വികസനത്തില്‍ ഏറ്റുമുട്ടാന്‍ വെല്ലുവിളിച്ച് അമിത്ഷാ

0
65

തിരുവനന്തപുരം: വികസനത്തിന്റെയും ദാരിദ്ര്യ നിര്‍മാര്‍ജനത്തിന്റെയും കാര്യത്തില്‍ ഏറ്റുമുട്ടാന്‍ സിപിഎമ്മിനെ വെല്ലുവിളിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ബിജെപി ജനരക്ഷാ യാത്രയുടെ സമാപന സമ്മേളനത്തിലാണ് അമിത് ഷായുടെ വെല്ലുവിളി . ഈ സര്‍ക്കാരിന്റെ രൂപവത്കരണത്തിന് ശേഷം ബി.ജെ.പി പ്രവര്‍ത്തകര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. മുഖ്യമന്ത്രിയുടെ നാട്ടിലാണ് ഏറ്റവും കൂടുതല്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്. ഇതിന്റെ ധാര്‍മിക ഉത്തരവാദിത്തം മുഖ്യമന്ത്രി ഏറ്റെടുക്കുമോയെന്നും അദ്ദേഹം ചോദിച്ചു.

കേരളത്തില്‍ ഏപ്പോഴൊക്കെ കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലെത്തുന്നുവോ അപ്പോഴൊക്കെ തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജനരക്ഷാ യാത്രയില്‍ മുഖ്യമന്ത്രിക്ക് ഭീതിയുണ്ടെന്നതിന്റെ തെളിവാണ് സോളാര്‍ കേസിലെ നടപടികള്‍ മന്ദഗതിയിലാക്കിയത്. സിപിഎം സാന്നിധ്യമുള്ള ബംഗാള്‍, തൃപുര എന്നിവിടങ്ങളിലും ഇതുതന്നെയാണ് നടക്കുന്നത്. എവിടെയൊക്കെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ അധികാരത്തില്‍ നിന്ന് പുറത്തുപോയിട്ടുണ്ടോ അതിന്റെ കാരണം അഴിമതിയും കുടുംബ വാഴ്ചയുമായിരുന്നു. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് ഭരണം അവസാനിക്കാന്‍ പോകുന്നത് അഴിമതിയും അക്രമവും മുലമാകുമെന്നും അമിത്ഷാ കൂട്ടിച്ചേര്‍ത്തു.