മോദിയുടെ വിമാനയാത്രകള്‍ക്ക് പണം നല്‍കിയതാരെന്ന് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ്

0
53

ന്യൂഡല്‍ഹി: നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടത്തിയ നൂറിലധികം ചാര്‍ട്ടേഡ് വിമാനയാത്രകള്‍ക്ക് ആരാണ് പണം നല്‍കിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. വിമാന യാത്രകള്‍ക്ക് 16.56 കോടിയോളം രൂപ ചിലവായിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നതെന്നും കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിങ് വി പറഞ്ഞു.

‘രാജ്യം അറിയാന്‍ ആഗ്രഹിക്കുന്നു, ഞങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നു, മോദിയുടെ ചാര്‍ട്ടേഡ് വിമാന യാത്രകള്‍ക്ക് പണം മുടക്കിയതാര്? 2007 ല്‍ വിവരാവകാശനിയമ പ്രകാരം നല്‍കിയ ചോദ്യത്തിന് നാളിതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ല.’ – സിങ്വി പറഞ്ഞു.

2007 ജൂലായ് ഒന്നിന് ചില വ്യവസായ പ്രമുഖര്‍ക്കൊപ്പം സ്വിറ്റ്‌സര്‍ലന്‍ഡിലേക്കും 2007 ജൂണ്‍ 16 ന് ദക്ഷിണ കൊറിയയിലേക്കും ഏപ്രിലില്‍ ജപ്പാനിലേക്കും 2006 നവംബറില്‍ ചൈനയിലേക്കും മോദി യാത്ര നടത്തിയിരുന്നുവെന്ന് വിവരാവകാശ രേഖയെ അടിസ്ഥാനമാക്കി സിങ്വി ആരോപിച്ചു.

സഞ്ജയ് ഭണ്ഡാരിയും റോബര്‍ട്ട് വദ്രയും തമ്മിലുള്ള ബന്ധം വ്യക്തമാക്കണമെന്ന് ബിജെപി കഴിഞ്ഞ ദിവസം കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിരുന്നു.

ബിജെപി നേതാക്കളോട് അടുപ്പമുള്ളയാളാണ് സഞ്ജയ് ഭണ്ഡാരിയെന്ന് വ്യോമയാന വകുപ്പുമന്ത്രി അശോക് ഗജപതി രാജുവും സഞ്ജയ് ഭണ്ഡാരിയും ഒന്നിച്ചു നില്‍ക്കുന്ന ചിത്രം ഉയര്‍ത്തിക്കാട്ടി സിങ്വി ആരോപിച്ചു. സര്‍ക്കാര്‍ പാസ്‌പോര്‍ട്ട് തടഞ്ഞുവെച്ചിട്ടുള്ള സാഹചര്യത്തില്‍ 2016 ല്‍ ഭണ്ഡാരിയ്ക്ക് എങ്ങനെ വിദേശത്തേക്ക് കടക്കാന്‍ സാധിച്ചുവെന്ന് വ്യക്തമാക്കണമെന്നും സിങ്‌വി ആവശ്യപ്പെട്ടു.