തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷാ യാത്ര ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പെടെയുള്ള കേന്ദ്രനേതാക്കള്‍ സമാപന യാത്രയിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും.
പയ്യന്നൂരില്‍ നിന്ന് ഒക്ടോബര്‍ മൂന്നിന് തുടങ്ങിയ യാത്രയുടെ പ്രധാന ശ്രദ്ധാകേന്ദ്രം കണ്ണൂരായിരുന്നു. പിണറായി വഴി നടക്കുമെന്ന് പ്രഖ്യാപിച്ച് പാതിവഴിയില്‍ നിന്ന് തിരിച്ചുപോയ ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ നടപടിയില്‍ തുടങ്ങി വാര്‍ത്തകളിലും വിവാദങ്ങളിലും ട്രോളുകളിലും വരെ നിറഞ്ഞ ജനരക്ഷാ യാത്രയ്ക്ക് ഇന്ന് സമാപനം. സ്മൃതി ഇറാനി അടക്കം കേന്ദ്രമന്ത്രിമാരും യോഗി ആദിത്യനാഥും ശിവരാജ് സിംങ് ചൗഹാനും അടക്കം സംസ്ഥാന മുഖ്യമന്ത്രിമാരും ദേശീയ നേതാക്കളും ജാഥയില്‍ പലയിടങ്ങളില്‍ പങ്കാളികളായി.
കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന് തലസ്ഥാന ജില്ലയിലെ പദയാത്ര ഉദ്ഘാടനം ചെയ്തു. കേന്ദ്രമന്ത്രി അശ്വിനി കുമാര്‍ ചൗബേ യാത്രയെ അഭിസംബോധന ചെയ്യും. പാളയം വരെ തുറന്നജീപ്പില്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്ന അമിത് ഷാ പുത്തരിക്കണ്ടം മൈതാനം വരെ നടക്കും. വൈകുന്നേരം അഞ്ചിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ സംസ്ഥാന ദേശീയ നേതാക്കളെ കൂടാതെ ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, സി.കെ.ജാനു തുടങ്ങിയവരും പങ്കെടുക്കുന്നുണ്ട്.