ക്രൈംബ്രാഞ്ച് കാര്യക്ഷമമാക്കി; എ.ഹേമചന്ദ്രന്‍ പടിയിറങ്ങുന്നു

0
172

എം.മനോജ്‌ കുമാര്‍ 

തിരുവനന്തപുരം: കുറഞ്ഞ കാലം മാത്രം ക്രൈംബ്രാഞ്ച് മേധാവി. പക്ഷെ ഡിജിപി ഹേമചന്ദ്രന്‍ ക്രൈംബ്രാഞ്ചില്‍ നിന്നും പടിയിറങ്ങുമ്പോള്‍ തുടക്കമിട്ടത് ക്രൈംബ്രാഞ്ചിലെ ആധുനികവത്ക്കരണ പ്രക്രിയകള്‍ക്ക്.

ഭരണപരമായും കാര്യക്ഷമമായും ക്രൈംബ്രാഞ്ച് ഏതു രീതിയില്‍ ഇനിയുള്ള കാലം മുന്നോട്ടു നീങ്ങണമെന്നുള്ള വ്യക്തവും വിശദവുമായ റിപ്പോര്‍ട്ട് ആണ് എ.ഹേമചന്ദ്രന്‍, ഡിജിപി ലോക്നാഥ് ബഹ്റയ്ക്ക് കൈമാറിയിട്ടുള്ളത്. ഹേമചന്ദ്രന്‍ ക്രൈംബ്രാഞ്ചില്‍ ചാര്‍ജ് എടുത്തത് മുതല്‍ ഡിജിപി ബഹ്റയുമായി നടത്തിയ നിരന്തര ചര്‍ച്ചകള്‍ക്കൊടുവില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടാണിത്‌.

റിപ്പോര്‍ട്ടിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഉന്നത പൊലീസ് ഓഫീസര്‍മാരുടെ യോഗം ഈ ആഴ്ച തന്നെ പൊലീസ് മേധാവി ലോക്നാഥ് ബഹ്റ വിളിച്ചുകൂട്ടുന്നുണ്ട്. യോഗത്തിന്റെ കാര്യം എ.ഹേമചന്ദ്രനെ ലോക്നാഥ് ബഹ്റ അറിയിക്കുകയും ചെയ്തിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍  ക്രൈംബ്രാഞ്ച് പരിഷ്ക്കരണകാര്യത്തിലുള്ള സര്‍ക്കാര്‍ ഉത്തരവ് അടുത്ത് തന്നെ ഇറക്കിയേക്കും.

ക്രൈംബ്രാഞ്ച് ഘടനയുടെ സമൂല പരിഷ്‌കരണമാണ്‌ ഹേമചന്ദ്രന്റെ റിപ്പോര്‍ട്ട് ലക്ഷ്യം വയ്ക്കുന്നത്. ഭരണപരമായി വളരെയധികം ദുര്‍ഘടങ്ങളാണ്‌ നിലവില്‍ കേസ് അന്വേഷണത്തില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ നേരിടുന്നത്. ഇതേ ദുരിതം ക്രൈംബ്രാഞ്ചിനു പരാതി നല്‍കുന്ന പൊതുജനങ്ങള്‍ക്കുമുണ്ട്.

വളരെയധികം മേധാവികള്‍ ക്രൈംബ്രാഞ്ച് തലപ്പത്ത് വന്നെങ്കിലും ആരും ഇത്തരം പരിഷ്ക്കരണ നടപടികള്‍ക്ക് നേതൃത്വം നല്‍കിയില്ല. പാലക്കാട് ഡിവൈഎസ്പി ഏറ്റെടുത്തിരിക്കുന്ന കേസില്‍ സൂപ്പര്‍വിഷന്‍ നടത്തുന്ന ക്രൈംബ്രാഞ്ച് എസ് പി ഇരിക്കുന്നത് കോട്ടയത്താണ്. എറണാകുളത്തിരിക്കുന്ന ഒരു എസ്‌പിയാകും പാലക്കാടുള്ള അന്വേഷണം നോക്കുന്നത്. എസ്‌പിയുടെ മുകളില്‍ ഇരിക്കുന്ന ആളിന് ഒരു ക്രൈംബ്രാഞ്ച് എസ്‌പിയുടെ മുകളില്‍ സൂപ്പര്‍വിഷന്‍ ഇല്ല. വിചിത്രമായ പ്രതിസന്ധികളാണ്‌ നിലവില്‍ ക്രൈംബ്രാഞ്ച് നേരിട്ടുകൊണ്ടിരിക്കുന്നത്.

ക്രൈംബ്രാഞ്ച് അന്വേഷണത്തെക്കുറിച്ച് പൊതുജനത്തിനു പരാതി നല്‍കണമെങ്കില്‍ മുകളിലെ ഉദ്യോഗസ്ഥനെ മറ്റു ജില്ലകളില്‍ പോയി പരാതിക്കാര്‍ കാണേണ്ടിവരും. ഒരു ജില്ലയിലെ പൊലീസ് മേധാവികള്‍ക്ക് പരാതി നല്‍കണമെങ്കില്‍ അത് ആര്‍ക്ക് എങ്ങിനെ നല്‍കണമെന്നു പരാതിക്കാര്‍ക്ക് അറിയാം. പക്ഷെ പരാതി ക്രൈംബ്രാഞ്ച് അന്വേഷണത്തെക്കുറിച്ചാണെങ്കില്‍ നടപ്പുള്ള രീതിയില്ലിത്. അതുകൊണ്ട് തന്നെ  സമ്പൂര്‍ണ്ണ പൊളിച്ചെഴുത്താണ് റിപ്പോര്‍ട്ടില്‍ ഹേമചന്ദ്രന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.

റിപ്പോര്‍ട്ട് പ്രകാരം ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ മൂന്നു ഐജിമാര്‍ക്ക് കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം ജില്ലകളുടെ ചുമതല വരും. മുഴുവന്‍ ജില്ലകളിലും എല്ലാ കേസുകളും അന്വേഷിക്കാന്‍ എസ്‌പിമാരുടെ കീഴില്‍ സംഘം വരും. ക്രൈംബ്രാഞ്ച് ആഭ്യന്തര സുരക്ഷാ വിഭാഗം കോഴിക്കോട്ടേക്കും ആന്റി പൈറസി സെല്‍ കൊച്ചിയിലേക്കും മാറും. അതത് വിഷയങ്ങളില്‍ താത്പര്യവും അറിവും ഉള്ളവര്‍ അതത് അന്വേഷണ സംഘത്തില്‍ വരണം – ഇത്തരം ഒട്ടനവധി നിര്‍ദ്ദേശങ്ങള്‍ അടങ്ങിയതാണ് റിപ്പോര്‍ട്ട്‌.

എ.ഹേമചന്ദ്രന്‍ ഇന്നു തന്നെ കെഎസ്ആര്‍ടിസി സിഎംഡിയായി ചാര്‍ജെടുക്കും. ഹേമചന്ദ്രന് പകരം ക്രൈംബ്രാഞ്ച് തലപ്പത്ത് വരുന്നത് ഇന്റലിജന്‍സ് മേധാവിയായിരുന്ന മുഹമ്മദ്‌ യാസിനാണ്. മുഹമ്മദ്‌ യാസിന്‍ ഇന്നു തന്നെ ഇന്റലിജന്‍സ് മേധാവിയായി ചാര്‍ജെടുക്കും.