തിരുവനന്തപുരം: വിവാദങ്ങള്‍ പിന്തുടരുന്നതിനിടെ മന്ത്രി തോമസ് ചാണ്ടി അവധിയില്‍ പ്രവേശിക്കുന്നു. അടുത്ത മാസം ഒന്ന് മുതല്‍ 15 ദിവസത്തേക്കാണ് അവധിയില്‍ പ്രവേശിക്കുക. ഇക്കാലയളവില്‍ ഗതാഗത വകുപ്പിന്റെ ചുമതല മറ്റൊരു മന്ത്രിക്ക് നല്‍കാനാണ് തീരുമാനം.
ഏറെക്കാലമായി അസുഖ ബാധിതനായ മന്ത്രി ചികിത്സയ്ക്കായി വിദേശത്തേക്ക് പോകുന്നതിനാണ് അവധിയില്‍ പ്രവേശിക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. അടുത്ത നിയമസഭാ യോഗത്തിന് മുന്‍പ് മന്ത്രി തിരിച്ചെത്തുമെന്നാണ് സൂചന. ബിസിനസ് ആവശ്യങ്ങള്‍ക്കായി പലപ്പോഴും മന്ത്രി അവധിയെടുത്തിട്ടുണ്ട്. അപ്പോഴെല്ലാം മാത്യു ടി തോമസിനാണ് വകുപ്പിന്റെ ചുമതല നല്‍കിയിരുന്നത്. ഇത്തവണയും അദ്ദേഹത്തിന് തന്നെ ചുമതല നല്‍കാനാണ് സാധ്യത.
അതേസമയം, കായല്‍ നികത്തലുമായി ബന്ധപ്പെട്ട അന്തിമ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ നാളെ റവന്യൂ മന്ത്രിക്ക് സമര്‍പ്പിക്കും. തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോര്‍ട്ട് കായല്‍ സ്ഥലം മണ്ണിട്ടു നികത്തിയാണ് നിര്‍മിച്ചതെന്ന് കളക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു.