പാകിസ്ഥാനെ നിരീക്ഷിക്കാന്‍ ഇന്ത്യയുടെ സഹായം വേണമെന്ന് നിക്കി ഹാലെ

0
39

വാഷിങ്ടണ്‍: പാകിസ്താനെ നിരീക്ഷിക്കുന്നതില്‍ അമേരിക്കയെ സഹായിക്കാന്‍ ഇന്ത്യയ്ക്ക് കഴിയുമെന്ന് ഐക്യരാഷ്ട്രസഭയിലെ അമേരിക്കന്‍ സ്ഥാനപതി നിക്കി ഹാലെ. തീവ്രവാദികള്‍ക്ക് അഭയമൊരുക്കുന്ന പാകിസ്താനെതിരെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിലപാട് കടുപ്പിച്ചതിന് പിന്നാലെയാണ് ഹാലെയുടെ ശ്രദ്ധേയമായ പരാമര്‍ശം.

അഫ്ഗാനിസ്താനിലേയും ദക്ഷിണേഷ്യയിലേയും ഭീകരരെ പ്രതിരോധിക്കാനുള്ള പുതിയ നയത്തില്‍ ഇന്ത്യയുമായുള്ള നയതന്ത്ര പങ്കാളിത്തം മെച്ചപ്പെടുത്തുക എന്നത് പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്നും നിക്കി ഹാലെ പറഞ്ഞു.

‘പാകിസ്താനുമായി അമേരിക്ക പലപ്പോഴും സഹകരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. അത് ഞങ്ങള്‍ മാനിക്കുന്നു. പക്ഷെ അമേരിക്കക്കാരെ ലക്ഷ്യം വെക്കുന്ന തീവ്രവാദികള്‍ക്ക് സംരക്ഷണം നല്‍കുന്ന ഒരു ഭരണകൂടത്തോടും യാതൊരുവിധ സഹിഷ്ണുതയും അമേരിക്കയ്ക്ക കാണിക്കില്ല.’

‘അഫ്ഗാനിസ്താനിലെ അമേരിക്കയുടെ ഇടപെടലുകളില്‍, പ്രത്യേകിച്ചും സാമ്പത്തിക വികസന ഇടപെടലുകളില്‍ ഇന്ത്യയുടെ പങ്കാളിത്തം അമേരിക്ക പ്രതീക്ഷിക്കുന്നു. ഇതിനോടകം തന്നെ അഫ്ഗാനിസ്താന് വേണ്ടി നിരവധി കാര്യങ്ങള്‍ ഇന്ത്യ ചെയ്തിട്ടുണ്ട്. ഈ മേഖലയിലെ ഏറ്റവും നല്ല അയല്‍ക്കാര്‍ ഈ രണ്ട് രാജ്യങ്ങളാണ്.’

അഫ്ഗാനിസ്താന്റെ പുനര്‍നിര്‍മ്മാണത്തിനായുള്ള സഹകരണത്തോടൊപ്പം പാകിസ്താനില്‍ നിരീക്ഷണം നടത്താന്‍ അമേരിക്കയെ സഹായിക്കാനും ഇന്ത്യയ്ക്ക് സാധിക്കുമെന്നും ഹാലെ കൂട്ടിച്ചേര്‍ത്തു.

അമേരിക്കയ്ക്ക് ഭീഷണിയായ തീവ്രവാദികളെ ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് അമേരിക്ക ദക്ഷിണേഷ്യയിലും അഫ്ഗാനിസ്താനിലേക്കും ശ്രദ്ധയൂന്നുതെന്നും ആണവായുധങ്ങള്‍ തീവ്രവാദികളുടെ കൈവശം എത്തുന്നത് തടയാനാണ് അമേരിക്ക ശ്രമിക്കുന്നതെന്നും ആവശ്യമെങ്കില്‍ അതിനുവേണ്ടി ദേശീയ, സാമ്പത്തിക, സൈനിക, നയതന്ത്ര ഘടകങ്ങളെല്ലാം ഉപയോഗിക്കുമെന്നും. യുഎസ് ഇന്ത്യ ഫ്രണ്ട്ഷിപ് കൗണ്‍സില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെ ഹാലെ പറഞ്ഞു. തീവ്രവാദികള്‍ക്ക് സഹായം നല്‍കുന്ന നിലപാടുകള്‍ പാകിസ്ഥാന്‍ തുടരുകയാണെങ്കില്‍ അമേരിക്കന്‍ ഭരണകൂടം ഇതുവരെ നല്‍കിയിരുന്ന പിന്തുണ പാകിസ്താന് ഇനിയുണ്ടാകില്ല എന്ന വ്യക്തമായ സൂചന കൂടിയായി ഹാലെയുടെ പ്രസ്താവന വിലയിരുത്തപ്പെടുന്നു.