സൈനികര്‍ക്കും യോഗയും ആയുര്‍വേദവും ഫലപ്രദമാണെന്ന്‌ പ്രധാനമന്ത്രി

0
35


ന്യൂഡല്‍ഹി: സൈനികര്‍ക്കും യോഗയും ആയുര്‍വേദവും ഫലപ്രദമാണെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ആയുര്‍വേദം ഒരു മെഡിക്കല്‍ സയന്‍സ്‌ മാത്രമല്ലെന്നും അത്‌ സമൂഹത്തിന്റെയും പരിസ്ഥിതിയുടെയും ആരോഗ്യം സംരക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ആദ്യത്തെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ആയുര്‍വേദയുടെ ഉദ്‌ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഡല്‍ഹിയിലെ സരിത വിഹാറില്‍ 10 ഏക്കര്‍ സ്ഥലത്താണ്‌ 157 കോടി ചെലവിട്ട്‌ ആള്‍ ഇന്ത്യ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ ആയുര്‍വേദ നിര്‍മിച്ചിരിക്കുന്നത്‌. ആയുര്‍വേദത്തിന്റെ ഗുണമേന്മ നിരവധിയാണ്‌. നിലവിലുള്ള ആയുര്‍വേദ പഠനരീതി പരിഷ്‌കരിക്കണം. ആയുര്‍വേദ മരുന്നുകള്‍ മികച്ച രീതിയില്‍ പാക്‌ ചെയ്‌ത്‌ വിതരണം ചെയ്യണം. ഔഷധച്ചെടികള്‍ കൃഷി ചെയ്യുന്നത്‌ കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുമെന്നും മോദി പറഞ്ഞു.

പൈതൃകം നഷ്ടപ്പെടുത്തിയാല്‍ ഒരു രാജ്യത്തിനും പുരോഗതി കൈവരിക്കാനാവില്ല. ആ പൈതൃകം നമ്മള്‍ കുറേക്കാലത്തേക്ക്‌ മറന്നു. അതിപ്പോള്‍ നാം വീണ്ടും ഓര്‍ത്തെടുക്കാന്‍ തുടങ്ങിയെന്നും യോഗ ഇന്ന്‌ ലോകമെമ്പാടും വ്യാപിച്ചു കഴിഞ്ഞെന്നും മോദി കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ എല്ലാ ജില്ലകളിലും ഒരു നല്ല ആശുപത്രിയെങ്കിലും ഉണ്ടാവണമെന്നും ആയുര്‍വേദം ഉള്‍പ്പെടെയുള്ള പാരമ്പര്യ ചികിത്സാ സൗകര്യങ്ങള്‍ അവിടെ ലഭ്യമാകണമെന്നും അദ്ദേഹം പറഞ്ഞു.