ഐഎസ്‌ ആസ്ഥാനമായ റാഖ പിടിച്ചെടുത്തു

0
38


റാഖ: ഭീകര സംഘടനയായ ഇസ്ളാമിക്ക് സ്റ്റേറ്റിന്‍റെ സിറിയയിലെ ആസ്ഥാനമായ റാഖ സൈന്യം പിടിച്ചെടുത്തു. യുഎസ് പിന്തുണയുള്ള ഖുർദ്ദിഷ് അറബ് സഖ്യസേന നടത്തിയ ഒരു വർഷം നീണ്ട പോരാട്ടത്തിനൊടുവിലാണ് ഐഎസ് കേന്ദ്രം പിടിച്ചെടുത്തത്. റാഖ പിടിച്ചെടുത്തതായി സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സസ് വക്താവ് തലാൽ സിലോയാണ് ലോകത്തെ അറിയിച്ചത്.

റാഖയിലെ യുദ്ധം അവസാനിച്ചെന്നും ഇസ്ലാമിക് സ്റ്റേറ്റിന്‍റെ ഏതെങ്കിലും സ്ലീപ്പര്‍ സെല്ലുകള്‍ പ്രവർത്തിക്കുന്നുണ്ടോ എന്നത് സൈന്യം പരിശോധിക്കുകയാണെന്നും എസ് ഡി എഫ് വക്താവ് പറഞ്ഞു. റാഖയിലെ 90 ശതമാനം മേഖലയും സൈന്യത്തിന്‍റെ നിയന്ത്രണത്തിലായി കഴിഞ്ഞു. ഐഎസ് ഭീകരരെയും സൈന്യം വധിച്ചു. അന്തിമ പോരാട്ടത്തിന് ശേഷം സൈന്യം റാഖ നഗരത്തിൽ ആഹ്ലാദ പ്രകടനം നടത്തി.

2014 ലാണ് ഇസ്ലാമിക് സ്റ്റേറ്റ് റാഖ പിടിച്ചെടുത്തത്. റാഖയിൽ നിന്നുമാണ് ഐഎസ് തങ്ങളുടെ സേനയെ നയിച്ചത്. വിവിധ രാജ്യങ്ങളിൽ നിന്നും ഐഎസിലേക്ക് എത്തുന്നവരെ റാഖയിലാണ് ഐഎസ് വിന്യസിച്ചത്.
കുപ്രസിദ്ധമായ തടങ്കൽ ദൃശ്യങ്ങളും ഐഎസ് ചിത്രീകരിച്ചത് റാഖയിലെ കേന്ദ്രങ്ങളിൽ വച്ചായിരുന്നു. മൊസൂളിലെ പതനത്തിന് ശേഷം ഐഎസ് ഈ വർഷം നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയാണ് റാഖയിലേത്.