ദീപാവലി ആഘോഷിച്ച്‌ ട്രംപും

0
41


വാഷിങ്‌ടണ്‍: അമേരിക്കന്‍ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപ്‌ വൈറ്റ്‌ ഹൗസില്‍ ദീപാവലി ആഘോഷിച്ചു. വൈറ്റ്‌ ഹൗസിലെ ഇന്ത്യന്‍ വംശജരായ ഉന്നത ഉദ്യോഗസ്ഥരെല്ലാം ആഘോഷച്ചടങ്ങില്‍ പങ്കെടുത്തു. അമേരിക്കന്‍ പ്രസിഡന്റിന്റെ ഓഫീസ്‌ ആയ ഓവല്‍ ഓഫീസിലായിരുന്നു ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്‌.

യു.എന്നിലെ അമേരിക്കന്‍ അംബാസിഡറായ നിക്കി ഹാലെ, ആരോഗ്യ വിഭാഗത്തിലെ ഉദ്യോഗസ്ഥ സീമ വര്‍മ, കമ്മൂണിക്കേഷന്‍ കമ്മീഷന്‍ ചെയര്‍മാന്‍ അജിത്‌ പൈ, അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി പ്രസ്‌ സെക്രട്ടറി രാജ്‌ ഷാ എന്നിവരും ട്രംപിന്റെ മകള്‍ ഇവാങ്കയും ആഘോഷത്തില്‍ പങ്കെടുത്തിരുന്നു.

ന്യൂ ജേഴ്‌സിയില്‍ ദീപാവലിയുടെ ഭാഗമായി അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തെ ട്രംപ്‌ അഭിസംബോധന ചെയ്യുകയും വിളക്ക്‌ തെളിയിക്കുകയും ചെയ്‌തു.

ഫെയ്‌സ്‌ബുക്കിലൂടെയും വൈറ്റ്‌ ഹൗസിലെ ദീപാവലി ആഘോഷത്തെക്കുറിച്ച്‌ ട്രംപ്‌ പ്രതികരിച്ചിരുന്നു. അമേരിക്കയ്‌ക്ക്‌ ഇന്ത്യന്‍ വംശജര്‍ വലിയ സംഭാവനകളാണ്‌ നല്‍കിയിട്ടുള്ളതെന്നും കല, ശാസ്‌ത്രം, വൈദ്യശാസ്‌ത്രം, വിദ്യാഭ്യാസം തുടങ്ങിയ രംഗങ്ങളിലും അമേരിക്കന്‍ സൈന്യത്തിലും അമേരിക്കയിലെ ഇന്ത്യക്കാര്‍ നല്‍കുന്ന സംഭാവനകളെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു.

ജോര്‍ജ്‌ ബുഷ്‌ അമേരിക്കന്‍ പ്രസിഡന്റായിരുന്ന കാലം മുതല്‍ക്കാണ്‌ വൈറ്റ്‌ ഹൗസിലെ ദീപാവലി ആഘോഷങ്ങള്‍ക്ക്‌ തുടക്കമായത്‌. എന്നാല്‍ ആഘോഷ പരിപാടികളില്‍ ബുഷ്‌ നേരിട്ട്‌ പങ്കെടുക്കാറില്ലായിരുന്നു. എന്നാല്‍ ഒബാമയുടെ കാലം മുതല്‍ അദ്ദേഹവും ആഘോഷങ്ങളില്‍ പങ്കെടുക്കുകയായിരുന്നു പതിവ്‌.