത്തിച്ചു.വരുമാനനഷ്ടം ഓര്‍ത്താണ് സംസ്ഥാന സര്‍ക്കാര്‍ വാറ്റ് കുറയ്ക്കാന്‍ തയ്യാറാകാത്തതെന്നാണ് വിലയിരുത്തല്‍.
പ്രധാനമന്ത്രിയുടെ നിര്‍ദേശമനുസരിച്ച് ചില സംസ്ഥാനങ്ങള്‍ മൂല്യവര്‍ധിത നികുതി(വാറ്റ്)യും പ്രവേശനനികുതിയും കുറച്ചു. കേരളവും നികുതി കുറയ്ക്കണമെന്ന സമ്മര്‍ദമുയരുന്നതിനിടെയാണ് ധനമന്ത്രി നിലപാട് വ്യക്തമാക്കിയത്.
മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് നികുതി കുറച്ചത്. കര്‍ണാടക പ്രവേശനനികുതിയും. ഇവിടങ്ങളില്‍ ഇന്ധനവില രണ്ടുമുതല്‍ നാലുരൂപ വരെ കുറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ എക്സൈസ് നികുതി രണ്ടുരൂപ കുറച്ചതുമാത്രമാണ് കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് കിട്ടിയ നേരിയ ആശ്വാസം.
2013-14 സാമ്പത്തിക വര്‍ഷത്തില്‍ 5173 കോടി രൂപയായിരുന്നു സംസ്ഥാനത്തിന് ലഭിച്ച ഇന്ധന നികുതി. കഴിഞ്ഞ സാമ്പത്തികവര്‍ഷം 6899 കോടിയും ലഭിച്ചു.