മുംബൈ: യാത്രക്കാര്‍ക്ക് ഇന്ത്യന്‍ റെയില്‍വേയുടെ ദീപാവലി സമ്മാനം എന്ന പേരില്‍ പുറത്തിറക്കിയ രാജധാനി എക്സ്പ്രസ് ലക്ഷ്യസ്ഥാനത്തെത്തിയത് 47 മിനിറ്റ് വൈകി. ഡെല്‍ഹി-മുംബൈ രാജധാനി എക്സ്പ്രസ് ചൊവ്വാഴ്ച്ച നടത്തിയ ആദ്യ യാത്രയായിരുന്നു.
അധികൃതരുടെ വാഗ്ദാനമനുസരിച്ച് മുംബൈ- ഡെല്‍ഹി റൂട്ടില്‍ ഓടുന്ന മറ്റ് രാജധാനി ട്രെയിനുകളേക്കാള്‍ ചിലവ് കുറഞ്ഞതും വേഗമേറിയതുമായ തീവണ്ടി ആണ് പുതിയ രാജധാനി എക്സ്പ്രെസ്. കൂടാതെ രണ്ട് മണിക്കൂറോളം ഇതുവഴി ലാഭിക്കാമെന്നും റെയില്‍വേ വാഗ്ദാനം ചെയ്തു. എന്നാല്‍ 47 മിനിറ്റ് വൈകിയാണ് ‘വേഗതയേറിയ ഈ ട്രെയിന്‍’ മുംബൈയിലെ ബാന്ദ്ര ടെര്മിനസില് എത്തിയത്.
വാഗ്ദാനപ്രകാരം ഡല്‍ഹിയില്‍ നിന്നും മുംബൈയിലേക്ക് 14 മണിക്കൂറിനുള്ളില്‍ എത്തണം. ഇതിനിടയില്‍ കോട്ട, വഡോദര, സൂറത്ത് എന്നീ മൂന്ന് സ്റ്റോപ്പുകള്‍ മാത്രമാണുള്ളത്. എന്നാല്‍ വഡോദരയ്ക്കും റത്ലമിനും ഇടയില്‍ ട്രെയിന്‍ ഒരു മണിക്കൂറിലധികം വൈകി. എന്നാല്‍ 70 മിനിറ്റ് ലാഭിച്ചാണ് ട്രെയിന്‍ സൂറത്തിലെത്തിയത്. അതുകൊണ്ട് വൈകിയ സമയം 47 മിനിറ്റിലേക്ക് ചുരുക്കാന്‍ സാധിച്ചു.
യാത്രക്കാര്‍ക്ക് എറെ ഉപകാരപ്രദമായിരുന്നു രാവിലെ ആറ് മണിയോടെ ലക്ഷ്യസ്ഥാനങ്ങളിലെത്തുന്ന ഈ ട്രെയിന്‍. യാത്രക്കാര്‍ക്ക് നഗരങ്ങളില്‍ കൂടുതല്‍ സമയം ചിലവഴിക്കാനും ഗതാഗത തിരക്കില്‍ നിന്നും രക്ഷപ്പെടാനും ഈ ട്രെയിനിന്റെ സമയ ക്രമം സഹായിക്കും. വിമാനം നഷ്ടമായെത്തുന്ന വന്‍കിട യാത്രക്കാര്‍ ഏറെയുള്ള ഈ റൂട്ട് ഇന്ത്യന്‍ റെയില്‍വേയ്ക്ക് ഏറെ പ്രധാനപ്പെട്ടതാണ്.
ഈ ട്രെയിന്‍ ബുക്ക് ചെയ്യുന്നതിന് ഫ്ളെക്സി നിരക്കുകളൊന്നും ഈടാക്കുന്നില്ല. എങ്കിലും, ഈ റൂട്ടിലോടുന്ന മറ്റ് രാജധാനി ട്രെയിനുകളുടെ അടിസ്ഥാന നിരക്കിനേക്കാള്‍ 20 ശതമാനം അധികമാണ് പുതിയ രാജധാനി ട്രെയിന്റെ ടിക്കറ്റ് നിരക്ക്. 600 രൂപ മുതല്‍ 835 രൂപ വരെയാണ് കണ്സെഷന് ലഭിക്കുക.
മുംബൈ- ഡെല്‍ഹി സെക്കന്‍ഡ് എസിയുടെ കൂടിയ ഫ്ളെക്സി നിരക്ക് 4,105 രൂപയാകുമ്പോള്‍ പുതിയ ട്രെയിനിന് 3270 രൂപയാണ്. അതുപോലെ തേഡ് എസി ഫ്ളെക്സി നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ തേഡ് എസി ഫ്ളെക്സി നിരക്ക് 2,925ഉം ഈ ട്രെയിനിന് 2,325 ഉം ആണ്. മികച്ച വേഗം കൈവരിക്കുന്നതിനായി രണ്ട് ഇലക്ട്രിക് എഞ്ചിനുകള്‍ ഘടിപ്പിച്ച തീവണ്ടിക്ക് മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗമാണുള്ളത്.