അഹമ്മദാബാദ് : അഹമ്മദാബാദ് കോടതി വിധി ഏകപക്ഷീയമെന്ന് ദ വയര്‍.തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് ഈ ഉത്തരവെന്നും വാ മൂടിക്കെട്ടാനുളള ശ്രമമാണിത്. മേല്‍ക്കോടതിയെ സമീപിക്കുമെന്നും ദ വയര്‍ അധികൃതര്‍ അറിയിച്ചു.ബിജെപി അധ്യക്ഷന്‍ അമിത്ഷായുടെ മകന് ജയ് ഷായുടെ സ്വത്ത് സംബന്ധിച്ച വാര്‍ത്തകള്‍ നല്‍കുന്നത് വിലക്കിയ അഹമ്മദാബാദ് കോടതി വിധിയെത്തുടര്‍ന്നാണ് ദ വയര്‍ അധികൃതര്‍ പ്രതികരിച്ചത്.
തങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയോ വാദമുഖങ്ങള്‍ അവതരിപ്പിക്കാന്‍ സമയം നല്‍കുകയോ ചെയ്തിട്ടില്ല. ജയ് ഷായുടെ അഭിഭാഷകന്റെ മാത്രം വാദത്തിന്റെ അടിസ്ഥാനത്തിലാണ് വിധി.ഉത്തരവ് സംബന്ധിച്ച ജയ്ഷായുടെ അഭിഭാഷകന് നല്കിയ അറിയിപ്പ് തിങ്കളാഴ്ചയാണ് ലഭിച്ചതെന്ന് ദ വയര്‍ വ്യക്തമാക്കി.
ഇതിനെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്നും ദ വയര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
ജയ് ഷാ നല്കിയ മാനനഷ്ടക്കേസില്‍ അന്തിമ വിധി ഉണ്ടാകുന്നത് വരെ ദ വയര്‍ പ്രസിദ്ദീകരിച്ച ജയ്ഷായുടെ സ്വത്ത് വിവരം സംബന്ധിച്ച വാര്‍ത്തയുടെ പേരില്‍ തുടര്‍വാര്‍ത്തകള്‍ അച്ചടി, ദൃശ്യ, ഡിജിറ്റല്‍ രൂപത്തിലോ അഭിമുഖമോ ടിവി ചര്‍ച്ചയോ ഡിബേറ്റോ ഒരു ഭാഷയിലും ദി വയര്‍ സംപ്രേക്ഷണം ചെയ്യാനോ അച്ചടിക്കാനോ പാടില്ലെന്നാണ് അഹമ്മദാബാദ് കോടതി ഉത്തരവിട്ടത്.