കൊച്ചിക്ക് ഗോള്‍ വിരുന്നൊരുക്കി മഞ്ഞപ്പട ക്വാര്‍ട്ടറില്‍

0
43


കൊച്ചിയില്‍: കൊച്ചിയിലെ ആയിരങ്ങള്‍ക്ക് ഗോള്‍ വിരുന്നൊരുക്കി ബ്രസീലിന്റെ മഞ്ഞപ്പട ക്വാര്‍ട്ടറില്‍ കടന്നു. പ്രീ ക്വാര്‍ട്ടറില്‍ ഹോണ്ടുറാസിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബ്രസീല്‍ അവസാന എട്ടില്‍ പ്രവേശിച്ചത്. ബ്രെണ്ണര്‍ നേടിയ രണ്ട് ഗോളിന്റെ മികവിലാണ് ബ്രസീലിന്റെ ജയം. മാര്‍കോസ് അന്റോണിയോ ആണ് മറ്റൊരു ഗോള്‍ നേടിയത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ജര്‍മനിയുമായാണ് ബ്രസീല്‍ മാറ്റുരയ്ക്കുക.

പതിനൊന്നാം മിനിറ്റില്‍ തന്നെ ആദ്യ ഗോള്‍ നേടി ബ്രസീല്‍ മത്സരത്തില്‍ മേധാവിത്വമുറപ്പിച്ചു. ഹോണ്ടുറാസ് പ്രതിരോധനിരയെ കബളിപ്പിച്ച് അലന്‍ നല്‍കിയ പാസില്‍ നിന്നാണ് ബ്രെണ്ണര്‍ സ്‌കോര്‍ ചെയ്തത്. 44-ാം മിനിറ്റില്‍ ലീഡ് രണ്ടാക്കി ഉയര്‍ത്തിയാണ് ബ്രസീല്‍ ആദ്യ പകുതിക്ക് അന്ത്യമിട്ടത്. പൗളിഞ്ഞ്യോയുടെ ത്രോപാസില്‍ നിന്ന് മാര്‍കോസ് അന്റോണിയയുടേതാണ് ഗോള്‍.

56ാം മിനിറ്റില്‍ ബ്രെണ്ണര്‍ തന്റെ രണ്ടാം ഗോളിലൂടെ ബ്രസീലിന്റെ ലീഡ് മൂന്നാക്കി ഉയര്‍ത്തുകയായിരുന്നു. വെസ്ലിയുടെ കാലില്‍ നിന്ന് വഴുതിയ പന്ത് പിന്നാലെ എത്തിയ ബ്രെണ്ണര്‍ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ഇതിനിടെ ഹോണ്ടുറാസിനും നിരവധി ഗോളവസരങ്ങള്‍ കൈവന്നെങ്കിലും ഭാഗ്യം അവരെ തുണച്ചില്ല.