തിരുവനന്തപുരം: മോദി സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം കേരളത്തിന് 1,34,848 കോടി രൂപ ധനകാര്യ കമ്മിഷന് വിഹിതമായി അനുവദിച്ചുവെന്ന അമിത് ഷായുടെ അവകാശവാദങ്ങള്‍ പൂര്‍ണമായും തെറ്റാണെന്ന് ധനമന്ത്രി തോമസ് ഐസക്. 2015 മുതല്‍ കേരളത്തിന് അനുവദിച്ച തുക അക്കമിട്ടു നിരത്തിയാണ് ധനമന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചത്. ഈ തള്ളലൊക്കെ വല്ല യുപിയിലുമായിരുന്നെങ്കില്‍ ആരെങ്കിലുമൊക്കെ വിശ്വസിച്ചേനെയെന്നും ഇതു കേരളമാണെന്ന് അമിത് ഷായെ ഓര്‍മപ്പെടുത്താനും ഐസക് മറന്നില്ല
ഫെയ്സ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം
ബിജെപി നേതാക്കളുടെ തള്ളിനെക്കുറിച്ചുള്ള സോഷ്യല്‍ മീഡിയാ പരിഹാസം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെങ്കിലും സംഗതി ഇത്ര മാരകമായിരിക്കുമെന്ന് ഞാന്‍ കരുതിയില്ല. ആ പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്‍ തന്നെ ഇങ്ങനെ വീമ്പടിക്കുമ്പോള്‍ കേരളത്തിലെ നേതാക്കളുടെയും അണികളുടെയും അവസ്ഥ പറയാനില്ല.
അമിത് ഷായുടെ പ്രസംഗത്തില്‍ സംസ്ഥാനങ്ങള്‍ക്കുള്ള ധനകാര്യ കമ്മിഷന് വിഹിതത്തെക്കുറിച്ചു പറയുന്നതു കേള്‍ക്കൂ. മോദി വന്ന ശേഷം കേരളത്തിന് 1,34,848 കോടി തന്നുവത്രേ. 89,000 കോടിയുടെ വര്‍ധനയെന്നാണ് വെച്ചു കീച്ചിയത്.
2015-16 മുതലാണ് പതിനാലാം ധനകാര്യ കമ്മിഷന് അവാര്‍ഡ്. 2015-16ല്‍ 12,690 കോടി, 2016-17ല്‍ 15,225 കോടി, 2017-18ല്‍ പ്രതീക്ഷിക്കുന്നത് 16,891 എന്നിങ്ങനെയാണ് കേരളത്തിന്റെ ഫിനാന്‍സ് കമ്മിഷന് അവാര്‍ഡ്. ആകെ 44,806 കോടി രൂപ. അഞ്ചു വര്‍ഷം കൊണ്ട് പഞ്ചായത്തുകള്‍ക്കുള്ള 7,681.96 കോടിയും റവന്യൂ കമ്മി ഗ്രാന്റ് 9,519 കോടിയും ഡിആര്‍എഫ് 766.5 ഉം ചേര്‍ത്താല്‍ 62,773.46 കോടി രൂപയാകും. അമിത് ഷാ തട്ടിവിട്ട 1,34,848 കോടിയിലെത്തണമെങ്കില്‍ അടുത്ത രണ്ടുവര്‍ഷം കൊണ്ട് നികുതി വിഹിതം ഉള്‍പ്പെടെ 72,074.54 കോടി ലഭിക്കണം. ഇതുവരെ ആകെ കിട്ടിയതിനെക്കാള്‍ തുക ഇനി രണ്ടുവര്‍ഷം കൊണ്ടു കിട്ടും പോലും. അന്യായ തള്ളലെന്നാതെ വേറൊന്നും പറയാനില്ല.
ഇനി മറ്റൊരു കാര്യം. ധനകാര്യ കമ്മിഷന് വിഹിതം ആരുടെയും ഔദാര്യമല്ല. സംസ്ഥാനങ്ങള്‍ക്ക് ഭരണഘടനാപരമായി ലഭിക്കേണ്ട അവകാശമാണ്. പതിനാലാം ധനകാര്യ കമ്മിഷന് മോദി സര്‍ക്കാരല്ല നിശ്ചയിച്ചത്. കമ്മിഷനെ നിയോഗിച്ചത് യുപിഎ സര്‍ക്കാരാണ്. തീരുമാനവും ആ സര്‍ക്കാരിന്റെ കാലത്തു തന്നെ എടുക്കുകയും ചെയ്തിരുന്നു. അതിന്മേല് മോദിയെന്താണ് ചെയ്തത്? പദ്ധതി ധനസഹായം ഇല്ലാതാക്കി. കേന്ദ്രാവിഷ്കൃത പദ്ധതികള്‍ വെട്ടിക്കുറച്ചു. പദ്ധതികളിലൊക്കെ സംസ്ഥാനവിഹിതം വര്‍ധിപ്പിച്ചു.
ഉദാഹരണത്തിന് സര്‍വശിക്ഷാ അഭിയാനില്‍ നേരത്തെ 30 ശതമാനമായിരുന്നു സംസ്ഥാനവിഹിതം. മോദിയത് 50 ശതമാനമാക്കി. എന്‍ആര്‍എച്ച്എമ്മില്‍ 10 ശതമാനമായിരുന്ന സംസ്ഥാനവിഹിതം 40 ശതമാനമാക്കി. ആക്സിലറേറ്റഡ് ഡ്രിങ്കിംഗ് വാട്ടര്‍ സ്കീമില്‍ 10 ശതമാനം വിഹിതം 50 ശതമാനമാക്കി. ഇത്തരത്തില്‍ കേന്ദ്രപദ്ധതികളില്‍ സംസ്ഥാനങ്ങളുടെ ഭാരം വര്‍ധിപ്പിക്കുകയാണ് ചെയ്തത്. ഇത്തരത്തില്‍ പരിശോധിച്ചാല്‍ കേന്ദ്രവരുമാനത്തിന്റെ ശതമാനത്തില്‍ കണക്കാക്കിയാല്‍ സംസ്ഥാന വിഹിതത്തില്‍ വലിയ വര്ധനയൊന്നുമില്ലെന്നു കാണാന്‍ കഴിയും.
ഈ തള്ളലൊക്കെ വല്ല യുപിയിലുമായിരുന്നെങ്കില്‍ ആരെങ്കിലുമൊക്കെ വിശ്വസിച്ചേനെ. ഇതു കേരളമാണ് അമിത് ഷാ… താങ്കളുടെ തള്ളലുകളൊന്നും ഇവിടെ ചെലവാകില്ല.