ജയ്‌ ഷായ്‌ക്കെതിരായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും `ദി വയറിന്‌’ വിലക്ക്‌

0
47


അഹമ്മദാബാദ്‌: ബിജെപി അധ്യക്ഷന്‍ അമിത്‌ ഷായുടെ മകന്‍ ജയ്‌ ഷായ്‌ക്കെതിരായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന്‌ ദി വയര്‍ ന്യൂസ്‌ വെബ്‌ പോര്‍ട്ടലിന്‌ വിലക്ക്‌. അഹമ്മദാബാദ്‌ സിവില്‍ കോടതിയാണ്‌ വിലക്കേര്‍പ്പെടുത്തിയത്‌.
ജയ്‌ ഷായുടെ കമ്പനിയായ ടെംപിള്‍ എന്റര്‍പ്രൈസസിന്റെ വരുമാനത്തില്‍ കുറഞ്ഞ കാലയളവില്‍ തന്നെ 16,000 ശതമാനത്തിന്റെ വര്‍ധനവുണ്ടായി എന്നും ബിജെപി അധികാരത്തിലെത്തിയതിന്‌ ശേഷമാണിതെന്നും ദി വയര്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.

എന്നാല്‍ ഈ വാര്‍ത്ത നിഷേധിച്ച ജയ്‌ ഷാ കമ്പനിക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ച വയറിനെതിരെ 100 കോടി രൂപ ആവശ്യപ്പെട്ട്‌ മാനനഷ്ട കേസ്‌ നല്‍കുകയായിരുന്നു. ഈ കേസില്‍ അന്തിമ വിധി വരുന്നതുവരെയാണ്‌ ജയ്‌ ഷായ്‌ക്കെതിരായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന്‌ ദി വയറിനെ കോടതി വിലക്കിയത്‌.


കേസില്‍ അന്തിമ വിധി വരുന്നതുവരെ നേരത്തെ പ്രസിദ്ധീകരിച്ച വാര്‍ത്തയുമായി ബന്ധപ്പെട്ട്‌ അച്ചടി, ദൃശ്യ, ഡിജിറ്റല്‍, അഭിമുഖം, ടി.വി ചര്‍ച്ച എന്നിവ ഒരു ഭാഷയിലും പാടില്ലെന്നാണ്‌ കോടതിയുടെ നിര്‍ദേശം. ദീപാവലി അവധിക്ക്‌ ശേഷം കേസ്‌ കോടതി വീണ്ടും പരിഗണിക്കും.