കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ നടന് ദിലീപിനെതിരെയുളള കുറ്റപത്രം തയ്യാറായതായി പൊലീസ്. കൂട്ട മാനഭംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, തെളിവ് നശിപ്പിക്കല്‍, പ്രതിയെ സംരക്ഷിക്കല്‍, തൊണ്ടി മുതല്‍ സൂക്ഷിക്കല്‍, ഭീഷണി, അന്യായമായി തടങ്കലില്‍ വെയ്ക്കല്‍ എന്നീ വകുപ്പുകള്‍ ദിലീപിനെതിരെ ചുമത്തും. ഇരുപതിലേറെ നിര്‍ണായക തെളിവുകള്‍ കുറ്റപത്രത്തിലുണ്ടാകുമെന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. ഇതുവരെ പൊലീസ് വെളിപ്പെടുത്താത്ത വിവരങ്ങളും കുറ്റപത്രത്തില്‍ ഉണ്ടെന്നാണ് സൂചന.
കുറ്റപത്രത്തിനൊപ്പം നല്കാന് നേരിട്ടുളള തെളിവുകളുടെയും സാഹചര്യ തെളിവുകളുടെയും അനുബന്ധ റിപ്പോര്‍ട്ടും പൊലീസ് തയ്യാറാക്കി. നടി ആക്രമിക്കപ്പെട്ട് എട്ടുമാസം തികയുന്ന ഇന്ന് കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലീസ് തീരുമാനിച്ചിരുന്നതെങ്കിലും മജിസ്ട്രേറ്റ് അവധി ആയതിനാല്‍ ദിവസം മാറ്റുകയായിരുന്നു. വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പ്രത്യേക കോടതിയെ നിയോഗിക്കണമെന്ന ശുപാര്‍ശയും സര്‍ക്കാരിന് മുന്‍പാകെ ഡിജിപി സമര്‍പ്പിക്കും.