ഗുജറാത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ വിശാലസഖ്യം

0
53

ഗാന്ധിനഗര്‍: ഗുജറാത്തില്‍ കോണ്‍ഗ്രസ് നേതൃത്തില്‍ വിശാല സഖ്യത്തിന് അരങ്ങൊരുങ്ങുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നരേന്ദ്രമോദിക്കും ബി ജെ പിക്കുമെതിരെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ തത്വത്തില്‍ തീരുമാനമായി.

ജനതാദള്‍ യുണൈറ്റഡ് നേതാവ് ഛോട്ടു വാസവ, പട്ടേല്‍ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ പാടിദര്‍ നേതാവ് ഹര്‍ദിക് പട്ടേല്‍, ഒ ബി സി നേതാവ് അല്‍പേഷ് ഠാക്കൂര്‍, ദളിത് പ്രവര്‍ത്തകന്‍ ജിഗ്നേഷ് മേവാനി തുടങ്ങിയവര്‍ ഗുജറാത്തിലെ കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ചകള്‍ ആരംഭിച്ചതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

സഖ്യം രൂപവത്കരിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും സീറ്റ് വിഭജനത്തില്‍ ഉള്‍പ്പെടെ ഇത് പ്രതിഫലിക്കുമെന്നും ഗുജറാത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വെളിപ്പെടുത്തി.
ഗുജറാത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അശോക് ഗെഹ് ലോട്ട്, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭരത് സോളങ്കി എന്നിവരുമായി ഛോട്ടു വാസവ സീറ്റ് വിഭജന ചര്‍ച്ചകള്‍ നടത്തും. കഴിഞ്ഞ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ അഹമ്മദ് പട്ടേലിനായിരുന്നു ഛോട്ടു വാസവ വോട്ട് ചെയ്തത്.

നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍നിന്നു പിരിഞ്ഞ, ശരദ് യാദവ് നേതൃത്വം നല്‍കുന്ന ജനതാദള്‍ യുണൈറ്റഡ് വിഭാഗത്തിന്റെ ഗുജറാത്തിലെ പ്രമുഖനായ നേതാവാണ് ഛോട്ടു. രാഹുല്‍ ഗാന്ധിയുടെ അടുത്ത ഗുജറാത്ത് സന്ദര്‍ശനത്തോടെ വിശാലസഖ്യത്തിന്റെ കാര്യത്തില്‍ തീരുമാനമുണ്ടായേക്കും. നവംബര്‍ ആദ്യവാരമാണ് രാഹുല്‍ ദക്ഷിണഗുജറാത്ത് സന്ദര്‍ശനത്തിനായി നീക്കിവച്ചിരിക്കുന്നത്. ഗുജറാത്തില്‍ വിജയം ഉറപ്പെന്ന് അവകാശപ്പെട്ടിരുന്ന ബിജെപിയുടെ നില ഇതോടെ പരുങ്ങലിലാകുമെന്നാണ് സൂചന