ജഡ്ജിമാര്‍ പഞ്ചുമേനോന്‍മാരാകരുത്

0
162

കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ട ഒരു ഹൈക്കോടതി വിധിയുണ്ട്. കലാലയങ്ങളിലെ രാഷ്ട്രീയം നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിയാണത്. തീര്‍ത്തും അരാഷ്ട്രീയവും വരും തലമുറകളോടുള്ള അനീതിയുമാണ് ഈ വിധിയെന്ന് പറയാതെ വയ്യ. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ സര്‍ഗാത്മകത കേരളത്തിന്റെ രാഷ്ട്രീയ-സാംസ്‌കാരിക ചരിത്രത്തെ എത്രമേല്‍ സ്വാധീനിച്ചിട്ടുണ്ടെന്ന് വ്യക്തമായി അറിയുന്ന ബഹുഭൂരിഭാഗം മലയാളികളും പ്രത്യക്ഷമായും പരോക്ഷമായും ഈ വിധിയെ വിമര്‍ശിക്കുന്നുണ്ടെങ്കില്‍ അത് അത്യന്തം പൊളിറ്റിക്കലായ മലയാളി സമൂഹത്തില്‍ സ്വാഭാവികം മാത്രമാണ്. ഹൈക്കോടതി വിധിയോട് ക്രിയാത്മകമായി പ്രതികൂലിക്കുമ്പോള്‍ തന്നെ ഇത്തരമൊരു വിധിയിലേയ്ക്ക് എത്തിച്ച പരമദയനീയമായ കലാലയ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് വിലയിരുത്തുക കൂടി ചെയ്താല്‍ മാത്രമെ ഈ ചര്‍ച്ച പൂര്‍ണമാവുകയുള്ളൂഎഡിറ്റര്‍

ക്യാമ്പസുകളിലെ രാഷ്ട്രീയ-സംഘടനാ പ്രവര്‍ത്തനം, റാഗിങ് , മാനേജുമെന്റുകളുടെ ഇടിമുറികള്‍, താങ്ങാനാവാത്ത ട്യൂഷന്‍ ഫീസ് തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ ക്യാമ്പസുകളെ ചുറ്റിപ്പറ്റി ചര്‍ച്ചയാവുകയാണിന്ന്.
എന്താണ് ഇന്നത്തെ ക്യാമ്പസ്? തുറന്ന ചര്‍ച്ച ഈ വിഷയത്തില്‍ നിന്നും തുടങ്ങണം.

നൂറു വര്‍ഷത്തിലേറെ പഴക്കമുള്ള കെട്ടിടങ്ങളും ലൈബ്രറികളും പല ക്യാമ്പസുകള്‍ക്കും പഴമയുടെ ആവരണം നല്‍കുന്നുണ്ടെങ്കിലും എല്ലാ ക്യാമ്പസുകളും അതതു കാലത്തെ യൗവ്വനത്തിനു മാത്രം സ്വന്തമാണ്. ഓരോ കാലഘട്ടത്തിലേയും യൗവ്വനത്തിന്റെ സവിശേഷതകള്‍ ക്യാമ്പസിനെ മാറ്റി മറിക്കും. പലപ്പോഴുമത് ലാവ പൊട്ടിയൊഴുകുന്ന അഗ്നിപര്‍വ്വതങ്ങളാകും. ചിലപ്പോള്‍ അത് ശാന്തമായി ഒഴുകുന്ന അരിവിയും മനം കവരുന്ന പുല്‍മേടുകളും പൂന്തോട്ടങ്ങളുമായി മാറും. കാലത്തിന് മുഖം നോക്കാനുള്ള കണ്ണാടിയാണ് ക്യാമ്പസ്.

അതുകൊണ്ടുതന്നെ ഇന്നത്തെ ക്യാമ്പസുകാരെ ഈ കാലത്തോട് കണ്ണിചേര്‍ത്ത് പഠിക്കുകയും മനസ്സിലാക്കുകയുമാണു വേണ്ടത്. ഇന്നത്തെ ക്യാമ്പസിലെ എല്ലാ കുട്ടികളും പുതിയ സഹസ്രാബ്ദത്തിന്റെ സന്തതികളാണ്. മില്ലനിയല്‍ കുട്ടികള്‍ എന്നാണവരെ വിളിക്കുന്നത്. നവസഹസ്രാബ്ദ കുട്ടികള്‍ എന്നു പറയുന്നതാണ് കൂടുതല്‍ ഉചിതം. ക്യാമ്പസിലെ യുവ അധ്യാപകരും 1985-നു ശേഷം ജനിച്ചവരായതുകൊണ്ട് ഈ ഗണത്തിലാണ് അവരും ഉള്‍പ്പെടുക. ഇവരുടെ സ്വഭാവ വിശേഷങ്ങളെ സംബന്ധിച്ച നിരവധി പഠനങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ഒരു കാലത്ത് മിനിമം സൗകര്യങ്ങള്‍ പോലും (കുട, വാച്ച്, ചെരുപ്പ, പേന, ഉടുപ്പ് , പുസ്തകം ഫീസ് തുടങ്ങിയവ) രക്ഷകര്‍ത്താക്കളുടെയോ സമൂഹത്തിന്റെയോ ബന്ധുക്കളുടെയോ ഔദാര്യമായി കണക്കാക്കപ്പെട്ടിരുന്നു. പക്ഷേ മില്ലിനിയല്‍ കുട്ടികള്‍ അതെല്ലാം തങ്ങള്‍ക്ക് സ്വാഭാവികമായി അവകാശപ്പെട്ടത് (entitled) ആണെന്ന്‌ കരുതുന്നവരാണ്. അവരുടെ രക്ഷകര്‍ത്താക്കള്‍ കേരളത്തില്‍ പ്രത്യേകിച്ചും അണുകുടുംബ വ്യവസ്ഥയുടെ ആദ്യതലമുറക്കാരാണ്. എല്ലാ വീട്ടിലും ഒന്നോ രണ്ടോ കുട്ടികളെ കാണൂ. അവരെ special children അഥവാ വിശേഷഗുണമുള്ള കുട്ടികള്‍ ആയിട്ടാണ് അച്ഛനമ്മമാര്‍ വളര്‍ത്തിയത്. Generation me(ഞാനെന്ന തലമുറ)യുവ അധ്യാപകരില്‍ പലരും ഈ ഗണത്തില്‍പ്പെട്ടവരാണെന്ന് ശ്രദ്ധിക്കണം. മുതിര്‍ന്ന അധ്യാപകരാകട്ടെ, തങ്ങള്‍ക്ക് ലഭിക്കാതെ പോയ ഈ പരിലാളനങ്ങളുടെ അഭാവത്തെക്കുറിച്ചോര്‍ത്ത് പരിതപിക്കുന്നവരും അതില്‍ അല്പം അസൂയയുള്ളവരുമാണ്. ഇവരുടെ കൈകളിലേക്കാണ് ഈ വിദ്യാര്‍ഥികള്‍ ചെന്നുപെടുന്നത്.
ഈ വിദ്യാര്‍ഥികളെ തന്നെയാണ്‌ നാം വ്യത്യസ്ത സ്വഭാവമുള്ള ക്യാമ്പസുകളില്‍ കണ്ടുമുട്ടുന്നത്. ചിലയിടത്ത് പൂര്‍ണ സ്വാതന്ത്ര്യം. മറ്റു ചിലയിടത്ത് കുറെ പരിമിതികള്‍. ചിലയിടത്ത് ജയില്‍ സമാനമായ കാര്‍ക്കശ്യങ്ങള്‍. ഈ മൂന്നു തലത്തിലും പ്രവര്‍ത്തിക്കുന്ന ക്യാമ്പസുകളില്‍ എങ്ങനെ വിദ്യാര്‍ഥികളെ സംഘടിപ്പിക്കുകയും അവര്‍ക്കിടയില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്തുകയും സര്‍ഗാത്മകമായ അന്തരീക്ഷം നിലനിര്‍ത്തുകയും സര്‍വോപരി അക്കാദമിക് ലക്ഷ്യങ്ങള്‍ പരമാവധി കൈവരിക്കുകയും ചെയ്യുകയെന്ന സങ്കീര്‍ണമായ കര്‍ത്തവ്യമാണ് വിദ്യാര്‍ഥി സംഘടനകള്‍ നിര്‍വഹിക്കേണ്ടി വരുന്നത്.

പൂര്‍ണ സ്വാതന്ത്ര്യം നിലനില്‍ക്കുന്ന കോളേജുകളില്‍ പൂര്‍ണ ജനാധിപത്യം ഉണ്ടോ എന്നതാണ് ഒന്നാമത്തെ ചോദ്യം. അവിടെ സംഘട്ടനങ്ങള്‍ നടക്കുന്നുണ്ടോ? കുട്ടികള്‍ക്ക് പരിക്ക് പറ്റുന്നുണ്ടോ?ഏതെങ്കിലും വിദ്യാര്‍ഥി
സംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിച്ചുവെന്ന പരാതിയുണ്ടോ? ഉണ്ടെങ്കില്‍ പൂര്‍ണ സ്വാതന്ത്ര്യമുള്ള കാമ്പസുകളിലെ ജനാധിപത്യത്തിന്റെ ഗുണനിലവാരം (Quality of democracy) കുറവാണ് എന്നര്‍ത്ഥം. ക്യാമ്പസുകളിലെ ജനാധിപത്യത്തിന്റെ ഗുണനിലവാരം അളക്കുന്നത് ആ Political Department ന്റെ ഒരു പ്രോജക്റ്റാക്കാവുന്നതേയുള്ളൂ. ഇതിനായി മറ്റു കലാലയങ്ങളിലെ Political Department വിദ്യാര്‍ഥികളെ ഒരു മത്സരത്തിനു തന്നെ ക്ഷണിക്കാവുന്നതാണ്. ഏറ്റവും ഉയര്‍ന്ന ജനാധിപത്യ ഗുണനിലവാരത്തിനുള്ള സമ്മാനം സര്‍വകലാശാല യൂണിയന് ഏര്‍പ്പെടുത്തിക്കൂടേ. അതിന്റെ അടിസ്ഥാനത്തില്‍ ഒരു റാങ്കിങ്ങും ആകാവുന്നതേയുള്ളൂ.

നല്ല ജനാധിപത്യം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണ് (entitled) എന്ന് വിശ്വസിക്കുന്ന മില്ലെനിയല്‍ കുട്ടികള്‍ക്ക് ജനാധിപത്യകമ്മി(democratic deficiency) അഥവാ പുച്ഛമാണുള്ളത് എന്ന് വിദ്യാര്‍ഥി നേതാക്കള്‍ വിശ്വസിക്കണം. പൂര്‍ണ സ്വാതന്ത്ര്യം അനുവദനീയമായ ക്യാമ്പസുകളെ പൂര്‍ണ ജനാധിപത്യ ക്യാമ്പസുകളായി ഉയര്‍ത്തി കാണിക്കുമ്പോഴാണ് കേരളീയ ജനാധിപത്യ സമൂഹത്തിന്റെ ഞാറ്റടികളായ ക്യാമ്പസുകള്‍ ഭാവി കേരളത്തിന്റെ ഈടുവെയ്പുകളായി മാറുന്നത്. ഈ നിലപാടുകളില്‍ ഉറച്ചുനിന്നുകൊണ്ടും ഉത്തമ മാതൃകകള്‍ ഉയര്‍ത്തിക്കാണിച്ചുകൊണ്ടും വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തെ പരിമിതമായ ജനാധിപത്യ സ്വാതന്ത്ര്യമുള്ള ക്യാമ്പസുകളിലേക്കും ഇടിമുറി ക്യാമ്പസുകളിലേക്കും അഭിമാനപൂര്‍വം കൊണ്ടുചെല്ലാന്‍ വിദ്യാര്‍ഥി സംഘടനകള്‍ക്ക് എന്തുകൊണ്ടാകുന്നില്ല എന്നതാണ് ചോദ്യം.

ഇന്നും ജെഎന്‍യു പൂര്‍ണസ്വാതന്ത്ര്യവും പൂര്‍ണ ജനാധിപത്യവുമുള്ള ക്യാമ്പസുകള്‍ക്ക് ഉത്തമമാതൃകയാണെന്ന് കേരളത്തിലെ എല്ലാ വിദ്യാര്‍ഥി സംഘടനകളും ഓര്‍മിക്കണം. വിദ്യര്‍ഥി നേതാക്കളും കോളേജ് യൂണിയന്‍ ഭാരവാഹികളും അവിടെയൊരു സന്ദര്‍ശനം നടത്തുന്നത് നല്ലതാണ്. കേരളത്തിലെ എഫ്എസിടിയിലെ ട്രേഡ് യൂണിയന്‍ നേതാക്കള്‍ക്ക് തൊഴിലാളി പ്രശ്‌നത്തിന്റെ പേരില്‍ ഒരുമിച്ചിരിക്കാനും മാനേജ്‌മെന്റിനോടും സര്‍ക്കാരിനോടും സമരം ചെയ്യാനും സംവദിക്കാനും കേരളത്തില്‍ സാധിക്കുന്നുണ്ടെങ്കില്‍ എല്ലാ വിദ്യാര്‍ഥി സംഘടനകള്‍ക്കും എല്ലാ ക്യാമ്പസുകളിലും ഒരുമിച്ചിരിക്കാന്‍ സാധിക്കേണ്ടതാണ്. ഇത്തരം ശീലങ്ങള്‍ എവിടേയോ വച്ച് ക്യാമ്പസു വിട്ടിറങ്ങിയതാണ് ക്യാമ്പസുകളിലെ ഏകധ്രുവീകൃത സംഘര്‍ഷങ്ങള്‍ക്ക് കാരണം.

ദൗര്‍ഭാഗ്യവശാല്‍ ഇതര വിദ്യാര്‍ഥി സംഘടനകളെ ചില ക്യാമ്പസുകളില്‍ വെച്ചുപൊറുപ്പിക്കാത്തവര്‍ തന്നെ കേരളത്തിലെ ക്യാമ്പസുകളില്‍ റാഗിങ്ങും ഇടിമുറിയും വെച്ചുപൊറുപ്പിക്കുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ലജ്ജാകരമാണ്. ക്യാമ്പസുകളില്‍ ക്യാമറക്കണ്ണുകള്‍ ആവശ്യമില്ല. അധ്യാപകന്റെയും വിദ്യാര്‍ഥിയുടെയും കണ്ണുകള്‍ കൊണ്ട് എല്ലാം കാണാവുന്നതാകണം ക്യാമ്പസ്. ഫ്യൂഡലിസത്തിന്റെ കിരാതരൂപമായ, ജെഎന്‍യു അടക്കം ലോകത്തിലെ ഒരു നല്ല സര്‍വകലാശാലയിലും ഇന്ന് നിലനില്‍ക്കാത്ത റാഗിങിനെയും അത് നടപ്പിലാക്കുന്ന വീരന്‍മാരെയും നിലയ്ക്കുനിര്‍ത്തിയ ചരിത്രം കേരളത്തില്‍ തന്നെയുണ്ട്. അതിനെ പൊലീസിന്റെയോ മാനേജ്‌മെന്റ് ഗുണ്ടകളുടെയോ സഹായം ആവശ്യമില്ല. നല്ല വിദ്യാര്‍ഥി നേതൃത്വത്തിന്റെ കണ്‍മുനകള്‍ ധാരാളം മതി.

ക്യാമ്പസുകളെ മുട്ടക്കോഴിയെ വിരിയിക്കുന്ന ഓട്ടോമാറ്റിക് ഹാച്ചറികളായി കാണുന്ന ചില മാനേജ്‌മെന്റുകള്‍ അവരുടെ മനോഭാവത്തില്‍ അടിയന്തര മാറ്റം വരുത്തിയേ പറ്റൂ. ഇടിമുറികളും പതിനൊന്ന് ലക്ഷം രൂപയുടെ ഫീസും ഒരുമിച്ച് പോകില്ല. ഇടിമുറികളും ബൗണ്‍സര്‍മാരും ഇല്ലാതെ കലാലയങ്ങള്‍ നടത്തിക്കൊണ്ടു പോകാന്‍ ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ അവര്‍ അത് സര്‍ക്കാരിനെ ഏല്‍പ്പിക്കുകയാണ് നല്ലത്. സര്‍ക്കാരാകട്ടെ ഇത്തരം കോളേജുകളെ കേപ്പ് പോലുള്ള (കോപ്പറേറ്റീവ് അക്കാദമി ഫോര്‍ പ്രൊഫഷണല്‍ എഡ്യൂക്കേഷന്‍)സഹകരണ-അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലൂടെ ഏറ്റെടുക്കേണ്ടതാണ്. പണ്ട് ചായ തോട്ടങ്ങള്‍ മുതല്‍ കശുവണ്ടി ഫാക്ടറി വരെ, എന്തിന് ആലപ്പുഴ തിരുമല ദേവസ്വം മെഡിക്കല്‍ കോളേജ് പോലും ഏറ്റെടുത്ത ചരിത്രം കേരളത്തിനുണ്ട്‌.

ജഡ്ജിമാര്‍ കൈകാര്യം ചെയ്യുന്നത് അവര്‍ ജനിച്ചു വളര്‍ന്ന തലമുറയെ അല്ല എന്ന ഓര്‍മ അവര്‍ക്കുവേണം. ആരും പഞ്ചുമേനോന്‍മാരാകാന്‍ ശ്രമിക്കരുത്. നമ്മുടെ നവ യൗവനത്തെ ചിറകു വിടര്‍ത്തി പറക്കാന്‍ അനുവദിക്കുക. സര്‍ഗാത്മകതയുടെയും വിജ്ഞാനത്തിന്റെയും ജനാധിപത്യത്തിന്റേയും നവലോകത്തിനുമീതെ അവര്‍ പറന്നുയരട്ടെ.