ന്യൂഡല്‍ഹി: നരേന്ദ്രമോദിയുടെ തീപ്പൊരി വിമര്‍ശകനായ പ്രമുഖ ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ കോണ്‍ഗ്രസിലേക്കോ? ബിജെപി നേതൃത്വം നിരന്തരം ശ്രമിച്ചിട്ടും കടുത്ത മോദി വിമര്‍ശകനായി തുടരുന്ന യശ്വന്ത് സിന്‍ഹയുടെ ലക്ഷ്യം കോണ്‍ഗ്രസ് എന്നാണു സൂചനകള്‍.
വാജ്പേയി സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന യശ്വന്ത് സിന്‍ഹയുടെ സാമ്പത്തിക വിമര്‍ശനശരങ്ങള്‍ ബിജെപിക്ക് താങ്ങാന്‍ കഴിയുന്നതിലും അപ്പുറത്താണെന്ന് വിശകലനം വന്നിരിക്കെയാണ് സിന്‍ഹയുടെ ലക്ഷ്യം കോണ്‍ഗ്രസ് ആണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിട്ടുള്ളത്.
നരേന്ദ്ര മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ കാര്യക്ഷമായ ഒരു പോര്‍മുഖം തുറന്നിരിക്കുന്നത് യശ്വന്ത് സിന്‍ഹയാണ്. മുന്‍ കേന്ദ്ര ധനമന്ത്രികൂടിയായ സിന്‍ഹയുടെ ജി.എസ്.ടിയെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ ലക്ഷ്യഭേദിയായിരുന്നു.
പ്രതിപക്ഷ പാര്‍ട്ടികളുടെ മുഴുവന്‍ കയ്യടിയാണ് ജിഎസ് ടി വിമര്‍ശനത്തിന്റെ പേരില്‍ സിന്‍ഹ ഏറ്റുവാങ്ങിയത്. ഗുഡ് ആന്‍ഡ് സിംപിള്‍ ടാക്സ് ആകേണ്ടിയിരുന്ന ജിഎസ് ടി ബാഡ് ആന്റ് കോംപ്ലിക്കേറ്റഡ് ടാക്സ് ആയി മാറി എന്നാണ് സിന്‍ഹയുടെ പ്രധാന വിമര്‍ശനങ്ങളിലൊന്ന്.
ജിഎസ് ടി വന്നതോടെ നികുതി സമ്പ്രദായം എക്കാലത്തേയും സങ്കീര്‍ണ്ണമായ അവസ്ഥയിലാണ് ഞങ്ങള്‍ പ്രതിപക്ഷത്തായിരുന്ന സമയത്ത് നികുതി ഭീകരതയേയും റെയ് ഡ് രാജിനേയും കുറ്റപ്പെടുത്തിയിരുന്നു. ഇപ്പോഴത്തെ സര്‍ക്കാരിന്റെ നടപടികളെ എന്ത് വിളിക്കണമെന്നു പോലും നിശ്ചയമില്ല-സിന്‍ഹ കഴിഞ്ഞ ദിവസം പ്രതികരിച്ചു.
ഇതെല്ലാം കണക്കിലെടുത്താണ് മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ അശോക് ചവാന്, സിന്‍ഹയെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തത്. നേതാക്കള്‍ക്ക് വ്യത്യസ്ത അഭിപ്രായങ്ങള്‍ തുറന്നുപറയാനുള്ള വേദിയല്ല കുങ്കുമ പാര്‍ട്ടിയെന്നും ചവാന് പറഞ്ഞു.
ബിജെപിയില്‍ അസംതൃപ്തനായി തുടരുന്ന പാര്‍ട്ടി എംപി നാനാ പടോള്‍ കഴിഞ്ഞ ദിവസം യശ്വന്ത് സിന്‍ഹയെ സന്ദര്‍ശിച്ചിരുന്നു. നാഗ് പൂര് വിമാനത്താവളത്തില്‍
വെച്ചായിരുന്നു കൂടിക്കാഴ്ച. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിക്കുന്നതില്‍ സിന്‍ഹയ്ക്കൊപ്പം നിലകൊള്ളുന്ന നേതാവാണ് നാനാ പടോള്‍.
എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പടോള്‍ നിഷേധിച്ചിട്ടുണ്ട്. അശോക് ചവാന്റെ ക്ഷണത്തിനു നന്ദിയുണ്ട്. പക്ഷെ ഈ കാര്യത്തില്‍ യോജിക്കുന്നില്ല-പടോള്‍ പറഞ്ഞു.
പാര്‍ലമെന്റില്‍ ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹം എന്റെ സഹപ്രവര്ത്ത്കനാണ്. പക്ഷെ നിലവില്‍ ബിജെപിയില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ തുറന്നു പറയാനുള്ള സാഹചര്യമില്ല-പടോളുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് അശോക് ചവാന് പറഞ്ഞു. യശ്വന്ത് സിന്‍ഹയെപ്പോലുള്ള ഒരുപാട് വിമര്‍ശകര്‍ ബിജെപിയിലുണ്ടെന്നും ചവാന് പറഞ്ഞു.