വേര്‍പാടിന് ആറു വയസ്; കാക്കനാടന്‍ വീണ്ടും ഓര്‍മ്മിക്കപ്പെടുമ്പോള്‍

0
137


തിരുവനന്തപുരം: മലയാള സാഹിത്യത്തില്‍ അറുപതുകള്‍ മുതല്‍ പിടിമുറുക്കിയ ആധുനികതയുടെ അപ്പോസ്തലനായാണ്‌ ആധുനിക മലയാള സാഹിത്യം കാക്കനാടനെ വീക്ഷിക്കുന്നത്. സര്‍ഗശക്തിയുടെ കരുത്ത് തെളിയിച്ച കാക്കനാടന്‍ രചനകള്‍ അദ്ദേഹത്തെ വീണ്ടും വീണ്ടും ഓര്‍മ്മകളിലേക്ക് കൊണ്ടുവരുന്നു.

സ്വയം കാണാനുള്ള കണ്ണാടിയായി യുവത കാക്കനാടന്റെ രചനകളെ വീക്ഷിച്ചു. മലയാള സാഹിത്യത്തിലെ ഏകാന്തപഥികനായി കാക്കനാടന്‍ നിലകൊണ്ടു. ഒരു ജിപ്സിയുടെ ആത്മാശം അദ്ദേഹത്തിന്റെ സ്വത്വബോധത്തില്‍ അന്തര്‍ലീനമായിരുന്നു. അദ്ദേഹത്തിന്റെ മിക്ക കൃതികളിലും ആ മാനസികാവസ്ഥ പ്രതിഫലിക്കുകയും ചെയ്തു.

നോവല്‍, ചെറുകഥ, യാത്രാനുഭവങ്ങള്‍ എന്നിങ്ങനെ മലയാള സാഹിത്യശാഖയിലെ വിവിധ വിഭാഗങ്ങളില്‍ നൂറ്റിനാല്പതില്‍ അധികം രചനകള്‍ കാക്കനാടന്‍റെതായി പ്രസിദ്ധീകൃതമായി.

കാക്കനാടന്‍ ഒരു പേരായല്ല. ഒരു കാലഘട്ടമായി തന്നെ നിലകൊണ്ടു. അറുപതുകളിലെ ആധുനികാവാദവുമായി മാധവന്‍ അയ്യപ്പത്തും അയ്യപ്പപ്പണിക്കരും എന്‍.എന്‍.കക്കാടും കവിതകളില്‍ നിറഞ്ഞു നിന്നപ്പോള്‍, ചെറുകഥയില്‍ ആ റോള്‍ ഏറ്റെടുത്തത് മാധവിക്കുട്ടിയും കാക്കനാടനും എം.പി.നാരായണപിള്ളയുമായിരുന്നു.

യുവതയെ വഴി തെറ്റിക്കുന്നു എന്ന് ആരോപിക്കപ്പെട്ട വിക്ഷോഭം സൃഷ്ടിക്കപ്പെട്ട രചനകളിലൂടെ നോവലുകളിലും, ചെറുകഥകളിലും കാക്കനാടന്‍ എപ്പോഴും ഒരു പടി മുന്നില്‍ നിന്നു.

മാതൃഭൂമി ഓണപ്പതിപ്പില്‍ പ്രസിദ്ധപ്പെടുത്തിയ കാലപ്പഴക്കം എന്ന ചെറുകഥയിലൂടെ കാക്കനാടന്‍ തന്റെ വരവ് അനശ്വരമാക്കി. മരണത്തിനു തൊട്ടുമുന്നില്‍ നിന്ന് ജീവിതാനുഭവങ്ങളെ ഓര്‍ത്തെടുക്കുന്ന ഒരു വൃദ്ധന്റെ സവിശേഷ മാനസിക അനുഭവങ്ങളായിരുന്നു കാലപ്പഴക്കം പറഞ്ഞത്. ഈ കഥയോടെ മലയാള സാഹിത്യത്തില്‍ കാക്കനാടന്റെ വരവ് അടയാളപ്പെടുത്തപ്പെട്ടു.

മസ്‌ക്രീനാസിന്റെ മരണവും യൂസഫ് സരായിയിലെ ചരസ് വ്യാപാരിയും ഫ്രൗ ഷൂബര്‍ട്ടും പ്രകോപനപരമായ രചനകളായി മലയാള സാഹിത്യത്തില്‍ ഇടപിടിച്ചു. ശ്രീചക്രവും നീലഗ്രഹണവും രചനാപരമായ സവിശേഷതകള്‍ കൊണ്ട് നിറഞ്ഞു നില്‍ക്കുകയും ചെയ്തു.

കേരളത്തിന്റെ സാഹിത്യരംഗത്ത് കലാപം സൃഷ്ടിച്ച രചനാ നിര്‍മ്മിതികളായിരുന്നു കാക്കനാടന്‍റെത്. ആധുനികാ വാദികളായ എഴുത്തുകാര്‍ക്ക് നില്‍ക്കാനുള്ള നിലപാട് തറ കൂടി തന്റെ രചനകള്‍ വഴി കാക്കനാടന്‍ ഉറപ്പിച്ചു.

കാക്കനാടന്റെ തൂലിക നിശ്ചലമായി ആറുവര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. കാക്കനാടന്റെ എഴുത്ത് വഴികളും, രചനാസിദ്ധികളും മലയാള സാഹിത്യത്തില്‍ ഇന്നും വേറിട്ട്‌ തന്നെ നില്‍ക്കുന്നു.