തുടരെ തിരിച്ചടികള്‍; ജനരക്ഷായാത്ര നനഞ്ഞ പടക്കമായത് ഇങ്ങിനെ!

0
424

തിരുവനന്തപുരം: ബിജെപി ദേശീയ നേതൃത്വം വളരെ ആലോചനാപൂര്‍വ്വം കേരളത്തില്‍ നടപ്പിലാക്കിയ ജനരക്ഷായാത്ര ചീറ്റിപ്പോയതെങ്ങിനെ? യാത്ര നനഞ്ഞ പടക്കമായത് എങ്ങിനെയെന്ന കാര്യം ആലോചനാമൃതമാകുമ്പോള്‍ പ്രതിക്കൂട്ടിലാകുന്നത് ബിജെപി സംസ്ഥാന നേതൃത്വം തന്നെയാണ്.

കോടികള്‍ കൈമറിഞ്ഞ മെഡിക്കല്‍ കോളേജ് കോഴ വിവാദം തന്നെയാണ് ജനരക്ഷായാത്രയുടെ ചരമക്കുറിപ്പിന് ഇടയാക്കിയത്. ബിജെപിക്ക് നേരെയുള്ള സിപിഎം ആക്രമണ പരമ്പര ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചാവിഷയമാക്കി കേരളത്തിലെ ഇടത് ഭരണത്തെ പ്രതിസന്ധിയില്‍ നിന്ന് പ്രതിസന്ധിയിലേക്ക് നയിക്കുകയായിരുന്നു യാത്രയുടെ മുഖ്യ ലക്ഷ്യം. സിപിഎം ആക്രമണ പരമ്പരയ്ക്കെതിരെ ജനവികാരം ആളിക്കത്തിക്കുക എന്നും യാത്ര ലക്ഷ്യംവെച്ചു. പക്ഷെ യാത്രയുടെ തുടക്കം കുറിച്ച് ഒരുക്കങ്ങള്‍ ആരംഭിച്ചപ്പോള്‍ തന്നെ അകമ്പടിയായി മെഡിക്കല്‍ കോളേജ് കോഴ വിവാദവും എത്തി. അതും കോടികളുടെ കോഴ വിവാദം. സ്വകാര്യ മെഡിക്കല്‍ കോളെജിനു അനുമതി നല്‍കാന്‍ ബിജെപിയുടെ സംസ്ഥാന നേതാക്കള്‍ അഞ്ചുകോടി  അറുപതു ലക്ഷം രൂപ കോഴ വാങ്ങി എന്നായിരുന്നു ആരോപണം. കേന്ദ്രത്തില്‍ ഭരണം നടത്തുന്ന ബിജെപി നേതൃത്വത്തെ അമ്പരപ്പിച്ച് ഈ കോഴ ഹവാല ഇടപാട് വഴി ഡല്‍ഹിയിലെ ബിജെപി ഏജന്റിനു നല്‍കി എന്നും പാര്‍ട്ടി നേതാക്കള്‍ തന്നെ വെളിപ്പെടുത്തി.

ഹവാല ഇടപാട്, കോടികളുടെ അഴിമതി. പാര്‍ലമെന്‍റ് വരെ സ്തംഭിച്ചു. ബിജെപി കേന്ദ്ര ഭരണത്തില്‍ ആദ്യ പ്രതിസന്ധി സൃഷ്ടിച്ച് കോഴ വിവാദം പടര്‍ന്നു കത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്കും വരെ ഉത്തരം മുട്ടി. കാരണം കോഴ വിവാദം ഉയര്‍ത്തിയത് പ്രതിപക്ഷ പാര്‍ട്ടികള്‍ അല്ല. ബിജെപി നേതാക്കളാണ്. പരസ്പരമുള്ള ഗ്രൂപ്പ് യുദ്ധവുമായി ബന്ധപ്പെട്ടാണ് ഈ അഴിമതി അവര്‍ ദേശീയതലത്തിലേക്ക് തന്നെ വളര്‍ത്തിയത്. കോഴ വാങ്ങിയെന്ന അന്വേഷണ റിപ്പോര്‍ട്ട് ആണ് ചോര്‍ന്നത്. അതും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നിയോഗിച്ച അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് ചോര്‍ന്നതിന്റെ പേരില്‍ ബിജെപിയുടെ സംസ്ഥാന സെക്രട്ടറി വി.വി.രാജേഷിനെ ബിജെപി തന്നെ എടുത്ത് വെളിയില്‍ കളഞ്ഞു. പണം വാങ്ങിയ സഹകരണ സെല്‍ അധ്യക്ഷന്‍ ആര്‍.എസ്.വിനോദിനെ പുറത്താക്കി. പക്ഷെ പണം വാങ്ങിയ, അതുമായി ബന്ധപ്പെട്ട ഒരൊറ്റ ബിജെപി നേതാവിനെതിരെയും നടപടി വന്നില്ല.

ഇതെല്ലാം സംഭവിക്കുന്നത് ജനരക്ഷായാത്രയുടെ തുടക്കത്തില്‍. ഇതോടെ ജനരക്ഷായാത്രയ്ക്ക് നേതൃത്വം നല്‍കിയ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായ്ക്ക് തന്നെ അപകടം മണത്തു. യാത്ര അദ്ദേഹം പലതവണ മാറ്റിവെച്ചു. യാത്രയുടെ നിറം മങ്ങി. അണികള്‍ ജനങ്ങളെ സമീപിക്കാന്‍ മടിച്ചു. അഖിലേന്ത്യാ തലത്തില്‍ ആവിഷ്കരിച്ച ദീനദയാല്‍ ഉപധ്യായാ സംഘടനാ പരിപാടികള്‍ പോലും കേരളത്തില്‍ നടപ്പിലായില്ല. എല്ലാം മെഡിക്കല്‍ കോളേജ് കോഴ വിവാദം ഉയര്‍ത്തിയ അലയൊലികള്‍ കാരണം. അമിത് ഷാ തന്നെ യാത്രയ്ക്ക് സജീവമല്ലാതായി. യാത്ര തുടങ്ങിയ ഒക്ടോബര്‍ മൂന്നിന് പയ്യന്നൂരില്‍ ഒപ്പം നടന്ന അമിത് ഷാ അദ്ദേഹം തന്നെ പ്രഖ്യാപിച്ച പിണറായിയിലെ നടത്തം ഒഴിവാക്കി.

യാത്രയുടെ തുടക്കമായ ഒക്ടോബര്‍ മൂന്നിന് തന്നെ നടന്‍ ദിലീപിന് ജാമ്യം അനുവദിച്ചപ്പോള്‍ മാധ്യമ ശ്രദ്ധ അങ്ങോട്ടായി. യാത്രയുടെ തുടക്കത്തിനു മാധ്യമ ശ്രദ്ധ ലഭിച്ചില്ല. അമിത് ഷാ അന്ന് തന്നെ വിമാനം കയറി ഡല്‍ഹിക്ക് വന്നു. പിറ്റേന്നുള്ള യാത്രയ്ക്ക് അതും പിണറായി വിജയന്‍റെ സ്വന്തം നാട്ടിലുള്ള ജനരക്ഷായാത്രയ്ക്ക് ഉള്ള നടത്തത്തിനു അമിത് ഷാ വരുമോയെന്ന് തിരക്കിയപ്പോള്‍ ബിജെപി നേതൃത്വത്തിനു ഉത്തരം മുട്ടി. വരുമെന്ന് പറഞ്ഞു തത്ക്കാലം പിടിച്ചു നിന്നു. രണ്ടാം ദിവസം അമിത് ഷാ എത്താതായപ്പോള്‍ ബിജെപി വാദം പൊളിഞ്ഞു. യാത്രയ്ക്ക് മെഡിക്കല്‍ കോളേജ് വിവാദം ആദ്യ തിരിച്ചടിയായപ്പോള്‍, രണ്ടാം തിരിച്ചടി പിണറായിയില്‍ നടക്കും എന്ന് പറഞ്ഞു എത്താതിരുന്ന അമിത് ഷാ തന്നെ നല്‍കി. ഇതിനിടയില്‍ അമിത് ഷായുടെ മകന്റെ കമ്പനി കോടികളുടെ അനധികൃത വരുമാനമുണ്ടാക്കിയെന്ന ആരോപണം ദേശീയതലത്തില്‍ തന്നെ വിവാദമായതോടെ അത് ജനരക്ഷായാത്രയിലും പ്രതിഫലിച്ചു.

പിന്നീടങ്ങോട്ട് തിരിച്ചടിയോട് തിരിച്ചടി തന്നെ യാത്രയ്ക്ക് നേരിടേണ്ടി വന്നു. ഇതെന്തു യാത്രയാണ്. കണ്ടു കണ്ടങ്ങിരിക്കും യാത്രയെ പെട്ടെന്ന് കാണുന്നില്ല. ഈ യാത്ര പൊങ്ങുന്നത് ജില്ലയില്‍ വേറെ ഏതെങ്കിലും ഭാഗത്താകും. യാത്ര എന്ന് പറഞ്ഞാല്‍ കേരളം മുഴുവനും വേണം. ഇത് പൂര്‍ണ്ണയാത്രയല്ല- സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു.

ഈ ആരോപണങ്ങള്‍ക്കും ബിജെപി നേതൃത്വം മറുപടി പറഞ്ഞില്ല. യാത്രയോട് തണുത്ത സമീപനം തന്നെ എന്‍ഡിഎയിലെ പ്രമുഖ ഘടകകക്ഷിയായ ബിഡിജെഎസും നടത്തി. സഹകരിച്ചില്ല. വാഗ്ദാനം ചെയ്ത കേന്ദ്ര പദവികള്‍ നല്‍കിയില്ല. യാത്ര പരാജയപ്പെടുത്താന്‍ ആവുന്നത്ര വെള്ളാപ്പള്ളി നടനും ശ്രമിച്ചു.
ജനരക്ഷായാത്രയെക്കുറിച്ച് ചോദിച്ചപ്പോള്‍ ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞത് അത് ബിജെപി നടത്തുന്ന യാത്രയല്ലേ എന്നാണ്. അതോടുകൂടി യാത്ര എന്‍ഡിഎയുടേത് അല്ലാതെ ബിജെപിയുടേത് മാത്രമായി. ജനരക്ഷായാത്രയ്ക്ക് ബിജെപി ക്ഷണിച്ചു കൊണ്ടുവന്ന ബിജെപി മുഖ്യമന്ത്രിമാരുടെ പരാമര്‍ശങ്ങള്‍ യാത്രയ്ക്ക് കടുത്ത തിരിച്ചടി വേറെയും നല്‍കി. ആരോഗ്യ കാര്യത്തില്‍ കേരളം യുപിയെ മാതൃകയാക്കണമെന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചപ്പോള്‍ ഓക്സിജന്‍ ലഭിക്കാതെ യുപി ഗോരഖ്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ കുട്ടികള്‍ പിടഞ്ഞു മരിച്ചത് മാധ്യമങ്ങള്‍ ആയുധമാക്കി. ഒപ്പം യുഡിഎഫ്-എല്‍ഡിഎഫ് രാഷ്ട്രീയ നേതൃത്വവും പ്രസ്താവനകളുമായി രംഗത്തെത്തി. ഇതോടെ യോഗി ആദിത്യനാഥിന്റെ വരവും തിരിച്ചടിയായി. യാത്രയുടെ ഭാഗമായി പ്രസംഗിച്ച ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞത് കേരളത്തില്‍ നടക്കുന്നത് തെമ്മാടികളുടെ ഭരണമാണെന്നാണ്. രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തി ഭീകരാന്തരീക്ഷമാണ് പിണറായി സര്‍ക്കാര്‍ സൃഷ്ടിക്കുന്നതെന്നും പരീക്കര്‍ ആരോപിച്ചു. മയക്കു മരുന്ന് മാഫിയയുടെ ഭീഷണി പേടിച്ച് ഗോവയിലെ ആരോഗ്യമന്ത്രി സംസ്ഥാന ഡിജിപിക്ക് പരാതി നല്കിയതും പ്രഭാത നടത്തം ഒഴിവാക്കിയതും ചൂണ്ടിക്കാട്ടി കേരളാ ധനമന്ത്രി തോമസ്‌ ഐസക്ക് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി.

ആരോപണങ്ങള്‍ക്ക് പ്രത്യാരോപണങ്ങളുമായി സിപിഎം കേരളത്തില്‍ കളം നിറഞ്ഞു കളിച്ചപ്പോള്‍ രാഷ്ട്രീയമായി തങ്ങള്‍ ഒന്നുമല്ലെന്ന് വീണ്ടും വീണ്ടും ബിജെപി തെളിയിക്കുകയും ചെയ്തു. ഒപ്പം ഒന്നുകൂടി സംഭവിച്ചു. ബിജെപി ദേശീയ നേതാക്കളുടെ ആവര്‍ത്തിച്ചുള്ള പ്രസ്താവനകള്‍ കേരള വിരുദ്ധമെന്നു പറഞ്ഞു യുഡിഎഫ്-എല്‍ഡിഎഫ് നേതാക്കള്‍ രംഗത്ത് വന്നതില്‍ കാര്യമുണ്ടെന്നു ജനങ്ങള്‍ കൂടി തിരിച്ചറിഞ്ഞു. അതോടെ യാത്രയ്ക്കുള്ള ജനപിന്തുണ മുഴുവന്‍ ചോര്‍ന്നു പോയി. ഇത് വേങ്ങര നിയമസഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയും ചെയ്തു. ബിജെപിക്ക് 2016-ല്‍ വേങ്ങരയില്‍
ലഭിച്ച വോട്ടുകള്‍ പോലും ജനരക്ഷാ യാത്ര ശ്രദ്ധ കേന്ദ്രീകരിച്ചിട്ടും  ലഭിച്ചില്ല. കഴിഞ്ഞ തവണ വേങ്ങരയില്‍ ലഭിച്ച വോട്ടുകളില്‍ നിന്നും 1327 വോട്ടുകളുടെ കുറവാണ് ബിജെപിക്ക് ലഭിച്ചത്. 2016-ല്‍ 7055 വോട്ട് പിടിച്ച ബിജെപി ഇക്കുറി 5728 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ബിജെപി നാലാംസ്ഥാനത്തായി. ഹിന്ദു സമൂഹത്തിന്റെ വോട്ടു പോലും ബിജെപിക്ക് വേങ്ങരയില്‍ ലഭിച്ചില്ലേ എന്ന് ചോദ്യം മുഴങ്ങുകയും ചെയ്തു. എല്ലാം യാത്ര നടക്കുന്ന വേളയിലാണ് സംഭവിക്കുന്നത് എന്നതിനാല്‍ ഓരോ ദിവസവും ഓരോ തിരിച്ചടികള്‍ ഏറ്റാണ് യാത്ര മുന്നോട്ട് നീങ്ങുന്നത് എന്ന ധ്വനി സൃഷ്ടിക്കുകയും ചെയ്തു.

യാത്രയ്ക്ക് അകമ്പടിയായി വന്ന ബിജെപി ദേശീയ നേതാക്കളുടെ കേരള വിരുദ്ധ പ്രസ്താവനകള്‍ ചാനലുകളിലെ പൊളിറ്റിക്കല്‍ സറ്റയറുകള്‍ക്കും സോഷ്യല്‍ മീഡിയക്കും നിരന്തര വിഷയമായി. ട്രോളുകള്‍ പെരുമഴ പോലെ പ്രവഹിച്ചപ്പോള്‍ അതും തിരിച്ചടിയായി. യാത്ര അവസാനിക്കും മുന്‍പ് തന്നെ ശവപ്പെട്ടിയില്‍ അവസാനത്തെ ആണിയായി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡേയുടെ പ്രസ്താവന വന്നു. ജനരക്ഷായാത്ര കഴിഞ്ഞും സിപിഎം അതിക്രമം തുടര്‍ന്നാല്‍ ബിജെപി അണികള്‍ സിപിഎമ്മുകാരുടെ വീടുകളില്‍ കയറി കണ്ണുകള്‍ ചൂഴ്ന്നെടുക്കുമെന്നായിരുന്നു മഹിളാമോര്‍ച്ചയുടെ മുന്‍ ദേശീയ പ്രസിഡന്റ് കൂടിയായ സരോജ് പാണ്ഡേയുടെ പ്രസ്താവന. എല്ലാം ദേശീയ-സംസ്ഥാന മാധ്യമങ്ങള്‍ വലിയ വാര്‍ത്തയുമാക്കി. അമിത് ഷായെയും കുമ്മനത്തിനെയുമൊന്നും ഏറെ വിയര്‍പ്പിക്കാതെ ബിജെപി നിയോഗിച്ച ദേശീയ നേതാക്കള്‍ തന്നെ ഇങ്ങിനെ പലവിധത്തില്‍ യാത്രയുടെ കഥ കഴിച്ചു. ഇന്നലെ യാത്രയുടെ അവസാനം വഴിപാട് പോലെ കുറച്ച് നടന്ന അമിത് ഷാ പുത്തരിക്കണ്ടം മൈതാനിയില്‍ സിപിഎം രാഷ്ട്രീയ അതിക്രമം മുന്‍ നിര്‍ത്തി ഒരു പ്രസംഗം കൂടി നടത്തി ജനരക്ഷാ യാത്രയ്ക്ക് വിരാമമടുകയും ചെയ്തു.