അച്ചാച്ഛനില്ലാത്ത ആറ് വര്‍ഷങ്ങള്‍

0
303

പ്രശസ്ത സാഹിത്യകാരന്‍ കാക്കനാടന്‍ മരിച്ചിട്ട് ഇന്ന് ആറ് വര്‍ഷം തികയുന്നു. അദ്ദേഹത്തിന്റെ ആത്മസുഹൃത്തായിരുന്ന വൈക്കം ചന്ദ്രശേഖരന്‍ നായരുടെ മകന്‍ ഗൗതം, കാക്കനാടന്‍ എന്ന ‘അച്ചാച്ഛ’നെ ഓര്‍ക്കുന്നു…

കൊച്ചിയില്‍ നിന്നും കൊല്ലത്തേയ്ക്കുള്ള പറിച്ചുനടല്‍ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു എനിക്ക്. പുതിയ കൂടപ്പിറപ്പുകളെയും സുഹൃത്തുക്കളെയും ലഭിച്ച, ജീവിതത്തിന് പുതിയ ഒരു മുഖം അല്ലെങ്കില്‍ അര്‍ത്ഥം നല്‍കിയ അനുഗ്രഹമായിരുന്നു അത്. അതിന് പ്രധാന കാരണം എന്റെ അച്ഛന്റെയും കാക്കനാടന്‍ എന്ന അച്ചാച്ഛന്റെയും സൗഹൃദമായിരുന്നു. അവരുടേത് ഒരു സൗഹൃദം മാത്രമായിരുന്നില്ല. സഹോദരന്‍മാരെപ്പോലെയായിരുന്നു അവര്‍. അന്യോനം ബേബി എന്നും ചേട്ടാ എന്നും വിളിച്ചിരുന്ന ആത്മബന്ധം. അച്ചാച്ഛന്റെ വീട്ടില്‍ എനിക്ക് രണ്ട് സഹോദരന്‍മാരെയും ഒരു ചേച്ചിയെയും കൂടുതലായി ലഭിച്ചു. പിന്നീട് ചേച്ചി എന്റെ സഹോദരന്റെ ഭാര്യയായെങ്കിലും ആ ബന്ധമായിരുന്നില്ല ഞങ്ങള്‍ രണ്ട് കുടുംബങ്ങളുടെയും അടുപ്പത്തിന് കാരണം.

അച്ചാച്ഛന്റെ കൂടെയുള്ള ഓരോ നിമിഷവും എന്റെ വ്യക്തിത്വത്തെ മാറ്റിമറിക്കുന്നതായിരുന്നു. പിന്നിലേയ്ക്ക് തിരിഞ്ഞുനോക്കുമ്പോള്‍ അദ്ദേഹം എനിക്ക് ആരായിരുന്നുവെന്നും എന്തെല്ലാമായിരുന്നുവെന്നും വിശദീകരിക്കേണ്ടിവരും. അദ്ദേഹം എനിക്ക് അച്ഛന്റെ, ഗുരുവിന്റെ, എല്ലാം തുറന്ന് സംസാരിക്കാവുന്ന സുഹൃത്തിന്റെ എല്ലാം സ്ഥാനത്തായിരുന്നു.

അച്ചാച്ഛന്റെ എല്ലാമായിരുന്ന അമ്മിണി കാക്കനാടന്‍ എന്ന അമ്മാമ്മ ഞങ്ങളുടെയെല്ലാം അമ്മയായിരുന്നു. സ്വന്തം മക്കള്‍ക്കെന്ന പോലെ അവര്‍ ഒരുപാട് ഭക്ഷണം വിളമ്പിത്തന്നിട്ടുണ്ട്. എന്റെ പഠനകാലത്തും പിന്നീട് ജോലി ലഭിച്ച കാലത്തും അതില്ലാത്ത കാലത്തും സ്വന്തം വീട് പോലെ എപ്പോഴും കയറിച്ചെല്ലാമായിരുന്ന വീടായിരുന്നു അത്. ഇപ്പോഴും അതിന് മാറ്റമില്ല. മുന്‍വാതിലുകള്‍ക്ക് ചാരും പൂട്ടും ഇല്ലാത്ത, സ്‌നേഹം മാത്രം നിറഞ്ഞുനില്‍ക്കുന്ന ഒരു ആശ്രമമാണ് അതെന്ന് ഞാനെപ്പോഴും എന്റെ സുഹൃത്തുക്കളോട് പറയാറുണ്ട്.

ആ വീട്ടില്‍ വെച്ചാണ് സാംസ്‌കാരിക-സാഹിത്യ-ചലച്ചിത്ര ലോകത്തെ പല പ്രമുഖരെയും ഞാന്‍ ആദ്യമായി കണ്ടത്. ജോണ്‍ എബ്രഹാം, വി.ബി.സി നായര്‍, എം.ജി.സോമന്‍, കല്ലട രാമചന്ദ്രന്‍, വിറ്റിച്ചായന്‍ തുടങ്ങി ഓര്‍ത്താല്‍ തീരാത്തത്രയും പേരെ. കൊല്ലം രാമവര്‍മ ക്ലബിലെ സൗഹൃദങ്ങള്‍ മദ്യപാനത്തിന്റെയും ചീട്ടുകളിയുടെയും സാഹിത്യസൃഷ്ടികളുടെയും ചര്‍ച്ചകളുടെയും ഒരു കാലമായിരുന്നു. ചീട്ടുകളി, സ്‌ക്രബിള്‍ എന്ന വേഡ് ഗെയിം, ചെസ് തുടങ്ങി എല്ലാത്തിലും അച്ചാച്ഛന്റെ സജീവ ഇടപെടലുകള്‍ ഉണ്ടായിരുന്നു. മുന്‍ മുഖ്യമന്ത്രി പി.കെ.വി മാമനുമായി ചീട്ടുകളിച്ചത് ഇപ്പോഴും മറക്കാനാവാത്ത ഓര്‍മയാണ്. എന്റെ കൈയ്യില്‍ നിന്നുവന്ന ഒരു അബദ്ധം കാരണം കളി തോറ്റപ്പോള്‍ ഞാന്‍ കേട്ട പഴി ഇപ്പോഴും സുഖമുള്ള ഒരു ഓര്‍മയാണ്.

എല്ലാവരെയും സ്വന്തം മക്കളെപ്പോലെ സ്‌നേഹിക്കാന്‍ കഴിയുന്ന, എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന അച്ചാച്ഛനെപ്പോലൊരു മനുഷ്യനെ പിന്നീട് ഞാനെന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല. എല്ലാ ദിവസവും ഒരു നിമിഷമെങ്കിലും അച്ചാച്ഛന്‍ എന്റെ ഓര്‍മയില്‍ ഓടിയെത്താറുണ്ട്. ആ ഒരു ഊര്‍ജം എന്നെ മുന്നോട്ടുനയിക്കുന്നു എന്നാണ് എന്റെ വിശ്വാസം.

ഈ അടുത്തകാലത്ത് എനിക്ക് വന്ന ഒരു വലിയ നഷ്ടമായിരുന്നു എന്റെ സഹോദരന്റെ മരണം. അച്ചാച്ഛന്‍ ഇല്ലാത്ത വീട്ടില്‍ അതിന് പകരമായിരുന്നു സഹോദരന്‍ ഗിരിധരന്‍. ഇപ്പോള്‍ ചില നിമിഷങ്ങളില്‍ ഒരു ഒറ്റപ്പെടല്‍ എന്നെ പിടികൂടുമ്പോള്‍ അച്ചാച്ഛന്റെ മക്കളായ രാജനും റിഷിയും എന്റെ കൂടെയുണ്ട് എന്നതാണ് എന്റെ  വലിയ ആശ്വാസം. ഞങ്ങള്‍ ആദ്യം കണ്ട നാള്‍ മുതല്‍ സുഹൃത്തുക്കളായല്ല, മറിച്ച്‌
സഹോദരങ്ങളെപ്പോലെയാണ് ജീവിച്ചത്. അതിന് കാരണമായത് രണ്ട് വലിയ മനുഷ്യസ്‌നേഹികളുടെ, രണ്ട് അമ്മമാരുടെ അളവില്ലാത്ത സ്‌നേഹമായിരുന്നു.

ഇന്നേയ്ക്ക് അച്ചാച്ഛന്‍ ഓര്‍മയായിട്ട് ആറ് വര്‍ഷമായി എന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. അദ്ദേഹത്തെക്കുറിച്ച് ഓര്‍ത്തെടുത്ത് എഴുതാനാണെങ്കില്‍ എന്റെ ജീവിതകാലം മുഴുവന്‍ എഴുതിക്കൊണ്ടേയിരിക്കേണ്ടിവരും. അത്‌
കൂടുതലും രസകരമായ ജീവിതത്തിന്റെ, സ്‌നേഹത്തിന്റെ ഇഴയടുപ്പത്തെക്കുറിച്ചായിരിക്കും. എന്റെ ഒരു ഫോണ്‍ വിളിയുടെ മറുതലയ്ക്കല്‍ ‘എന്താ മോനെ നിന്നെ കണ്ടിട്ട് ഒത്തിരി നാളായല്ലോ’ എന്ന് സങ്കടപ്പെടുന്ന അച്ചാച്ഛന്റെ ശബ്ദം ഇപ്പോഴും കാതുകളിലുള്ളതുകൊണ്ട് വിട്ടുപോയി എന്ന് ഞാന്‍ വിശ്വസിച്ചിട്ടില്ല. അദ്ദേഹം ഇപ്പോഴും എന്റെ കൂടെയുള്ളതുകൊണ്ട് ഈ എഴുതിയതെല്ലാം ഓര്‍മകള്‍ മാത്രമെയാകുന്നുള്ളൂ.

അച്ചാച്ഛനെപ്പോലുള്ളവര്‍ നല്‍കിയ ജീവിതാനുഭവങ്ങളുടെ പാഠശാലയില്‍ വളര്‍ന്ന ഞാന്‍ ഇപ്പോഴും അവരുടെയൊക്കെ ഓര്‍മകളില്‍ത്തന്നെയാണ് ജീവിക്കുന്നത്. എപ്പോള്‍ കണ്ടാലും അച്ചാച്ഛന്‍ എനിക്ക് ഒരുമ്മ തരുമായിരുന്നു. ഞാന്‍ തിരിച്ചും ഉമ്മ നല്‍കിയിരുന്നു. ആ ഉമ്മകളുടെ ഓര്‍മയില്‍ തിരിച്ചൊരു ഉമ്മ കൂടി…