ഷെയ്ല്‍ പാറകളും അവയില്‍നിന്നുള്ള ഇന്ധനവും -ഒരു പുതു തലമുറ ഊര്‍ജ്ജ സ്രോതസ്സ്

0
75

ഊര്‍ജം മാനവരാശിയുടെ എല്ലാ പ്രവര്‍ത്തനങ്ങളും വേണ്ട ഒരാവശ്യ വസ്തുവാണ്. സാങ്കേതിക മുന്നേറ്റങ്ങള്‍ ഏറെ ഉണ്ടായിട്ടും കാര്ബണിക ദ്രവ -വാതക ഇന്ധനങ്ങള്‍ മാനവരാശിയുടെ ഊര്‍ജ്ജദായക ഇന്ധനങ്ങളുടെ മുന്‍നിരയില്‍ വരുന്നത് അവയുടെ ഉയര്‍ന്ന ഊര്‍ജ്ജ സാന്ദ്രതയും ,ഉപയോഗിക്കാനുള്ള സൗകര്യവും മൂലമാണ്. സമീപ ഭാവിയിലും ദ്രവ -വാതക ഇന്ധനങ്ങളുടെ പ്രസക്തി കുറവില്ലാതെ തുടരാനാണ് എല്ലാ സാധ്യതയും.

വളരെ വേഗത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന ഒരു ഊര്‍ജ മേഖലയാണ് ഷെയ്ല്‍ പാറകളില്‍ നിന്നുള്ള ദ്രവ – വാതക ഇന്ധനങ്ങളുടെ ഉല്‍പ്പാദനം. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ ഷെയ്ല്‍ ഇന്ധനങ്ങള്‍ ലോകത്തിന്റെ സമ്പദ് വ്യവസ്ഥയുടെ പുതിയ രൂപ രേഖകള്‍ നിര്‍ണയിച്ചു കഴിഞ്ഞു. ക്രൂഡ് ഓയില്‍ വച്ച് വിലപേശിക്കൊണ്ടിരുന്ന ഒപെക് എന്ന കൂട്ടായ്മ കഴിഞ്ഞ നാല്പതു കൊല്ലത്തില്‍ ആദ്യമായി ഒരു കടലാസു പുലി ആയി മാറുന്ന കാഴ്ച ഈ അടുത്ത കാലത്തെ ഒരു സംഭവം തന്നെയാണ്.

ഷെയ്ല്‍ പാറകള്‍

ഭൂമിയുടെ പുറം പാളിയില്‍ (CRUST ) കാണപ്പെടുന്ന ഒരു തരാം അവസാദ ശിലയാണ് ( SEDIMENTARY ROCK) ഷെയ്ല്‍. അവസാദ ശിലകള്‍ രൂപം കൊള്ളുന്നത് ഭൗമോപരിതലത്തിലെ വസ്തുക്കള്‍ ഒരു സ്ഥലത്തു അടിഞ്ഞു കൂടി താപത്തിന്റെയും, മര്‍ദത്തിന്റെയും ലക്ഷക്കണക്കിന് വര്ഷങ്ങളുടെ പ്രവര്‍ത്തന ഭലമായി സാന്ദ്രീകരിക്കപ്പെട്ട് ശിലാരൂപം പ്രാപിക്കുന്നവയാണ് ഷെയ്ല്‍ പാറകള്‍. സാധാരണയായി ഇവ അടരുകള്‍ ആയി ആണ് കാണപ്പെടുന്നത്. ഇവ നിര്‍മിക്കപ്പെടുന്ന വസ്തുക്കളില്‍ ധാരാളം ജൈവ വസ്തുകകളും ഉണ്ടാവും. അത്തരം ജൈവ വസ്തുക്കള്‍ ലക്ഷക്കണക്കിന് വര്‍ഷങ്ങളിലൂടെ കാര്‍ബണിക സംയുക്തങ്ങള്‍ ആയി മാറി ഈ പാറകളുടെ അടരുകള്‍ക്കുള്ളില്‍ കുടുങ്ങുന്നു. ഈ തളച്ചിടപ്പെട്ട കാര്ബണിക വസ്തുക്കളാണ് ഇപ്പോള്‍ ഷെയ്ല്‍ ഓയില്‍ ആയും ഷെയ്ല്‍ ഗ്യാസ് ആയും ഉത്പാദിപ്പിച്ചു കൊണ്ടിരിക്കുന്നത്.

ഷെയ്ല്‍ അടരുകളില്‍ നിന്നുള്ള ഇന്ധന ഉല്‍പ്പാദനം

ഷെയ്ല്‍ പാറകളിലെ ഇന്ധനത്തെക്കുറിച്ച മനുഷ്യന്‍ പണ്ടുമുതലേ അറിയാം ആയിരുന്നു. പക്ഷെ അവയില്‍നിന്നുള്ള വന്‍തോതിലുള്ള എണ്ണ -ഗ്യാസ് ഉല്‍പ്പാദനം സാധ്യമായ ത് ഈ അടുത്തകാലത്താണ് .ഹൊറിസോണ്ടല്‍ ഡ്രില്ലിങ്, ഫ്രാകിങ് എന്നീ സാങ്കേതികവിദ്യകള്‍ വന്‍തോതില്‍ വികസിച്ചതാണ് ഷെയ്ല്‍ പാറകളിലെ ഇന്ധനം മാനവരാശിക്ക് പ്രാപ്യമായി തീരാനുളള പ്രധാന കാരണം. അന്‍പതുകള്‍ മുതല്‍ നിലവിലുള്ള ഒരു സാങ്കേതിക വിദ്യയാണ് ഫറാക്കിങ്. ഹൊറിസോണ്ടല്‍ ഡ്രില്ലി ങിലൂടെ വന്‍തോതില്‍ ജലവും നീരാവിയും കടത്തിവിട്ട് എണ്ണക്കിണറുകളില്‍ നിന്നും കൂടുതല്‍ എണ്ണ ഉത്പാദിപ്പിക്കാനാണ് ഫറാക്കിങ് ആദ്യ കാലങ്ങളില്‍ ഉപയോഗിച്ചത്. പിന്നീട് ഷെയ്ല്‍ അടരുകളില്‍ നിന്നും എണ്ണയും വാതകവും ഉല്‍പാദിപ്പിക്കാനുള്ള ഒരുപാധിയായി ഈ സാങ്കേതിക വിദ്യയെ മാറ്റിയെടുക്കുകയാണ് ഉണ്ടായത്.

യു എസ് ലാണ് ഫ്രാകിങ് ആദ്യമായി വ്യാവസായിക അടിസ്ഥാനത്തില്‍ ഉപയോഗിക്കപ്പെട്ടത്. മധ്യ ഏഷ്യ യില്‌നിന്നുള്ള ക്രൂഡില്‍ നിന്നും ഒരു മോചനത്തിനായുളള അമേരിക്കന്‍ സര്‍ക്കാരിന്റെ ശ്രമങ്ങളാണ് യു എസ് ല്‍ വന്‍തോതിലുള്ള ഷെയ്ല്‍ പര്യവേക്ഷണങ്ങള്‍ക്കു തുടക്കം കുറിച്ചത് കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ യു എസ് ഇന്റെ ആഭ്യന്തര എണ്ണ ഉല്‍പ്പാദനം ഏതാണ്ട് ഇരട്ടിയാക്കാന്‍ ഫ്രാകിങ് ഉപയോഗിച്ചുള്ള ഷെയ്ല്‍ ഇന്ധന ഉല്‍പ്പാദനത്തിന് കഴിഞ്ഞിട്ടുണ്ട്. ഭൂമിയിലെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യത്തിന്റെ സ്ഥാനത്തുനിന്നും ഒരു എണ്ണ കയറ്റുമതി രാജ്യമായി യു എസ് മാറിക്കൊണ്ടിരിക്കുകയാണ്. യു എസ് ല്‍ നിന്നുള്ള ഷെയ്ല്‍ എണ്ണ വഹിക്കുന്ന ആദ്യ ടാങ്കര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യയില്‍ എത്തിയിരുന്നു. ഈ അടുത്തകാലത്തുണ്ടായ അന്താരാഷ്ട്ര വിപണിയിലെ എണ്ണവിലയിലെ കുറവിന് കാരണവും ഷെയ്ല്‍ എണ്ണയുടെ കടന്നു വരവാണ്.

ലോകത്തെ പ്രധാന എണ്ണ ഉപഭോക്തൃ രാജ്യങ്ങളില്‍ എല്ലാം തന്നെ വന്‍ ഷെയ്ല്‍ ഇന്ധന നിക്ഷേപം ഉണ്ടെന്നാണ് കണക്കുകൂട്ടല്‍. ഇപ്പോള്‍ ലഭ്യമായ കണക്ക് അനുസരിച് ഭൂമിയിലെ ക്രൂഡ് ഓയില്‍ നിക്ഷേപങ്ങളെ പല മടങ്ങു കടത്തി വെട്ടുന്ന ഷെയ്ല്‍ നിക്ഷേപങ്ങളുണ്ട്. നമ്മുടെ രാജ്യത്ത് വന്‍തോതിലുള്ള ഷെയ്ല്‍ പേര്യവേക്ഷണങ്ങള്‍ നടന്നിട്ടില്ല .എന്നാലും നമ്മുടെ കിഴക്കന്‍ തീരത്തും മധ്യ പീഠഭൂമിയിലും വന്‍ ഷെയ്ല്‍ നിക്ഷേപങ്ങള്‍ ഉണ്ടാവും എന്നാണ് അനുമാനം. ഷെയ്ല്‍ ഇന്ധനങ്ങളും അവയുടെ ഉല്‍പ്പാദനവും അതിന്റെ ആരംഭ ദിനങ്ങളിലാണ്. പക്ഷെ ഈ ചുരുങ്ങിയ കാലയളവില്‍ അവ ലോക സാമ്പത്തിക ക്രമത്തില്‍ ചെലുത്തിയ സ്വാധീനം ഇപ്പോള്‍ തന്നെ ശ്രേധേയമാണ്.