തിരുവനന്തപുരം: കൊലപാതക രാഷ്ട്രീയത്തിന് ഉത്തരം പറയേണ്ടത് ആര്‍എസ്എസ് ആണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. അമിത് ഷാ സമാധാനത്തിന്റെ സുവിശേഷം പറയാന്‍ കേരളത്തിലെത്തിയത് കാട്ടുപുലി പൊന്മാനാകാന് ശ്രമിക്കുന്നതുപോലെയാണെന്നും കേന്ദ്രഭരണം ഉപയോഗിച്ചുകൊണ്ടാണ് കേരളത്തിലെ അക്രമത്തിന് അവര്‍ പ്രോല്‍സാഹനം നല്‍കുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘപരിവാര്‍ ഗോരക്ഷയുടെ പേരില്‍ 36 പേരെയാണ് കൊലപ്പെടുത്തിയത്. അതിപ്പോള്‍ കേരളത്തില്‍ നടക്കുന്നില്ല. മുഹമ്മദ് അഖ്ലാക്കിനെ കൊന്ന 15 പേര്‍ക്ക് കേന്ദ്രം ജോലി കൊടുത്തിരിക്കുകയാണ്. ഇത് അക്രമം നടത്തുന്നവര്‍ക്കുള്ള സന്ദേശമാണെന്നും കോടിയേരി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനാണ് കൊലപാതക രാഷ്ട്രീയത്തിന്റെ മുഖ്യ ഉത്തരവാദിയെന്ന ബിജെപിയുടെ പ്രചാരണം അദ്ദേഹത്തിന്റെ പ്രതിഛായ തകര്‍ക്കാനാണ്. ഇത്തരം പ്രചാരണങ്ങള്‍കൊണ്ട് സി.പി.എമ്മിനെയോ, മുഖ്യമന്ത്രിയെയോ ഒറ്റപ്പെടുത്താനാവില്ല. അതിന്റെ തെളിവാണ് വേങ്ങര ഉപതിരഞ്ഞെടുപ്പെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സോളാര്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത് ജനരക്ഷായാത്രക്ക് മങ്ങലേല്പ്പിക്കാനാണെന്ന അമിത് ഷായുടെ പരാമർശം അസംബന്ധമാണ്. സൂര്യാഘാതമേറ്റ് നില്ക്കുന്ന കോണ്‍ഗ്രസിന് ആശ്വാസം നല്‍കാനാണ് ഷാ ഇങ്ങനെ പറഞ്ഞത്. കേരളം പാകിസ്താനാണ്, ജിഹാദികളുടെ നാടാണ്, തെമ്മാടികളാണ് ഭരണം നടത്തുന്നത് തുടങ്ങിയ പ്രചാരവേലകള്‍ വിലപ്പോവില്ല. കമ്മ്യൂണിസ്റ്റുകാരുടെ കണ്ണുകള്‍ ചൂഴ്ന്നെടുക്കുമെന്നാണ് ബിജെപി നേതാവായ സരോജ് പാണ്ഡേ പറഞ്ഞത്. ആ കണ്ണുകള്‍ കൊണ്ട് ആ മാന്യവനിത എന്ത് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കണം. കുമ്മനം ഇതിനെ അനുകൂലിച്ചതാണ് അദ്ഭുതകരമെന്നും കോടിയേരി പറഞ്ഞു.
ബിജെപിയുമായി അക്രമത്തിന്റെ കാര്യത്തില്‍ മല്‍സരിക്കാന്‍ ഒരുക്കമല്ലെന്നും അവരെ ജനങ്ങളില്‍ നിന്നും ഒറ്റപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കാര്യങ്ങള്‍ വിവരിക്കാനായി 21 മുതല്‍ കേരളത്തില്‍ ഇടതുമുന്നണി റാലി നടത്തുമെന്നും 140 അസംബ്ലി മണ്ഡലങ്ങളിലും യാത്രയെത്തുമെന്നും കോടിയേരി വ്യക്തമാക്കി.