തോമസ് ചാണ്ടി രാജിയിലേക്കോ? നാളെ കളക്ടറുടെ റിപ്പോര്‍ട്ട് വരാനിരിക്കേ അവധി തേടി മന്ത്രി

0
64

തിരുവനന്തപുരം: ലേക്ക് പാലസ് റിസോര്‍ട്ടിലെ അനധികൃത നിര്‍മാണം, മാര്‍ത്താണ്ഡം കായല്‍ കയ്യേറ്റം ഉള്‍പ്പെടെയുള്ള വിവാദങ്ങളില്‍ ആരോപണ വിധേയനായ ഗതാഗതമന്ത്രി തോമസ് ചാണ്ടി അവധിയില്‍ പ്രവേശിക്കാന്‍ മുഖ്യമന്ത്രിയോട് അനുമതി തേടി. ചികിത്സാര്‍ത്ഥം വിദേശത്ത് പോകാന്‍ അവധി ആവശ്യപ്പെട്ടാണ് തോമസ് ചാണ്ടി മുഖ്യമന്ത്രിക്ക് കത്തു നല്‍കിയത്.

തോമസ് ചാണ്ടിക്കെതിരായ ലേക് പാലസ് കയ്യേറ്റവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് കളക്ടര്‍ അനുപമ നാളെ റവന്യു മന്ത്രിക്ക് കൈമാറാനിരിക്കെയാണ് തോമസ് ചാണ്ടി അവധി തേടിയത്. അടുത്ത മാസം ആദ്യം മുതല്‍ പതിനഞ്ചുവരെയാണ് മന്ത്രി അവധി തേടിയിരിക്കുന്നത്.

ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ തോമസ് ചാണ്ടിയുടെ റിസോര്‍ട്ടില്‍ നടത്തിയ പരിശോധനയില്‍ നേരത്തെ ഉണ്ടായിരുന്ന ഭൂഘടനയ്ക്ക് മാറ്റം സംഭവിച്ചതായി കളക്ടര്‍ വ്യക്തമാക്കിയിരുന്നു. ഭൂ നിയമങ്ങളുടെ ലംഘനം നടന്നിട്ടുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടിരുന്നു.
കളക്ടറുടെ റിപ്പോര്‍ട്ട് അന്തിമമല്ലെന്നും ആരോപണങ്ങള്‍ തെറ്റെന്ന് തെളിയിക്കുമെന്നായിരുന്നു മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചത്.
എന്നാല്‍ രാജി പ്രഖ്യാപനത്തിന് മുന്‍പുളള അവധി തേടലാണ് മന്ത്രിയുടേതെന്ന് വിലയിരുത്തപ്പെടുന്നു. രാജിക്കാര്യം മുഖ്യമന്ത്രി തീരുമാനിക്കട്ടെ എന്ന രീതിയില്‍ വിട്ടുകൊടുക്കാനുളള തോമസ് ചാണ്ടിയുടെ അടവാണിതെന്ന് വ്യാഖ്യാനിക്കപ്പെടുന്നു,