ചാലക്കുടി കൊലപാതകം: അഭിഭാഷകന്റെ വീട്ടില്‍ നിന്നും രേഖകള്‍ കണ്ടെത്തി

0
64


കൊച്ചി: ചാലക്കുടിയിലെ റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരന്‍ രാജീവ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ പ്രമുഖ അഭിഭാഷകന്‍ സി.പി ഉദയഭാനുവിന്റെ വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡില്‍ വസ്തു ഇടപാടിന്റെ രേഖകള്‍ കണ്ടെത്തി. 1.30 കോടി രൂപ കൈമാറിയതിന്റെ രേഖകളാണ് റെയ്ഡില്‍ കണ്ടെത്തിയത്. പിടിച്ചെടുത്ത രണ്ട് കമ്പ്യൂട്ടറുകള്‍ പോലീസ് ഫോറന്‍സിക് പരിശോധനയ്ക്കയച്ചു.

വസ്തു ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടെത്തുന്നതിനാണ് പോലീസ് അഭിഭാഷകന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത്. രാജീവ് വധക്കേസില്‍ അഡ്വ. സി.പി ഉദയഭാനു ഏഴാം പ്രതിയാകുമെന്ന് പോലീസ് കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. മുദ്രവച്ച കവറിലാണ് പോലീസ് വിവരങ്ങള്‍ കൈമാറിയത്.

ഇടപാടുകളുടെ വിവരങ്ങള്‍ കമ്പ്യൂട്ടറുകളില്‍നിന്ന് നീക്കിയിട്ടുണ്ടാകാമെന്ന സംശയത്തെ തുടര്‍ന്നാണ് പിടിച്ചെടുത്ത കമ്പ്യൂട്ടറുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. വരും ദിവസങ്ങളില്‍ അഭിഭാഷകനെ പോലീസ് ചോദ്യം ചെയ്തേക്കുമെന്ന് സൂചനയുണ്ട്. അഭിഭാഷകന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി തീരുമാനമെടുത്ത ശേഷമെ തുടര്‍ നടപടികള്‍ ഉണ്ടാകൂവെന്നാണ് സൂചന. അതേസമയം തന്നെ ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് നിന്ന് ഉദയഭാനുവിനെ ഒഴിവാക്കണമെന്ന് പൊലീസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.