മുംബൈ : ദീപാവലി ദിനങ്ങള്‍ വന്നു പോകുമെന്നും എന്നാല്‍ രാജ്യത്തെ സാമ്പത്തിക പിന്നോക്കാവസ്ഥ എന്നു തീരുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ശിവസേന. പാര്‍ട്ടി മുഖപത്രമായ സാമ്നയിലെഴുതിയ മുഖപ്രസംഗത്തിലാണ് ശിവസേന കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്.
വരുമെന്നു പറഞ്ഞ നല്ല നാളുകളുടെ (അച്ഛേ ദിന്) ദീപാവലി എവിടെയെന്ന് മോദി സര്‍ക്കാര്‍ വ്യക്തമാക്കണം. ജിഎസ്ടി, നോട്ടു നിരോധനം തുടങ്ങിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനങ്ങള്‍ക്ക് മറുപടി നല്കാന് ജനങ്ങള്‍ തയാറാകണമെന്നും സാമ്നയിലൂടെ ശിവസേന ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ സാഹചര്യങ്ങളെ കുറിച്ച് തെറ്റായ സന്ദേശമാണ് നിലവില്‍ പ്രചരിപ്പിക്കുന്നത്. നോട്ടു നിരോധനത്തിന്റെ ദുരിതങ്ങള്‍ വീണ്ടും വരാതിരിക്കാനും സമ്പാദിച്ച പണം നഷ്ടപ്പെടാതിരിക്കാനും ലക്ഷ്മി പൂജയില്‍ ജനങ്ങള്‍ പ്രാര്‍ത്ഥിക്കണമെന്നും ശിവസേന ആവശ്യപ്പെടുന്നു.
കര്‍ഷക ആത്മഹത്യകള്‍ക്ക് എന്തുകൊണ്ട് അവസാനം ഉണ്ടാകുന്നില്ല, കഴിഞ്ഞ സര്‍ക്കാര്‍ പൂര്‍ണമായും ഇല്ലാതാക്കിയ ലോഡ് ഷെഡിങ് തിരിച്ചു വന്നതെങ്ങനെ? എന്തുകൊണ്ടാണ് രാജ്യത്ത് വ്യവസായങ്ങള്‍ തകര്‍ന്നു കൊണ്ടിരിക്കുന്നത്? തൊഴിലില്ലായ്മ വര്ധിച്ചുകൊണ്ടിരിക്കുന്നതെങ്ങനെയാണ്? രാജ്യത്തെ തകര്‍ച്ചയുടെ ചിത്രങ്ങള്‍ ശിവസേന മുഖപ്രസംഗത്തിലൂടെ വിശദീകരിക്കുന്നു.