കൊച്ചി: മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് തുടരും. ശ്രീശാന്തിന്റെ വിലക്ക് നീക്കിയ ഹൈക്കോടതി സിംഗിള്‍ ബഞ്ച് വിധി ഡിവിഷന് ബഞ്ച് റദ്ദാക്കി.
സിംഗിള്‍ ബഞ്ച് വിധിക്കെതിരെ ബിസിസിഐ നല്കിയ അപ്പീലിലാണ് ഡിവിഷന് ബഞ്ചിന്റെ നടപടി. ശ്രീശാന്തിന് ബി സി സി ഐ വിലക്കേര്‍പ്പെടുത്തിയത് ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ടാണ്.
എന്നാല്‍ ഒത്തുകളി വിവാദം പട്യാലക്കോടതി തള്ളിക്കളഞ്ഞിരുന്നു. കേസില്‍ ശ്രീശാന്തടക്കമുള്ള പ്രതികളെയെല്ലാം കോടതി കുറ്റവിമുക്തരാക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ബി സി സി ഐ വിലക്ക് പിന്‍വലിക്കാന്‍ തയ്യാറായിരുന്നില്ല. ഇതിനെതിരെ ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് ആജീവനാന്തവിലക്ക് നീക്കിയത്. ഇതാണ് ബിസിസിഐ അപ്പീലിലൂടെ ചോദ്യം ചെയ്തത്. ബിസിസിഐയുടെ സ്വയംഭരണാവകാശമാണെന്ന വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.
കോടതി വിധിയിലെ നിരാശ വ്യക്തമാക്കി ശ്രീശാന്ത് രംഗത്തെത്തി. തനിക്ക് മാത്രം പ്രത്യേക നിയമമാണോ? അപ്പോള്‍ യഥാര്‍ത്ഥ കുറ്റവാളികളായ ചെന്നൈ സൂപ്പര്‍ കിങ്സിന്റെയും രാജസ്ഥാന് റോയല്‍സിന്റേയും കാര്യമോ? – ശ്രീശാന്ത് ട്വിറ്ററില്‍ കുറിച്ചു. നീതി കിട്ടും വരെ പോരാട്ടം തുടരുമെന്നും ശ്രീശാന്ത് വ്യക്തമാക്കി.