ശ്രീശാന്തിന്റെ ക്രിക്കറ്റ് ജീവിതം അവസാനിച്ചുവോ?

0
73

കെ.ശ്രീജിത്ത്
ശ്രീശാന്തിന് മുന്നില്‍ ഉയര്‍ന്ന കോടതിയുടെ വാതിലുകള്‍ ഇപ്പോഴും തുറന്നുകിടക്കുന്നതിനാല്‍ മുകളിലെ തലക്കെട്ട് ഇത്തിരി അധികമല്ലേ എന്ന് ഇത് വായിക്കുന്നവര്‍ക്ക് തോന്നാം. കഥാപുരുഷന്‍ ശ്രീശാന്ത് ആയതിനാല്‍ എന്തിലും ഒരു ഹൈപ്പര്‍ ഉണ്ടാകുമല്ലോ. ഇതും ആ ഗണത്തില്‍ കൂട്ടിയാല്‍ മതി. ‘സംഭവബഹുലം’ എന്നത് ഉപയോഗിച്ചുതേഞ്ഞ ഒരു പ്രയോഗമാണെങ്കിലും ശ്രീശാന്തിന്റെ കാര്യത്തില്‍ അത് ആവര്‍ത്തിക്കാതെ വയ്യ. ക്ഷമിക്കുക. അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഈ പ്രയോഗത്തെ സാധൂകരിക്കുന്ന ഒരു കരിയറും ജീവിതവുമാണ് കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ ശ്രീശാന്തിന് സംഭവിച്ചിട്ടുള്ളത്. 2006 ഒക്ടോബറില്‍ ശ്രീലങ്കയ്‌ക്കെതിരായ ഏകദിന മത്സരത്തില്‍ ഇന്ത്യയ്ക്കുവേണ്ടി കളിച്ചുതുടങ്ങിയത് മുതല്‍ തുടങ്ങുന്നു അത്. കളത്തിലും പുറത്തും എപ്പോഴും ‘ഹൈപ്പര്‍’ ആയിരുന്നു ശ്രീശാന്തിന്റെ പെരുമാറ്റം. എന്തിനോടും അമിത വൈകാരികത പുലര്‍ത്തി പ്രതികരിക്കുന്നതുകൊണ്ടുതന്നെ വളരെ പെട്ടെന്ന് മാധ്യമശ്രദ്ധ അദ്ദേഹത്തിലേയ്ക്ക് പതിയുകയായിരുന്നു. ഇന്ത്യന്‍ ടീമിലേയ്ക്ക് ശ്രീശാന്തിനെ തിരഞ്ഞെടുക്കാന്‍ പ്രധാനമായും കാരണമായ ചലഞ്ചര്‍ ട്രോഫി മത്സരത്തിലെ പ്രകടനത്തില്‍ പോലും അതുണ്ടായിരുന്നു. അന്ന് സാക്ഷാല്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ വിക്കറ്റ് വീഴ്ത്തിയത് അദ്ദേഹം ആഘോഷിച്ച രീതി തന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ മികച്ച ബൗളിങ് പ്രകടനം കൊണ്ട് തന്റെ ക്ലാസ് തെളിയിച്ചപ്പോഴും ശ്രീശാന്ത് വിവാദങ്ങളില്‍ ഒട്ടും പിറകിലേയ്ക്ക് പോയില്ല. ഒരു ടെസ്റ്റ് മത്സരത്തില്‍ അവസാനക്കാരനായി ഇറങ്ങി ആന്ദ്രെ നെല്ലിനെ സിക്‌സറിന് പറത്തി തന്റെ ബാറ്റിങ് ‘ആഘോഷിച്ച’ ശ്രീശാന്തിന്റെ അന്നത്തെ പ്രകടനം ഏറെ ചര്‍ച്ചാവിഷയമായിരുന്നു. സിക്‌സര്‍ അടിച്ച ശേഷം ബാറ്റ് ചുഴറ്റി നൃത്തം ചെയ്ത് ബൗളറെ വെല്ലുവിളിച്ച ആ ‘ആഘോഷം’ പിന്നീട് ബിബിസിയുടെ ലോകത്തെ ഏറ്റവും ആത്മവിശ്വാസമുള്ള പത്ത് ചെറുപ്പക്കാരില്‍ ഒരാളാക്കി ശ്രീശാന്തിനെ മാറ്റുന്നതിലാണ് കലാശിച്ചത്. പിന്നീട് ഒരു ഐ.പി.എല്‍ മത്സരശേഷം ഹര്‍ഭജന്‍സിങിന്റെ കൈയ്യില്‍ നിന്ന് അടി വാങ്ങിയപ്പോഴും വിവാദം അദ്ദേഹത്തെ ഒഴിഞ്ഞുനിന്നില്ല.

ഇങ്ങിനെ എന്തിനോടും അല്പം ‘കടന്ന്’ പ്രതികരിച്ച ശ്രീശാന്തിന്റെ പ്രകടനങ്ങള്‍ ആത്മവിശ്വാസമായി എടുത്തവരും അഹങ്കാരമായി കണ്ടവരും ധാരാളമുണ്ടായിരുന്നു. ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ ശ്രീശാന്ത് ഏറെ പക്ഷപാതിത്വം അനുഭവിച്ചിരുന്നതായി പിന്നീട് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കേരളത്തില്‍ നിന്നുള്ള ഒരു കളിക്കാരന് പകുതിയും ഉത്തരേന്ത്യക്കാര്‍ നിറഞ്ഞ ആ ഡ്രസിങ്  റൂമില്‍ നിന്ന് ഏല്‍ക്കേണ്ടിവന്ന ദുരനുഭവങ്ങളെക്കുറിച്ചായിരുന്നു അത്. ആ അനുഭവങ്ങള്‍ ശ്രീശാന്തിനെ വേദനിപ്പിച്ചിരുന്നുവെന്നും ആ ഒറ്റപ്പെടല്‍ അദ്ദേഹത്തെ ഒരു ഒറ്റയാനാക്കി മാറ്റുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നു. ഇത് ഏറെ പ്രാധാന്യമുള്ള ഒരു വസ്തുതയാണ്. ശ്രീശാന്തിന്റെ ‘ഹൈപ്പര്‍’ പെരുമാറ്റങ്ങള്‍ക്ക് പിന്നിലെ ഒരു ഘടകം ഇതുതന്നെയായിരിക്കണം. പിന്നെ ജന്മനാ തന്നെ അദ്ദേഹം കുറച്ച് ‘ആക്രമണോത്സുകത’ നിറഞ്ഞ സ്വഭാവക്കാരനായിരിക്കുക കൂടി ചെയ്തിരിക്കാം. എന്തായാലും ഇതിനൊപ്പം കുറച്ച് ‘ഞാനെന്ന ഭാവം’ കൂടി ചേര്‍ന്നതോടെ ശ്രീശാന്തിന് ‘ അഹങ്കാരി’ എന്ന ടാഗ് ജനങ്ങള്‍ക്കിടയില്‍ എളുപ്പം കിട്ടി. ഈ ടാഗിന് ശ്രീശാന്ത് കാര്യമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട് എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. ഒരിക്കല്‍ ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍ വൈകിയെത്തിയ ശ്രീശാന്ത് അവിടെ കാട്ടിക്കൂട്ടിയ കോപ്രായങ്ങളെക്കുറിച്ച് അന്നവിടെ ഉണ്ടായിരുന്ന ജയചന്ദ്രന്‍ നായര്‍ അടുത്ത ദിവസം തന്നെ കേരള കൗമുദി പത്രത്തില്‍ എഴുതിയിരുന്നു. ശ്രീശാന്തിന്റെ അച്ഛനമ്മമാര്‍ മകനെ ഉപദേശിക്കണമെന്നും അഹങ്കാരം അയാളെ എവിടെയും എത്തിക്കില്ലെന്നും ഓര്‍മിപ്പിച്ചുകൊണ്ടാണ് ജയചന്ദ്രന്‍ നായര്‍ ആ കുറിപ്പ് അവസാനിപ്പിച്ചത്. പിന്നീട് 2013ല്‍ കോഴ വിവാദത്തില്‍പ്പെട്ടപ്പോള്‍ ജയചന്ദ്രന്‍ നായരുടെ അന്നത്തെ ഓര്‍മപ്പെടുത്തല്‍ എത്ര വലുതായിരുന്നുവെന്ന് കുറച്ചുപേരെങ്കിലും ചിന്തിച്ചിരിക്കണം. ഈ ലേഖകന്‍ അസമിലെ ഗുവാഹട്ടിയില്‍ കേരളത്തിന്റെ ഒരു രഞ്ജി മത്സരം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയപ്പോള്‍ അന്നവിടെ ഉണ്ടായിരുന്ന അസമീസ് പത്രത്തിന്റെ ഒരു ഫോട്ടോഗ്രാഫര്‍ ശ്രീശാന്തിനെക്കുറിച്ച് പറഞ്ഞത് ‘ക്യാ പാഗല്‍ ലഡ്ക്കാ ഹേ’ (എന്തൊരു കിറുക്കന്‍ ചെക്കനാണ്) എന്നാണ്. കാരണം അതിനുമുമ്പ് ഒരിക്കല്‍ ആ ഫോട്ടോഗ്രാഫറുമായി ശ്രീശാന്ത് എന്തോ ഉടക്ക് ഉണ്ടാക്കിയത്രെ. അന്ന് കേരള ടീമിന്റെ പരിശീലന സമയത്ത് മൈതാനത്ത് ചെന്നപ്പോള്‍ ഇതിന് സമാനമായ ചില അനുഭവങ്ങളാണ് അവിടെ ഉണ്ടായിരുന്നവര്‍ പങ്കുവെച്ചത്. അന്ന് ദേശീയ സെലക്ടറായിരുന്ന സാബാ കരീം സന്നിഹിതനായിരുന്ന ഒരു രഞ്ജി മത്സരത്തില്‍ ഒരു ഓഫ് ബ്രേക്ക് ബൗളറായി പന്തെറിഞ്ഞ ശ്രീശാന്തിന്റെ ‘പ്രകടന’വും ഒടുവില്‍ ദിനേശ് കാര്‍ത്തിക്കിന്റെ വിക്കറ്റ് വീഴ്ത്തിയപ്പോഴുണ്ടായ ‘ആഘോഷ’വുമെല്ലാം സംസാരത്തിനിടെ കയറിവന്നു.

‘അഹങ്കാരി’ എന്ന ടാഗ് വീണതുകൊണ്ടായിരിക്കാം ശ്രീശാന്തിന്റെ പതനത്തില്‍ സന്തോഷിച്ച സാധാരണക്കാരും ഉണ്ടായത്. അങ്ങിനെയൊരു ഇമേജ് ശ്രീശാന്തിനെ പൊതുസമൂഹത്തില്‍ ഒറ്റപ്പെടുത്തി. എങ്കിലും ആ കളിക്കാരനിലെ, വ്യക്തിയിലെ പോരാട്ടവീര്യത്തെ നമ്മുക്ക് കുറച്ചുകാണാനാകില്ല. പോരാടിത്തന്നെയാണ് അദ്ദേഹം ഇന്ത്യന്‍ ടീമില്‍ വന്നതും അവിടെ നിലനിന്നതും. എങ്കിലും ചിന്തിക്കാന്‍ കഴിയാത്തത്ര പണവും പ്രശസ്തിയും വന്നപ്പോള്‍ ഒരു ചെറുപ്പക്കാരനെന്ന നിലയില്‍ ശ്രീശാന്തിന്റെ താളം തെറ്റിപ്പോയി. അത് ഒരു പരിധി വരെ അദ്ദേഹത്തിന് ശത്രുക്കളെ സൃഷ്ടിക്കുകയും ചെയ്തു. എങ്കിലും വിട്ടുകൊടുക്കാന്‍ തയ്യാറാകാത്ത ആ മനോവീര്യമാണ് അയാളെ പിടിച്ചുനിര്‍ത്തുന്നത്. വിലക്ക് തുടരുമെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി വന്നപ്പോള്‍ അദ്ദേഹം പ്രതികരിച്ച രീതി ഇതിനുള്ള തെളിവാണ്. വിടാന്‍ ഭാവമില്ല ഇനിയും പോരാടുമെന്ന് അതില്‍ വ്യക്തമായിരുന്നു. ആ പ്രതികരണത്തില്‍ അദ്ദേഹം ഉയര്‍ത്തിയ ചില ചോദ്യങ്ങള്‍ ഏറെ പ്രസക്തവുമായിരുന്നു.

അപ്പോള്‍ നിയമപോരാട്ടം ഇനിയും തുടരുമെന്ന കാര്യം ഉറപ്പാണ്. അവിടെ ശ്രീശാന്ത് ജയിക്കുമോ തോല്‍ക്കുമോ എന്ന കാര്യം കാത്തിരുന്നുകാണുക തന്നെ വേണം. നിയമപരമായി ജയിച്ചാലും തോറ്റാലും ഇനിയൊരു ക്രിക്കറ്റ് കരിയര്‍ എത്രമാത്രം സംഭവ്യമാണെന്നതില്‍ സംശയമുണ്ട്. മുപ്പതുകളുടെ മധ്യഘട്ടം പിന്നിട്ട ശ്രീശാന്ത് ക്രിക്കറ്റില്‍ ഏറെയൊന്നും മുന്നോട്ടുപോകാനും സാധ്യതയില്ല. ആ നിലയ്ക്ക് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി ഈ ലേഖനത്തിന്റെ തലക്കെട്ടിനുള്ള ഉത്തരമാകുന്നുണ്ട്.