ന്യൂഡല്‍ഹി: ‘ലൈവ് ലൊക്കേഷന്‍’ എന്ന സംവിധാനവുമായി വാട്സ്ആപ്പ്. സുഹൃത്തുക്കളുമായി തത്സമയ ലൊക്കേഷന്‍ പങ്കുവെക്കാനുള്ളതാണ് ഈ പുതിയ സംവിധാനം. ഈ സൗകര്യം ഉപയോഗിച്ച് വാട്സ്ആപ്പിലെ ഒരു സുഹൃത്തുമായോ അല്ലെങ്കില്‍ ഏതെങ്കിലും ഗ്രൂപ്പുമായോ നമ്മുടെ ലൊക്കേഷന്‍ തത്സമയം പങ്കുവെക്കാം.
നിലവില്‍ വാട്സ്ആപ്പില്‍ ഷെയര്‍ ലൊക്കേഷന്‍ എന്ന ഫീച്ചര്‍ ലഭ്യമാണ്. ഇതനുസരിച്ച് സന്ദേശം അയക്കുമ്പോള്‍ എവിടെയാണോ നമ്മള് നില്‍ക്കുന്നത് ആ ലൊക്കേഷന്‍ മാത്രമേ മറ്റുള്ളവരുമായി പങ്കുവെക്കാന്‍ സാധിക്കൂ. ഇതില്‍ നിന്നും വ്യത്യസ്തമാണ് ലൈവ് ലൊക്കേഷന്‍ ഫീച്ചര്‍. ഈ ഫീച്ചര്‍ വഴി മറ്റുള്ളവരുമായി നമ്മുടെ ലൊക്കേഷന്‍ പങ്കുവെക്കുമ്പോള്‍ അവര്‍ക്ക് നമ്മുടെ ലൊക്കേഷന്‍ യഥാസമയം പിന്തുടരാന് സാധിക്കും.
ഇന്ത്യയില്‍ മാത്രം കോടിക്കണക്കിന് ഉപയോക്താക്കള്‍ വാട്സ്ആപ്പിനുണ്ട്. ആഗോളതലത്തില്‍ ദിവസേന 100 കോടി ഉപയോക്താക്കളാണ് വാട്സ്ആപ്പിനുള്ളത്. അതുകൊണ്ടുതന്നെ ഈ ഉപയോക്താക്കള്‍ക്കെല്ലാം ഏറെ ഉപകാരപ്രദമായ ഫീച്ചറുകളില്‍ ഒന്നാണ് ലൈവ് ലൊക്കേഷന്‍.
സ്ത്രീസുരക്ഷയ്ക്ക് ഈ പുതിയ ഫീച്ചര്‍ ഗുണം ചെയ്യുന്നതാണ്. സ്ത്രീകള്‍ പുറത്തുപോകുമ്പോള്‍ അവര്‍ എവിടെയെത്തിയെന്നറിയാന്‍ വീട്ടുകാര്‍ വിളിച്ചന്വേഷിക്കുകയാണ് ചെയ്യുക. എന്നാല്‍ ലൈവ് ലൊക്കേഷന്‍ ഫീച്ചര്‍ വഴി അവരുടെ സഞ്ചാര വഴി തത്സമയം അറിയാന്‍ സാധിക്കും.
യൂബര്‍, ഓല ഓണ്‍ലൈന്‍ ടാക്സി സേവനങ്ങളുടെ ആപ്ലിക്കേഷനില്‍ സമാനമായ ലൊക്കേഷന്‍ ട്രാക്കിങ് സംവിധാനമുണ്ട്. ബുക്ക് ചെയ്ത വാഹനം എവിടെയെത്തിയെന്ന് കൃത്യമായി ഈ ഫീച്ചര്‍ വഴി നമുക്ക് കാണാം. ജൂണില്‍ സ്നാപ് ചാറ്റ് ആപ്ലിക്കേഷന്‍ ‘സ്നാപ് മാപ്പ്’ എന്ന പേരില്‍ ലൊക്കേഷന്‍ ഷെയറിങ് ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു.
മറ്റ് സന്ദേശങ്ങളെ പോലെ തന്നെ എന്‍ക്രിപ്റ്റ്ഡ് ആയാണ് ലൊക്കേഷനും വാട്സ്ആപ്പില്‍ പങ്കുവെക്കപ്പെടുക. നമ്മള് തീരുമാനിക്കുന്ന ആളുകളുമായി മാത്രമേ ലൊക്കേഷന്‍ പങ്കുവെക്കപ്പെടുകയുള്ളൂ. ആവശ്യമുള്ളപ്പോള്‍ നമുക്ക് ലൊക്കേഷന്‍ ഷെയറിങ് നിര്‍ത്തുകയും ചെയ്യാം.