ന്യൂഡല്‍ഹി: ഇന്ത്യന്‍ അമ്പെയ്ത്ത് ടീം പരിശീലകന് സസ്പെന്ഷന്. ഇംഗ്ലണ്ടിന്റെ വനിതാ ടീമിനോട് മോശമായി പെരുമാറിയതിനാണ് പരിശീലകന് സസ്പെന്ഷന് നല്‍കിയത്. കോമ്പൗണ്ട് ടീം വിഭാഗത്തിന്റെ സഹപരിശീലകനായ സുനില്‍ കുമാറിനെയാണ് പുറത്താക്കിയത്. ആര്‍ച്ചറി അസോസിയേഷന് ഓഫ് ഇന്ത്യയാണ് താല്‍ക്കാലികമായി പുറത്താക്കിയത്. അര്‍ജന്റീനയില്‍ നടക്കുന്ന വേള്‍ഡ് യൂത്ത് ആര്‍ച്ചെറി ചാമ്പ്യന്‍ഷിപ്പിനിടെയാണ് സംഭവം.
അര്‍ജന്റീനയില്‍ ടീമിനൊപ്പം പോയ സുനിലിനെ അസോസിയേഷന് ടൂര്‍ണമെന്റിനിടെ തിരിച്ചുവിളിക്കുകയായിരുന്നു. എത്രയും പെട്ടെന്ന് ടീം ഹോട്ടല്‍ റൂം വെക്കേറ്റ് ചെയ്ത് അടുത്ത വിമാനത്തില്‍ തന്നെ ന്യൂഡല്‍ഹിയിലേക്ക് തിരിച്ചുവരാനായിരുന്നു അസോസിയേഷന് നിര്‍ദേശം നല്‍കിയത്. ഒക്ടോബര്‍ രണ്ടു മുതല്‍ എട്ടു വരെ റൊസാരിയയിലായിരുന്നു ലോകചാമ്പ്യന്‍ഷിപ്പ്.
ഇംഗ്ലണ്ട് ടീമംഗങ്ങളും അസോസിയേഷനും വേള്‍ഡ് ആര്‍ച്ചറി ഒഫീഷ്യല്‍സും സുനിലിനെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താക്കണമെന്ന് നിര്‍ബന്ധം പിടിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇന്ത്യന്‍ അസോസിയേഷന് പരിശീലകനെ തിരിച്ചുവിളിച്ചത്.
സുനിലിന്റെ കാര്യത്തില്‍ അന്വേഷണത്തിന് ശേഷം കൂടുതല്‍ നടപടികളിലേക്ക് നീങ്ങുമെന്ന് ഇന്ത്യന്‍ ആര്‍ച്ചറി അസോസിയേഷന് വ്യക്തമാക്കി. അതേസമയം അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ പ്രതികരിക്കാനില്ലെന്നാണ് വേള്‍ഡ് ആര്‍ച്ചറി അസോസിയേഷന്റെ നിലപാട്.